സ്വന്തം ലേഖകൻ: ഖത്തർ ഭരണഘടനാ ഭേദഗതിയിൽ ജനഹിതം അറിയാൻ നടത്തിയ ഹിതപരിശോധനയിൽ ഭൂരിപക്ഷം വോട്ടർമാരും ഭരണഘടന ഭേദഗതിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി .ഇന്നലെ നടന്ന ഹിതപരിശോധനയിൽ 89 ശതമാനം വോട്ടർമാർ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി .9.2% പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ 1.8% വോട്ടുകൾ അസാധുവായി . 18 വയസ്സിന് മുകളിൽ പ്രായമുള്ള പൗരന്മാർക്കായിരുന്നു വോട്ട് ചെയ്യാനുള്ള യോഗ്യത ഉണ്ടായിരുന്നത്. യോഗ്യരായവരിൽ 84 ശതമാനം വോട്ടർമാരാണ് ഭരണഘടനാ ഭേദഗതി വോട്ടെടുപ്പിൽ പങ്കെടുത്തത്.
ജനഹിതം ഭരണഘടന ഭേദഗതിക്ക് അനുകൂലമായതോടെ ദേശീയ ഐക്യം പ്രഖ്യാപിച്ച് ഖത്തർ ഇന്നും നാളെയും ദേശീയ അവധി പ്രഖ്യാപിച്ചു. രാജ്യത്തെ സർക്കാർ , പൊതുമേഖല സ്ഥാപനങ്ങൾ , വിദ്യാഭ്യസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇന്നും നാളെയും അവധിയായിരിക്കും . എന്നാൽ സ്വകാര്യ സ്ഥാപനങ്ങളുടെ അവധി കാര്യത്തിൽ കൃത്യത ഉണ്ടായിട്ടില്ല . പല സ്വകാര്യ സ്ഥാപനങ്ങളും ഇന്ന് അവധി നൽകിയപ്പോൾ മറ്റു നിരവധി സ്ഥാപനങ്ങൾക്ക് ഇന്ന് പ്രവർത്തി ദിനമാണ്.
ഇന്നലെ രാവിലെ ഏഴു മണി മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ഏഴു മണിയോടെയാണ് പൂർത്തിയായത്. ഉടനെ തന്നെ വോട്ടുകൾ തരം തിരിച്ച് എണ്ണാൻ തുടങ്ങി . വോട്ടുകൾ എണ്ണിക്കഴിഞ്ഞതോടെ ഇന്നലെ രാത്രി തന്നെ ഖത്തർ ആഭ്യന്തര മന്ത്രിയും ജനറൽ റഫറണ്ടം കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ നേതൃത്വത്തിലുള്ള ജനറൽ റഫറണ്ടം കമ്മിറ്റി 2024 ലെ ഭരണഘടനാ ഭേദഗതിയുടെ കരട് സംബന്ധിച്ച ഹിതപരിശോധനയുടെ ഫലങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ചു.
ഭരണഘടന ഭേദഗതി നിലവിൽ വരുന്നതോടെ രാജ്യത്തെ ശൂറ കൗൺസിൽ ഘടനയിൽ വൻമാറ്റമാണ് സംഭവിക്കുക. നിലവിലുള്ള തിരഞ്ഞെടുപ്പ് രീതിക്ക് പകരം യോഗ്യരായ ആളുകളെ ഖത്തർ അമീർ ശൂറ കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്യും . നിലവിൽ ശൂറ കൌൺസിൽ അംഗങ്ങളിൽ മൂന്നിൽ രണ്ട് തിരഞ്ഞെടുക്കപെട്ട അംഗങ്ങളും ബാക്കി അമീർ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളും ആയിരുന്നു . ഇതിനു പുറമെ ഭരണഘടനയുടെ മറ്റു ചില ആർട്ടിക്കുകളിലും മാറ്റങ്ങൾ നിർദേശിക്കുന്നതാണ് ഈ വർഷം പ്രഖ്യാപിച്ച ഭരണഘടന ഭേദഗതി.
ഇന്നലെ നടന്ന ഹിതപരിശോധനയിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി റഫറൻഡും കമ്മിറ്റി അസ്ഥാനത്തുള്ള പോളിങ് സ്റ്റേഷനിൽ എത്തി വോട്ട് രേഖപ്പെടുത്തി. മുൻ ഖത്തർ അമീറും അമീറിന്റെ പിതാവുമായ ഫാദർ അമീർ ഹമദ് ബിൻ ഖലീഫ അൽതാനി ഹമദ് ബിൻ അലി സ്റ്റേഡിയത്തിലുള്ള പോളിങ് സ്റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഖത്തർ അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയും ഹമദ് ബിൻ അലി സ്റ്റേഡിയത്തിലുള്ള പോളിങ് സ്റ്റേഷനിലാണ് വോട്ട് ചെയ്തത്. അൽ ദുഹൈൽ സ്‌പോർട്‌സ് ക്ലബിലെ പോളിങ് സ്റ്റേഷനിലെത്തിയാണ് ഖത്തർ ആഭ്യന്തര മന്ത്രിയും റഫറണ്ടം ജനറൽ കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി വോട്ട് രേഖപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല