സ്വന്തം ലേഖകൻ: കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് വിശ്വാസികൾക്ക് നേരെ ഖലിസ്ഥാൻ ആക്രമണം. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിനും വിശ്വാസികൾക്കും നേരെയാണ് ഖലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണമുണ്ടായത്. ശനിയാഴ്ചയാണ് ഖലിസ്ഥാൻ പതാകകളുമേന്തി അതിക്രമിച്ച് കയറിയ ഒരുസംഘം വിശ്വാസികളെ കൈയേറ്റം ചെയ്തത്.
വടികളുമായെത്തിയ സംഘം ക്ഷേത്രത്തിന് അകത്തും പുറത്തുമായി വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ദീപാവലി ആഘോഷങ്ങൾക്കിടെയായിരുന്നു ആക്രമണം. നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റർ അക്രമികൾ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽ ഒട്ടിച്ചു. കാനഡയിൽ ഈ വർഷം മൂന്നാമത്തെ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് ഖലിസ്ഥാൻ ആക്രമണം ഉണ്ടാകുന്നത്.
ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ഓരോ കനേഡിയനും അവരുടെ വിശ്വാസത്തെ മുറുകെ പിടിക്കാൻ പൂർണസ്വാതന്ത്ര്യമുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ എക്സിൽ കുറിച്ചു.
ഖലിസ്ഥാൻ തീവ്രവാദികൾ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണെന്ന് കനേഡിയൻ പാർലമെന്റ് അംഗം ചന്ദ്ര ആര്യ പറഞ്ഞു. ഖലിസ്ഥാനികൾ രാജ്യത്തെ നിയമസംവിധാനത്തിലും നുഴഞ്ഞുകയറിട്ടുണ്ടെന്ന് സംശയിക്കുന്നു. സുരക്ഷ ഉറപ്പാക്കാനായി കാനഡയിലെ ഹിന്ദു സമൂഹം രാഷ്ട്രീയനേതൃത്വത്തിനോട് സ്വാധീനം ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാനഡയിലെ ഹിന്ദുക്ഷേത്രങ്ങൾക്ക് സുരക്ഷ ശക്തമാക്കിയതായി പോലീസ് പറയുന്നു. എന്നാൽ ശനിയാഴ്ചയിലെ സംഭവവികാസങ്ങളിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല