1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2024

സ്വന്തം ലേഖകൻ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയുമായി അബുദാബി ആസ്ഥാനമായുള്ള റീട്ടെയില്‍ ഭീമനായ ലുലു. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ലുലു റീട്ടെയില്‍ സ്ഥാപകനും ചെയര്‍മാനും നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ യൂസഫലി എംഎ പറഞ്ഞു. യുഎഇയിലും സൗദി അറേബ്യയിലുമാണ് പ്രധാനമായും പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. ഈ രണ്ട് രാജ്യങ്ങളിലെയും പ്രവാസികളുടെ വര്‍ധിച്ചുവരുന്ന ജനസംഖ്യയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

”ജിസിസി വളരെ ശക്തമായ ഒരു സമ്പദ്വ്യവസ്ഥയാണ്, ഞങ്ങള്‍ ഒരു പാന്‍ – ജിസിസി റീട്ടെയിലറാണ്. ഇവിടത്തെ ജനസംഖ്യ അനുദിനം വര്‍ധിച്ചുവരികയാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ക്ക് ഇവിടെ സാധ്യതയുണ്ട്” – എന്ന് എംഎ യൂസഫലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ 91 ലുലു റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി ലുലു റീട്ടെയില്‍ സിഇഒ സൈഫി രൂപാവാല അറിയിച്ചു. കൂടുതല്‍ റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് പുതുതായി ആരംഭിക്കുന്ന സ്റ്റോറുകളുടെ എണ്ണം 100ല്‍ എത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘നിലവില്‍ ലുലുവിന്റെ 240 സ്റ്റോറുകളിലായ 50,000 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. കൂടുതല്‍ സ്റ്റോറുകള്‍ കൂടി വരുന്നതോടെ തീര്‍ച്ചയായും തൊഴിലവസരങ്ങളും കൂടുതലായി സൃഷ്ടിക്കപ്പെടുമെന്ന് രൂപവാല പറഞ്ഞു. വരാനിരിക്കുന്ന സ്റ്റോറുകള്‍ വ്യത്യസ്ത രീതിയിലും വലുപ്പത്തിലും ഉള്ളവയായതിനാല്‍ പുതുതായി എത്ര തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് കൃത്യമായി കണക്കാക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും നിലവിലുള്ള 240 സ്റ്റോറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം കണക്കിലെടുത്താല്‍ പുതുതായി തുടങ്ങാനിരിക്കുന്ന 100 ഔട്ട്ലെറ്റുകളിലായി ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തീര്‍ച്ചയായും അനുമാനിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിവിധ രാജ്യങ്ങളിലായി ലുലു റീട്ടെയിലിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളും ലുലിവിന്റെ 240 ഔട്ട്ലെറ്റുകളിലായി പ്രതിദിനം ആറ് ലക്ഷം ഷോപ്പര്‍മാര്‍ എത്തുന്നതായാണ് കണക്കുകള്‍. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി 85 രാജ്യങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങൾ ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കുന്നുണ്ട്.

ലുലു ബ്രാന്‍ഡിലുള്ള യുഎഇ, ജിസിസി നേതാക്കളുടെ വിശ്വാസത്തെയും വിശ്വാസത്തെയും ഞങ്ങള്‍ വളരെയധികം വിലമതിക്കുന്നു. അന്താരാഷ്ട്ര, പ്രാദേശിക നിക്ഷേപകരില്‍ നിന്നുള്ള ആവശ്യത്തിന് മറുപടിയായി, ഞങ്ങളുടെ മൊത്തം ഓഹരികളുടെ 25 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി (ഐപിഒ) വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആവശ്യം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി, ഐപിഒയില്‍ ചേരാന്‍ നിക്ഷേപകര്‍ക്ക് അവസരം നല്‍കിയതായി യൂസഫലി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.