1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2024

സ്വന്തം ലേഖകൻ: ഒട്ടേറെ ഗ്രാമങ്ങളും പട്ടണങ്ങളും മുങ്ങിപ്പോയ തെക്കൻ സ്പെയിനിലെ പ്രളയത്തിൽ മരണം 155 ആയി ഉയർന്നു. നൂറുകണക്കിനാളുകളെ കാണാതായി. വലെൻസിയ മേഖലയിലാണ് കൂടുതൽ നാശം. ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കു കുടിവെള്ളവും ഭക്ഷണവും ഹെലികോപ്റ്റർ വഴി എത്തിക്കാൻ ശ്രമം തുടങ്ങി. രക്ഷാപ്രവർത്തനത്തിനായി ആയിരത്തിലേറെ സൈനികർ രംഗത്തിറങ്ങി. ബുധനാഴ്ച മിന്നൽ പ്രളയത്തിൽ ഒഴുകിപ്പോയ നൂറുകണക്കിനു കാറുകളിൽനിന്നു മൃതദേഹങ്ങൾ സൈന്യം കണ്ടെടുത്തു.

തെക്കൻ സ്പെയിനിലെ സമൃദ്ധമായ കൃഷിയിടങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു.യൂറോപ്പിലേക്കു കയറ്റുമതി ചെയ്യുന്ന ഭക്ഷ്യോൽപന്നങ്ങൾ ഇവിടെനിന്നുള്ളതാണ്. ശക്തമായ മഴ വടക്കൻ സ്പെയിനിലേക്കും വ്യാപിച്ചിട്ടുണ്ട്. കിഴക്കൻ വലെൻസിയ മേഖലയിൽ റെഡ് അലർട്ട് തുടരുന്നു. ഈ നൂറ്റാണ്ടിൽ സ്പെയിനിലുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാണിതെന്ന് അധികൃതർ പറഞ്ഞു. മിന്നൽപ്രളയം സംബന്ധിച്ചു മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നും ആക്ഷേപമുയർന്നു.

വെള്ളം അധികമായി ഒഴുകിയെത്താന്‍ തുടങ്ങിയതോടെ വീതികുറഞ്ഞ പല തെരുവുകളും നദികള്‍ക്ക് സമാനമായി. പലവയും മരണക്കെണികളാവുകയും ചെയ്തു. ഇതുവരെയുള്ള കണക്കനുസരിച്ച് പലരെയും കാണാതായിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മരണ സംഖ്യ ഇനിയും ഉയര്‍ത്തിയേക്കാം എന്ന ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. സുനാമിക്ക് സമാനമായ ദുരന്തത്തിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

പാമയിലെ പ്രധാന വിനോദകേന്ദ്രത്തിന് ചുറ്റും ചുവപ്പ് നാടകെട്ടി സന്ദര്‍ശകരെ തടഞ്ഞിരിക്കുകയാണ്. തെരുവുകള്‍ എല്ലാം തന്നെ ഏതാണ്ട് വിജനമായി കഴിഞ്ഞു. പൊതു പാര്‍ക്കുകള്‍, ഉദ്യാനങ്ങള്‍, സെമിത്തേരികള്‍ എന്നിവയെല്ലാം തിങ്കളാഴ്ച വരെ അടച്ചിടും. ഭവനരഹിതരെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്.

അത്യാവശ്യമാണെങ്കില്‍ മാത്രമെ വീട് വിട്ടു പുറത്ത് പോകാവൂ എന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗികമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിന് സമാനമായ നടപടികളാണ് ഭരണകൂടം കൈക്കൊള്ളുന്നത്.വെറും മൂന്ന് മണിക്കൂര്‍ സമയത്തിനുള്ള മജോര്‍ക്കയുടെ പല ഭാഗങ്ങളിലും 120 മില്ലി മീറ്റര്‍ മഴ വരെ ലഭിക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.