1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2024

സ്വന്തം ലേഖകൻ: ഏവരെയും ഞെട്ടിക്കുന്നതായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം. ഇത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ബ്രിട്ടീഷ് സര്‍ക്കാരിനെയാണ്. നിയോ നാസിസ്റ്റ് എന്നും മറ്റുള്ളവരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തവന്‍ എന്നുമൊക്കെ ട്രംപിനെ അവഹേളിച്ച ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമിയുടെ നടപടിയാണ് ഇപ്പോള്‍ ലേബര്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഡേവിഡ് ലാമിയെ മാറ്റിയില്ലെങ്കില്‍ ബ്രിട്ടന്‍ കടുത്ത അവഗണ നേരിടേണ്ടി വരുമെന്നാണ് അമേരിക്കന്‍ കാര്യ വിദഗ്ധനായ നൈല്‍ ഗാര്‍ഡിനര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഉഭയകക്ഷി ചര്‍ച്ചളിലും മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ട്രംപ് പരിഗണിക്കുക തികഞ്ഞ അജ്ഞനായ ഒരു വ്യക്തി എന്ന നിലയിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു. നിരവധി ലേബര്‍ നേതാക്കാള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കമല ഹാരിസിനെ സഹായിക്കാന്‍ അമേരിക്കയിലേക്ക് പോയത് ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സര്‍ കീര്‍ സ്റ്റാര്‍മറെ കെണിയിലാക്കിയിരിക്കുകയാണ്. ബന്ധം ഏറെ വഷളായിരിക്കുകയാണെന്നും ട്രംപിന്റെ ഫ്‌ലോറിഡയിലെ വസതിയിലേക്ക് സ്റ്റാര്‍മര്‍ സ്വാഗതം ചെയ്യപ്പെട്ടേക്കില്ലെന്നും ഗാര്‍ഡിനര്‍ പറഞ്ഞു.

എന്നാല്‍, ട്രംപിനെ അവഹേളിക്കാന്‍ മുന്നിട്ടു നിന്ന വിദേശ സെക്രട്ടറി ഡേവിഡ് ലാമിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിക്കൊണ്ട് നഷ്ടപ്പെട്ട ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിക്കാമെന്നും ഗാര്‍ഡിനര്‍ പറയുന്നു. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ ലേബര്‍ പൃവര്‍ത്തകരുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ ഇലക്ഷന്‍ റെഗുലേറ്ററായ ഫെഡറല്‍ ഇലക്ഷന് കമ്മീഷനു മുന്‍പില്‍ ലേബര്‍ പാര്‍ട്ടി പരാതി നല്‍കുന്നത് വരെ എത്തിച്ചിരുന്നു. എന്നാല്‍, സെപ്റ്റംബറില്‍ ഒരുമിച്ചിരുന്നുണ്ട വിരുന്നിന്റെ കഥ ഓര്‍മ്മിപ്പിച്ച് ട്രംപുമായി പ്രശ്നങ്ങള്‍ ഇല്ലെന്ന് വരുത്തി തീര്‍ക്കുകയാണ് സ്റ്റാര്‍മര്‍.

എന്നാല്‍, ഇപ്പോള്‍, ട്രംപിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം, അമേരിക്കന്‍- ബ്രിട്ടീഷ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് സ്റ്റാര്‍മര്‍ സംസാരിക്കുന്നത്. സര്‍ കീര്‍ സ്റ്റാര്‍മര്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നുള്ളതും അതേസമയം ട്രംപ് സോഷ്യലിസ്റ്റ് ആശയത്തെ കാണുന്നത് ശപിക്കപ്പെട്ട സിദ്ധാന്തം എന്ന നിലയിലാണെന്നതും ആണ് ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമാകുന്നത്. ഡൊണാള്‍ഡ് ട്രംപ് സ്റ്റാര്‍മറെ വിശ്വാസത്തിലെടുക്കും എന്ന് തനിക്ക് തോന്നുന്നില്ല എന്നും ഗാര്‍ഡിനര്‍ പറയുന്നു. പലവിധത്തിലും സ്റ്റാര്‍മറെയും ലേബര്‍ സര്‍ക്കാരിനെയും ഒരു ശല്യമായി മാത്രമെ ട്രംപ് കാണാനിടയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

മദ്ധ്യപൂര്‍വ്വേഷ്യയിലെ പ്രശ്‌നങ്ങളിലായിരിക്കും ഇരു കൂട്ടരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടുതല്‍ പ്രകടമാവുക. അടുത്തിടെ ഇസ്രയേലിന് ചില ആയുധങ്ങള്‍ നല്‍കുന്നത് ബ്രിട്ടന്‍ നിര്‍ത്തിവെച്ചിരുന്നു. അതേസമയം, ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപിന്റെത്. അതേ ആവേശത്തില്‍ തന്നെ ഇസ്രയേലിന്റെ ഇറാന്‍ ആക്രമത്തെ ട്രംപ് പിന്തുണച്ചപ്പോള്‍ അതിനെതിരെ കരുതലോടെയായിരുന്നു ബ്രിട്ടന്‍ പ്രതികരിച്ചത്. അതുപോലെ കാലാവസ്ഥാ വ്യതിയാനം, ബ്രെക്സിറ്റ് തുടങ്ങിയവയിലും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.