1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 4, 2024

സ്വന്തം ലേഖകൻ: ജനസംഖ്യാ നിരക്ക് വര്‍ദ്ധിച്ചതോടെ വാടക വീടുകള്‍ക്കായി പിടിച്ചു പറിയാണ് നടക്കുന്നത്. വരുമാനത്തിന്റെ വലിയ പങ്കും വാടകയ്ക്ക് പോകുന്ന സ്ഥിതിയാണ്. വാടക ചെലവുകള്‍ കുതിച്ചുയരുമ്പോഴും ലോക്കല്‍ ഹൗസിംഗ് അലവന്‍സ് വര്‍ദ്ധിപ്പിക്കാത്തതില്‍ ചാന്‍സലര്‍ വിമര്‍ശനം നേരിടുന്നുണ്ട്.

ബജറ്റ് പ്രഖ്യാപനങ്ങളില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് കുറഞ്ഞ വരുമാനക്കാരായ വാടകക്കാരെ ഒരുവിധത്തിലും പരിഗണിച്ചില്ലെന്നാണ് വിമര്‍ശനം ഉയരുന്നത്. ഹൗസിംഗ് ബെനഫിറ്റ് ഇനത്തില്‍ ലഭിക്കുന്ന തുക മരവിപ്പിച്ച് നിര്‍ത്താനാണ് റേച്ചല്‍ റീവ്‌സ് തീരുമാനിച്ചത്. ഇത് സാധാരണക്കാരെ മുള്‍മുനയിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലോക്കല്‍ ഹൗസിംഗ് അലവന്‍സുകള്‍ 2026 വരെ നിലവിലെ നിരക്കുകളില്‍ തുടരുമെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി ലിസ് കെന്‍ഡാല്‍ സ്ഥിരീകരിച്ചു. എല്‍എച്ച്എയാണ് ലോക്കല്‍ നിരക്കുകള്‍ പ്രകാരം എത്ര ഹൗസിംഗ് ബെനഫിറ്റ് ലഭിക്കണമെന്ന് നിശ്ചയിക്കുന്നത്. ഒരു ദശകത്തിലേറെയായി ഉയരുന്ന വാടക ചെലവുകള്‍ക്കൊപ്പം വര്‍ദ്ധിക്കാന്‍ എല്‍എച്ച്എയ്ക്ക് സാധിച്ചിട്ടില്ല.

7 വര്‍ഷക്കാലം മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് നിരക്ക് മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യമാണ് നിരക്ക് ഉയര്‍ത്തിയത്. എന്നാല്‍ ഈ നിലയില്‍ തന്നെ തുടരാനാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തീരുമാനം കൈക്കൊണ്ടത്. ഇത് കുറഞ്ഞ വരുമാനക്കാരെ ബാധിക്കുമെന്ന് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ സീനിയര്‍ ഇക്കണോമിസ്റ്റ് കാരാ പാസിറ്റി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ലോക്കല്‍ റെന്റുകളുമായി മാച്ച് ചെയ്യുന്ന വിധം എല്‍എച്ച്എ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതിന് ശേഷം 8% വാടക വളര്‍ച്ച ഉണ്ടായി. ഇത് നിരവധി കുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്ത നിലയാണ് സൃഷ്ടിക്കുന്നത് അവര്‍ ചൂണ്ടിക്കാണിച്ചു. സാധാരണ- ഇടത്തരം കുടുംബങ്ങളുടെ പോക്കറ്റ് കാലിയാകുന്ന നടപടിയാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.