1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2024

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): പതിനഞ്ചാമത് യുക്മ ദേശീയകലാമേള – 2024 ചരിത്രം തിരുത്തിക്കുറിക്കാൻ മൂന്നാം തവണയും കുതിരയോട്ടപ്പന്തയങ്ങൾക്ക് പ്രശസ്തിയാർജിച്ച ഗ്ലോസ്റ്റർഷെയറിലെ ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിൽ ആറു വേദികളിലായി ഇന്ന് അരങ്ങുണരുമ്പോൾ യുകെയിലെ കലാകാരൻമാരുടേയും കലാപ്രേമികളുടെയും മനസ് മന്ത്രിക്കുന്നത് “യുക്മ ദേശീയകലാമേള ” എന്ന ഒരൊറ്റ മന്ത്രം മാത്രമായിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ആയിരത്തോളം കലാകാരൻമാർ യുക്മയുടെ ആറ് റീജിയണുകളിൽ നടന്ന കലാമേളകളിലെ മാറ്റുരയ്ക്കലിൽ നിന്നും കണ്ടെടുത്ത മാണിക്യങ്ങൾ ദേശീയ തലത്തിൽ മത്സരത്തിനെത്തുമ്പോൾ വേദിയിൽ ഉയർന്ന നിലവാരവും കടുത്ത മത്സരങ്ങളുമായി തീപാറുമെന്നതിൽ സംശയമില്ല.

ഇന്ന് നവംബർ 2 ശനിയാഴ്ച നടക്കുന്ന കലാമേളയിൽ രാവിലെ 9 മണിക്ക് തന്നെ മത്സരാർത്ഥികൾ ഉത്തരവാദിത്തപ്പെട്ട തങ്ങളുടെ റീജിയണൽ ഭാരവാഹികളിൽ നിന്നും രജിസ്ട്രേഷൻ പൂർത്തിയാക്കി ചെസ്റ്റ് നമ്പർ കൈപ്പറ്റി കൃത്യം 9.30 ന് തന്നെ അവരവർ മത്സരിക്കുന്ന സ്റ്റേജുകളിലെത്തിച്ചേരണമെന്ന് യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ജനറൽ കൺവീനർ ജയകുമാർ നായർ എന്നിവർ അറിയിച്ചു. ഇതാദ്യമായി ആറ് വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക.

രാവിലെ 10.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ആഷ്ഫോർഡ് പാർലമെൻ്റംഗം സോജൻ ജോസഫ് കലാമേള ഉദ്ഘാടനം ചെയ്യും. യോഗത്തിൽ വച്ച് സോജൻ ജോസഫ് എം പി യെ യുക്മ ദേശീയ സമിതി ആദരിക്കും. യോഗത്തിന് യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് സ്വാഗതമാശംസിക്കും. ചുരുങ്ങിയ കാലം കൊണ്ട് സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച് മലയാള സിനിമയിലെ ജനപ്രിയ നായികയായ ദുര്‍ഗ്ഗ കൃഷ്ണ യുക്മ ദേശീയ കലാമേള വേദിയില്‍ സെലിബ്രറ്റി ഗസ്റ്റായി പങ്കെടുക്കും. യുക്മ ദേശീയ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും. ജനറൽ കൺവീനർ ജയകുമാർ നായർ യോഗത്തിന് നന്ദി പ്രകാശിപ്പിക്കും.

കെന്റിലെ ആഷ്ഫോഡില്‍ നിന്ന് നിര്‍ണായക ജയം കൈവരിച്ച കോട്ടയം ഓണംതുരുത്ത് സ്വദേശി സോജന്‍ ജോസഫ് കണ്‍സര്‍വേറ്റീവ് പാര്‍‌ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്താണ് പൊതുതിരഞ്ഞെടുപ്പില്‍ ജയിച്ചത്. 1799 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച സോജന്‍ ജോസഫ് ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യമലയാളി എന്ന ബഹുമതി നേടുകയുണ്ടായി. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്‍റിലെ ആഷ്ഫോർഡ് മണ്ഡലത്തിൽ കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്കാണ് സോജൻ ജോസഫ് വിരാമമിട്ടത്.

കോട്ടയം മാന്നാനം കെഇ കോളജിലെ പൂർവ വിദ്യാർഥിയാണ് സോജൻ. ബെംഗളൂരുവിൽ നിന്ന് നഴ്‌സിങ് പഠനം പൂർത്തിയാക്കിതിന് ശേഷം 2001ല്‍ യു.കെയിലെത്തിയ സോജന്‍, 22വര്‍ഷമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന നഴ്സാണ്. കെന്റ് ആൻഡ് മെഡ്വേ എൻഎച്ച്എസ് ട്രസ്റ്റിലെ മെന്റൽ ഹെൽത്ത് ഡിവിഷനിൽ ഹെഡ് ഓഫ് നഴ്സിങ് ചുമതലയുള്ള ഡയറക്ടറാണ്.

പിതാവ് ചാമക്കാലയിൽ ജോസഫ്. പരേതയായ ഏലിക്കുട്ടിയാണ് സോജന്‍റെ മാതാവ്. സോജന്‍റെ ഭാര്യ ബ്രൈറ്റ ജോസഫും നഴ്‌സ് ആണ്, വിദ്യാർഥികളായ ഹാന്ന, സാറ, മാത്യു എന്നിവരാണ് മക്കൾ.

മലായാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച് മലയാള സിനിമയിലെ ജനപ്രിയ നടിയായി ഉയരങ്ങൾ കീഴടക്കിയ ദുര്‍ഗ്ഗ കൃഷ്ണ യുക്മ ദേശീയ കലാമേള വേദിയില്‍ സെലിബ്രറ്റി ഗസ്റ്റായി എത്തിച്ചേരുമ്പോൾ കലാമേള വേദി താരപ്രഭയേകും. കോഴിക്കോട് സ്വദേശിനിയായ ദുര്‍ഗ കൃഷ്ണ ഒക്ടോബര്‍ 25 ന് ജനിച്ച, തനിക്ക് മാത്രമായ പെര്‍ഫോര്‍മന്‍സുകളിലൂടെ മലയാള സിനിമയിലെ പ്രമുഖ താരമായി മാറിയിരിക്കുകയാണ്. “ഉടല്‍,” “വൃത്തം,” “കിംഗ് ഫിഷ്,” “വിമാനം,” “ലൗ ആക്ഷന്‍ ഡ്രാമ,” “മനോരഥങ്ങള്‍” തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച്, തന്റേതായ ചുരുക്കി ചേര്‍ത്ത പാത ഒരുക്കിയ ദുര്‍ഗയെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് കൃത്യതയോടെയും സൗന്ദര്യത്തോടെയും മിഴിവോടു കൂടി അഭിനയിക്കുന്നതിലൂടെയാണ്. താരമൂല്യമേറി വരുന്ന ദുര്‍ഗ, ഇന്ന് ദക്ഷിണേന്ത്യയില്‍ സിനിമാതാരം എന്ന നിലയില്‍ മാത്രമല്ല, ശ്രദ്ധേയമായ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ ഒരു പ്രിയപ്പെട്ട വിധികര്‍ത്താവ് കൂടിയാണ്.

ദുര്‍ഗയുടെ പുതിയ ചിത്രങ്ങളില്‍ ഒന്ന്, മോഹന്‍ലാലിന്റെ “റാം”; നിര്‍മാതാവ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആക്ഷനും ത്രില്ലറുമായി മലയാള സിനിമക്ക് നല്‍കാനിരിക്കുന്ന മറ്റൊരു അപൂര്‍വ കാഴ്ചയാകും ഈ സിനിമയെന്നാണ് വിശ്വസിക്കുന്നത്.

ഇവരുടെ കലയിലും അഭിനയത്തിലും ദുര്‍ഗയുടെ തീക്ഷ്ണമായ പ്രതിഭ വളരെ ചെറുപ്പത്തില്‍ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രശസ്ത കലാമണ്ഡലം ഗുരുക്കന്മാരുടെ കീഴില്‍ പരിശീലനം നേടി, വിവിധ ഭാരതീയ നൃത്ത ശാഖകളില്‍ ഇവര്‍ കൈവശമാക്കിയ പരിചയവും പ്രതിഭയും ഒത്തുചേര്‍ന്നപ്പോള്‍ പ്രേമവും പ്രതിബദ്ധതയുയുള്ള ഒരു കലാകാരിയെയാണ് മലയാള സിനിമാ ലോകത്തിന് ലഭിച്ചത്. യുവാക്കളുടെ ആവേശമാവുകയും പ്രേക്ഷകരെ മികവുള്ള ഒരു സിനിമാറ്റിക് അനുഭവത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിന് ഇതിനോടകം ദുര്‍ഗ്ഗയ്ക്ക് സാധിച്ചിട്ടുണ്ട്.

യുക്മ ദേശീയ കലാമേള സ്പോസർ ചെയ്യുന്നത് ലൈഫ് ലൈൻ പ്രൊട്ടക്ട്, ദി ടിഫിൻ ബോക്സ്, പോൾ ജോൺ & കോ സോളിസിറ്റേഴ്സ്, മുത്തൂറ്റ് ഗ്രൂപ്പ്, ട്യൂട്ടേഴ്സ് വാലി, ഫസ്റ്റ് കോൾ, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടൻ, തെരേസാസ് ബ്യൂട്ടിക് ലണ്ടൻ, ഫ്ലോറൽ ബ്ലൂസ് തുടങ്ങിയ സ്ഥാപനങ്ങളാണ്. കലാമേളയുടെ രജിസ്ട്രേഷൻ മുതൽ റിസൽട്ട് വരെ ഏറ്റവും സുഗമമായി നടത്തുന്നതിന് സോഫ്റ്റ് വെയർ രൂപകൽപന ചെയ്ത് സപ്പോർട്ട് ചെയ്യുന്നത് മുൻ സൗത്ത് ഈസ്റ്റ് സെക്രട്ടറി കൂടിയായ ജോസ് പി.എം ൻ്റെ JMP സോഫ്റ്റ് വെയർ എന്ന സ്ഥാപനമാണ്. കലാമേളയുടെ എല്ലാ വേദികളിൽ നിന്നും തൽസമയ സംപ്രേക്ഷണം മഗ്നാ വിഷൻ ടിവി യിലൂടെ കാണാവുന്നതാണ്. എല്ലാവേദികളിലും യുക്മയുടെ ഔദ്യോഗിക ഫോട്ടോഗ്രാഫർമാരായി വേദികളിൽ നിന്നും ചിത്രങ്ങൾ പകർത്തുന്നത് ബെറ്റർ ഫ്രെയിം ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി, ജീവൻ4യു ഫോട്ടോഗ്രാഫി, KISSMYFLARE ഫോട്ടോഗ്രാഫി, AJ FRAMES ഫോട്ടോഗ്രാഫി എന്നിവരാണ്.

പതിനഞ്ചാമത് യുക്മ ദേശീയകലാമേളയിലേക്ക് മത്സരാർത്ഥികളെയും കാണികളേയും യുക്മ ദേശീയ സമിതിക്കു വേണ്ടി സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ഇവൻ്റ് കോർഡിനേറ്റർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.