സ്വന്തം ലേഖകൻ: അമേരിക്കയുടെ 47-ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 2004-ൽ ജോർജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഇലക്ടറൽ കോളേജിന് പുറമേ പോപ്പുലർ വോട്ടും നേടി പ്രസിഡന്റാവുന്നത്. വിജയത്തിനുശേഷം പാം ബീച്ച് കൗണ്ടി കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിനിടെ രണ്ട് പേരുകൾ ട്രംപ് എടുത്തുപറഞ്ഞു. ഒന്ന് ഭാവി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. മറ്റൊന്നാകട്ടെ അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷാ വാൻസും.
ഇതിൽ ഉഷാ വാൻസിനേക്കുറിച്ചും ട്രംപിന്റെ പ്രചാരണങ്ങളിൽ അവർ വഹിച്ച പങ്കിനേക്കുറിച്ചും എടുത്തുപറയണം. ഉഷ ചിലുകുറി എന്നാണ് യഥാർത്ഥ പേര്. ആന്ധ്രാപ്രദേശിലെ വട്ലൂർ ആണ് സ്വദേശം. ഇന്ത്യയിൽനിന്ന് അമേരിക്കയിൽ കുടിയേറിയ കുടുംബത്തിൽനിന്നാണ് ഉഷയുടെ വരവ്. സാൻഫ്രാൻസിസ്കോയിലായിരുന്നു ബാല്യകാലം.
യെയ്ൽ സർവകലാശാലയിൽനിന്ന് ചരിത്ര ബിരുദവും കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും നേടി. നിയമത്തിന്റെ വഴിയേ പോകാനായിരുന്നു പിന്നീട് ഉഷയുടെ തീരുമാനം. തിരഞ്ഞെടുത്ത വഴി തെറ്റിയില്ലെന്ന് ഉഷ തെളിയിക്കുകയായിരുന്നു പിന്നീട്. സുപ്രീംകോടതി ജസ്റ്റിസ് ജോൺ റോബർട്സിനും ബ്രെറ്റ് കവനോവിനുമൊപ്പം ക്ലർക്കായി പ്രവർത്തിച്ചു. കരിയറിന്റെ തുടക്കത്തിൽത്തന്നെയായിരുന്നു ഈ പ്രവർത്തനപരിചയം എന്നതാണ് ഏറെ ശ്രദ്ധേയം.
യെയ്ൽ ലോ സ്കൂളിൽവെച്ചാണ് ജെ.ഡി. വാൻസും ഉഷയും പരിചയപ്പെടുന്നത്. ഈ പരിചയം 2014-ൽ വിവാഹത്തിൽ കലാശിച്ചു. നിയമപഠനത്തിന്റെ ഒരുവർഷം പൂർത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ അവർ ഈ സമയം. ഇവാൻ, വിവേക്, മിറാബെൽ എന്നിങ്ങനെ മൂന്നുമക്കളുണ്ട്.
പൊതുപരിപാടികളിലും മറ്റും അത്ര സജീവമായിരുന്നില്ലെങ്കിലും ഭർത്താവിൻ്റെ രാഷ്ട്രീയ യാത്രയിൽ ഉഷയുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. ഗ്രാമീണ അമേരിക്കയിലെ സാമൂഹിക സമരങ്ങളെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ ജെ.ഡി. വാൻസിനെ സഹായിക്കുന്നതിൽ ഉഷ ഒരു പ്രധാന പങ്കുവഹിച്ചു. ഇതുപിന്നീട് വാൻസിൻ്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഓർമ്മക്കുറിപ്പായ ഹിൽബില്ലി എലിജിയുടെ അടിത്തറയായി. ഈ പുസ്തകത്തെ ആസ്പദമാക്കി റോൺ ഹോവാർഡ് 2020-ൽ ഇതേപേരിൽ ഒരു സിനിമയും ഇറക്കി.
ഉഷയും ജെ.ഡി.വാൻസും ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഉഷയ്ക്ക് ആഴത്തിൽ അറിവുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞത് അമേരിക്കക്കാരനായ വ്യവസായിയും ട്രംപിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന എ.ഐ. മാഡിസണായിരുന്നു.
ഉഷ വാൻസ് വളരെ പ്രഗത്ഭയായ അഭിഭാഷകയും ഇന്ത്യൻ കുടിയേറ്റക്കാരുടെ മകളുമാണെന്നും അവരുടെ ഭർത്താവ് ട്രംപിന്റെ ടീമിലേക്ക് യുവത്വവും വൈവിധ്യവും കൊണ്ടുവരുന്നുവെന്നുമാണ് മാഡിസൺ പറഞ്ഞത്. ഉഷയ്ക്ക് ഇന്ത്യൻ സംസ്കാരത്തേക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അറിയാം. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള മഹത്തായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ അഭിഭാഷകയായ അവർ അവരുടെ ഭർത്താവിന് വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ടറല്‍ കോളേജിന് പുറമേ, പോപ്പുലര്‍ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. നേരത്തെ, 2016-ല്‍ പ്രസിഡന്റായ ട്രംപ് ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലുവര്‍ഷം പൂര്‍ത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.
2016 ന് പുറമെ 2024 ലും പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപ് എത്തുന്നതോടെ തുടര്‍ച്ചയായല്ലാതെ രണ്ടു തവണ പ്രസിഡന്റാകുന്ന രണ്ടാമനായി ട്രംപ് മാറുകയും ചെയ്തു. 127 വര്‍ഷത്തിന് ശേഷമാണ് ആ ചരിത്രം തിരുത്തപ്പെടുന്നത്. ഇതിന് മുമ്പ് മുന്‍പ് ഗ്രോവന്‍ ക്ലീന്‍ ലന്‍ഡായിരുന്നു ഈ റെക്കോര്‍ഡിന് ഉടമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല