സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെയും വിദേശത്തേക്ക് വിനോദ യാത്രയ്ക്ക് പോകുന്നവരുടെയും എണ്ണത്തില്‍ വലിയ വര്‍ധനവാണ് സമീപ കാലത്ത് ഉണ്ടായിരിക്കുന്നത്. ഇതില്‍ തന്നെ സ്വന്തമായി വാഹനമോടിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളും കൂടുതലാണ്. എന്നാല്‍, ഇതിനായി വിവിധ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയെന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുകയെന്നത് വലിയ കാര്യമാണ്.
ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ കൂടുതലായി സഞ്ചരിക്കുന്നതും ഇന്ത്യന്‍ ലൈസന്‍സ് അംഗീകരിക്കുന്നതുമായി ഏതാനും രാജ്യങ്ങളാണിവ. ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് അമേരിക്ക. ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷത്തോളം ഇവിടെ വാഹനം ഓടിക്കാന്‍ അനുവദിക്കുന്നുണ്ട്. ലൈസന്‍സിനൊപ്പം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റും നേടിയിട്ടുണ്ടെങ്കില്‍ മറ്റ് നിയമനടപടികള്‍ നേരിടാതെ അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഡ്രൈവ് ചെയ്യാന്‍ സാധിക്കും.
കുടിയേറി പാര്‍ക്കുന്നവര്‍ താരതമ്യേന കുറവാണെങ്കിലും വിനോദസഞ്ചാരത്തിനായി മലേഷ്യ തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാര്‍ നിരവധിയാണ്. ഇന്ത്യയില്‍ സാധുവായ ഡ്രൈവിങ് ലൈസന്‍സ് ഉള്ള ഒരാള്‍ക്ക് മൂന്ന് മാസത്തേക്ക് മലേഷ്യയില്‍ ഡ്രൈവ് ചെയ്താന്‍ അനുവദിക്കുന്നുണ്ട്. അടുത്ത കാലത്തായി ഇന്ത്യയില്‍ നിന്നുള്ള നിരവധി ആളുകള്‍ കുടിയേറി പാര്‍ക്കുന്ന രാജ്യമാണ് ജര്‍മനി. ഇവിടെയും ആറ് മാസം വരെ ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ നിന്ന് കുടിയേറുന്നവരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഈ രാജ്യത്തെ ഭൂരിഭാഗം രാജ്യങ്ങളിലും ഒരുവര്‍ഷം വരെ ഇന്ത്യയിലെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, വടക്കന്‍ ഓസ്‌ട്രേലിയയില്‍ സംസ്ഥാനങ്ങളില്‍ മൂന്ന് മാസം മാത്രമേ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുവദിക്കുന്നുള്ളൂവെന്നാണ് വിവരം.
സമീപകാലത്തായി എറ്റവും അധികം ഇന്ത്യക്കാര്‍ കുടിയേറിയിട്ടുള്ള ഒരു രാജ്യമാണ് യുണൈറ്റഡ് കിങ്ണ്ടം അഥവ യു.കെ. ഇന്ത്യയിലെ ലൈസന്‍സുള്ള ഒരാള്‍ക്ക് യു.കെയില്‍ 12 മാസം വരെ വാഹനമോടിക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, വലിയ നഗരങ്ങളില്‍ വാഹനമോടിക്കുന്നതിന് ഇന്ത്യന്‍ ലൈസന്‍സിനൊപ്പം ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് കൂടി ഉള്ളത് കൂടുതല്‍ ഉപകാരപ്രദമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ മുന്‍ സ്ഥാനങ്ങളില്‍ തന്നെയുള്ള രാജ്യമാണ് ന്യുസിലാന്‍ഡ്. ഇന്ത്യയില്‍ നിന്നെത്തുന്ന ഒരാള്‍ക്ക് ഒരു വര്‍ഷം വരെ നമ്മുടെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും. ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്വീഡന്‍. ഇവിടെയും ഇന്ത്യയിലെ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ വാഹനമോടിക്കാന്‍ അനുവദിക്കുന്നുണ്ട്. സിംഗപ്പൂരിലും ഒരു വര്‍ഷം ഇന്ത്യയിലെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാനാകും.
ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസത്തിനായും കുടിയേറി പോകുന്നവരുടെയും എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. അവധി ആഘോഷിക്കാന്‍ പോകുന്നവരുമേറെയാണ്. ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് മൂന്ന് മാസം വരെ ഇവിടെ വാഹനമോടിക്കാന്‍ അനുവദിക്കുന്നുണ്ട്. യൂറോപ്യന്‍ ടൂറുകളിലെ പ്രധാന ആകര്‍ഷണമാണ് സ്‌പെയിന്‍. ഇവിടെ സഞ്ചാരിയായും കുടിയേറ്റത്തിനായും എത്തുന്ന ഇന്ത്യക്കാര്‍ക്ക് ആറ് മാസം വരെ സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല