സ്വന്തം ലേഖകൻ: നിർദേശിക്കപ്പെട്ട എണ്ണം സ്വദേശികളെ ജോലിക്കെടുക്കാത്ത സ്ഥാപനങ്ങൾ, വിദേശികളെ ജോലിക്കെടുക്കുകയാണെങ്കിൽ അവരിൽനിന്ന് ഉയർന്ന ലേബർ ഫീസ് ഈടാക്കണമെന്ന നിർദേശവുമായി എം.പിമാർ പാർലമെന്റിൽ.
ഹനാൻ ഫർദാന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ഇത് പാർലമെന്റ് ഗൗരവമായി ചർച്ചചെയ്യും. ബഹ്റൈനൈസേഷൻ ക്വോട്ട കൈവരിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾ വിദേശ ജീവനക്കാരനെ നിയമിക്കുമ്പോൾ ഒരു ജീവനക്കാരന് 2,500 ദീനാർ വരെ എന്ന ക്രമത്തിൽ ഉയർന്ന ലേബർ ഫീസ് ഈടാക്കാനാണ് നിർദേശം.
ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത നിരക്കാണ് ശിപാർശ ചെയ്യുന്നത്. പ്രതിമാസവേതനം 200 ദീനാർ വരെയുള്ള ഒരു തൊഴിലാളിയെ നിയമിക്കുമ്പോൾ സ്ഥാപനം 500 ദീനാർ ലേബർ ഫീസ് നൽകണം. 201നും 500നും ഇടയിൽ ശമ്പളമുള്ളവർക്ക് 1000 ദീനാർ, 501നും 800 നും ഇടയിലാണ് ശമ്പളമെങ്കിൽ 1,500 ദീനാർ.
801 മുതൽ 1,200 വരെ ശമ്പളമുള്ളവർക്ക് 2,000 ദീനാർ, 1,200ൽ കൂടുതൽ ശമ്പളമുള്ളവർക്ക് 2,500 ദീനാർ എന്നിങ്ങനെയാണ് ഫീസ് നിർദേശം.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന തൊഴിൽ ഫീസിന് പുറമെയായിരിക്കും ഇത്. ഏറ്റവും കുറഞ്ഞ സ്വദേശിവത്കരണ ശതമാനം പാലിക്കാതെ, ഒരു പ്രവാസിയെ റിക്രൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നിലവിൽ 500 ദീനാർ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇതേത്തുടർന്ന്, പുതുതായി നിയമിക്കപ്പെടുന്ന പ്രവാസി ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതായി എൽ.എം. ആർ.എ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വർധിച്ച ഫീസ് വിപണിയിൽ പ്രതിസന്ധിയുണ്ടാക്കുമെന്നും വിലക്കയറ്റത്തിന് കാരണമാകുമെന്നും വ്യക്തമാക്കി ബഹ്റൈൻ ചേംബർ ഈ നിർദേശത്തെ എതിർക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല