1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 5, 2024

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഉന്നത വൈദഗ്ധ്യമുള്ള പ്രവാസികളെ ആകർഷിക്കുന്നതിനുമായി പുതിയ തൊഴിൽ നയം പ്രഖ്യാപിച്ച് ഖത്തർ. 2024-2030 കാലയളവിൽ നടപ്പാക്കുന്ന ഈ നയം മൂന്ന് ഘട്ടങ്ങളിലായിരിക്കും നടപ്പാക്കുകയെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈക് അൽ മർറി വ്യക്തമാക്കി.

ഖത്തർ ദേശീയ വിഷൻ 2030ന്‍റെയും ഖത്തർ ദേശീയ വികസന പദ്ധതിയുടെയും ഭാഗമായാണ് ഈ പുതിയ നയം അവതരിപ്പിച്ചിരിക്കുന്നത്. സ്വകാര്യ മേഖലയിലെ സംഭാവന വർധിപ്പിക്കുകയും എണ്ണ ഇതര മേഖലകളിലെ സാമ്പത്തിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സ്വദേശികളുടെ തൊഴിൽ പങ്കാളിത്തം 54 ശതമാനത്തിൽ നിന്നും 58 ശതമാനമായി ഉയർത്തും. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിൽ മേഖലകളിലേക്ക് പ്രവാസികളെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ തൊഴിൽ നയത്തിലെ പ്രധാന ലക്ഷ്യമാണ്. ഇതിലൂടെ പ്രവാസികളുടെ തൊഴിൽ പങ്കാളിത്തം 20 ശതമാനത്തിൽ നിന്നും 24 ശതമാനമായി ഉയർത്തും.

ഉന്നത വൈദഗ്ധ്യമുള്ള പ്രഫഷനലുകളെയും സംരംഭകരെയും ആകർഷിക്കുന്നതിനായി ‘മുസ്തഖിൽ’ പ്രോജക്ട് വഴി പുതിയ വീസ കാറ്റഗറി അവതരിപ്പിക്കും. സ്വകാര്യ മേഖലയിൽ 16,000 പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതും തൊഴിൽ മേഖലക്കാവശ്യമായ വിദ്യഭ്യാസ, പരിശീലന പരിപാടികൾ മെച്ചപ്പെടുത്തുന്നതും തൊഴിൽ നയത്തിലെ ലക്ഷ്യങ്ങളിൽ ഒന്നാണ് .തൊഴിൽ കരാർ ലളിതമാക്കും.

പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈക് അൽ മർറി ദേശീയ തൊഴിൽ നയം അവതരിപ്പിച്ചത്. വിവിധ മന്ത്രിമാർ, തൊഴിൽ മേഖലകളിലെ പ്രമുഖരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.