ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മൂന്നാം ടെസ്‌റ്റിന് ആവേശ സമനില. കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍നിര്‍ത്തിയാണ് ഇന്ത്യയും വെസ്‌റ്റിന്‍ഡീസും തമ്മില്‍ നടന്ന മൂന്നാം ടെസ്‌റ്റ് സമനിലയായത്. അവസാന പന്തുവരെ ജയിക്കുമെന്നു തോന്നിപ്പിച്ച ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്.
ആദ്യ രണ്ടു ടെസ്‌റ്റുകളും ജയിച്ച ഇന്ത്യ 2-0 ത്തിനു പരമ്പര സ്വന്തമാക്കി. ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ തിളങ്ങിയ ഓഫ് സ്‌പിന്നര്‍ ആര്‍. അശ്വിനാണ് മാന്‍ ഓഫ് ദ് മാച്ചും സീരിസും. 243 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ കളിനിര്‍ത്തുമ്പോള്‍ ഒന്‍പതു വിക്കറ്റ് നഷ്‌ടത്തില്‍ 242 എന്ന നിലയിലായിരുന്നു. ടെസ്‌റ്റ് ചരിത്രത്തില്‍ സ്‌കോര്‍ തുല്യനിലയിലാകുന്ന രണ്ടാമത്തെ മാത്രം മത്സരമാണിത്.
1996 ഡിസംബറില്‍ നടന്ന ബുലവായോ ടെസ്‌റ്റില്‍ സിംബാബ്‌വേയ്‌ക്കെതിരേ ഇംഗ്ലണ്ടാണ് ആദ്യമായി സ്‌കോറില്‍ തുല്യമാകുന്നത്. സിംബാബ്‌വേ മുന്നോട്ടു വച്ച 205 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് കളി അവസാനിക്കുമ്പോള്‍ ആറിന് 204 റണ്‍സെന്ന നിലയിലായിരുന്നു. ഇന്ത്യ 1949 ല്‍ വിന്‍ഡീസിനെതിരേ തന്നെ സമാന സാഹചര്യത്തിലെത്തിയിരുന്നു. ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 361 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ എട്ടിന് 355 റണ്‍സ് എന്ന നിലയിലായിരുന്നു കളി അവസാനിപ്പിച്ചത്.
ഇന്ത്യക്കു വേണ്ടി വീരേന്ദര്‍ സേവാഗ് (60), വിരാട് കോഹ്ലി (63), രാഹുല്‍ ദ്രാവിഡ് (33), വി.വി.എസ്. ലക്ഷ്‌മണ്‍ (31) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു. രണ്ടിന് 81 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസം ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസ് 134 റണ്‍സിന് ഓള്‍ഔട്ടായി. 47 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത പ്രഗ്യാന്‍ ഓജയും 34 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്ത അശ്വിനും ചേര്‍ന്നാണ് വിന്‍ഡീസിനെ ചുരുട്ടിയെടുത്തത്. ഡാരന്‍ ബ്രാവോ (48), ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (35) എന്നിവര്‍ മാത്രമാണ് ബൗളിംഗ് ആക്രമണം ചെറുത്തത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ 19 റണ്‍സില്‍വച്ച് ആദ്യ വിക്കറ്റ് നഷ്‌ടമായി. 12 റണ്‍സെടുത്ത ഗൗതം ഗംഭീറിനെ ഫിഡല്‍ എഡ്‌വേഡ്‌സ് വിന്‍ഡീസ് നായകന്‍ ഡാരന്‍ സാമിയുടെ കൈയിലെത്തിച്ചു. ദ്രാവിഡുമായി ചേര്‍ന്ന് സേവാഗ് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സ്‌കോര്‍ മൂന്നക്കം കടന്നു വൈകാതെ സേവാഗ് പുറത്തായി. ഒന്നാം ഇന്നിംഗ്‌സില്‍ നൂറാം സെഞ്ചുറി ആറു റണ്‍ അകലെവച്ചു നഷ്‌ടമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ രണ്ടക്കം കാണാതെ മടങ്ങി.
ആറു പന്തില്‍ മൂന്നു റണ്‍സെടുത്ത സച്ചിന്‍ മര്‍ലോണ്‍ സാമുവല്‍സിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ കിര്‍ക് എഡ്‌വേഡ്‌സിനു പിടികൊടുക്കുകയായിരുന്നു. ദ്രാവിഡും വൈകാതെ സമാനമായി പുറത്തായി. നാലിന് 113 റണ്‍സ് എന്ന നിലയിലായതോടെ ഇന്ത്യ പരുങ്ങലിലായി. വിരാട് കോഹ്ലിയും ലക്ഷ്‌മണും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. ലക്ഷ്‌മണ്‍ പുറത്തായതിനു പിന്നാലെ നായകന്‍ ധോണിയും മടങ്ങിയതോടെ സാധ്യതകള്‍ മങ്ങി. കോഹ്ലിക്കു കൂട്ടായി അശ്വിന്‍ ക്രീസിലെത്തിയതോടെ ഇന്ത്യയെ വിജയലക്ഷ്യത്തോടടുത്തു. 224 ല്‍ കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യ വീണ്ടും വിയര്‍ത്തു. അശ്വിന്‍- ഇഷാന്ത് ശര്‍മ്മ കൂട്ടുകെട്ട് സ്‌കോര്‍ ഉയര്‍ത്തി.
രണ്ടു തവണ റണ്ണൗട്ടിനെ അതിജീവിച്ച ശര്‍മയെ രാംപോള്‍ ബൗള്‍ഡാക്കിയതു വീണ്ടും പ്രതിസന്ധിയുണ്ടാക്കി. ഇഷാന്തിനു പകരം വരുണ്‍ ആരണ്‍ ക്രീസില്‍. അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്ന നിലയിലായിരുന്നു. പിന്നീടത് രണ്ടു പന്തില്‍ രണ്ടു റണ്‍സ് എന്ന നിലയിലായി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് ഒരു റണ്‍ മാത്രമേ നേടാനായുള്ളു. രണ്ടാം റണ്ണിനായി ഓടിയ അശ്വിന്‍ റണ്ണൗട്ടായി.
സ്‌കോര്‍ബോര്‍ഡ്: വെസ്‌റ്റിന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സ് 590
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 482.
വെസ്‌റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സ് – ബാരാത് സി ലക്ഷ്‌മണ്‍ ബി ഓജ 3, ബ്രാത്‌വെയ്‌റ്റ് സി സച്ചിന്‍ ബി ഓജ 35, കിര്‍ക് എഡ്‌വേഡ്‌സ് സ്‌റ്റമ്പ്‌ഡ് ധോണി ബി ഓജ 17, ഡാരന്‍ ബ്രാവോ സി ആന്‍ഡ് ബി ഓജ 48, പവല്‍ എല്‍.ബി. അശ്വിന്‍ 11, സാമുവല്‍സ് സ്‌റ്റമ്പ്‌ഡ് ധോണി ബി ഓജ 0, ബോ ബി അശ്വിന്‍ 1, സാമി സി ധോണി ബി അശ്വിന്‍ 10, രാംപോള്‍ സി സച്ചിന്‍ ബി ഓജ 0, എഡ്‌വേഡ്‌സ് നോട്ടൗട്ട് 2, ബിഷു എല്‍.ബി. അശ്വിന്‍ 0. എക്‌സ്ട്രാസ്: 7. ആകെ(57.2 ഓവറില്‍) 134 ന് എല്ലാവരും പുറത്ത്.
വിക്കറ്റ്‌വീഴ്‌ച: 1-6, 2-30, 3-91, 4-112, 5-112, 6-117, 7-120, 8-129, 9-134, 10-134.
ബൗളിംഗ്: ഓജ 27-5-47-6, ശര്‍മ 8-2-15-0, വരുണ്‍ 4-0-23-0, അശ്വിന്‍ 15.2-0-34-4, സേവാഗ് 2-0-3-0, സച്ചിന്‍ 1-0-5-0.
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്- ഗംഭീര്‍ സി സാമി ബി ഫിഡല്‍ എഡ്‌വേഡ്‌സ് 12, സേവാഗ് സി സാമി ബി ബിഷു 60, ദ്രാവിഡ് സി സബ് ബി സാമുവല്‍സ് 33, സച്ചിന്‍ സി കിര്‍ക് എഡ്‌വേഡ്‌സ് ബി സാമുവല്‍സ് 3, ലക്ഷ്‌മണ്‍ സി ബാരാത് ബി രാംപോള്‍ 31, കോഹ്ലി സി സാമി ബി ബിഷു 63, ധോണി സി കിര്‍ക് എഡ്‌വേഡ്‌സ് ബി രാംപോള്‍ 13, അശ്വിന്‍ റണ്ണൗട്ട് 14, ഇഷാന്ത് ശര്‍മ ബി രാംപോള്‍ 10, വരുണ്‍ നോട്ടൗട്ട് 2. എക്‌സ്ട്രാസ്: 1.ആകെ(64 ഓവറില്‍) ഒന്‍പതിന് 242. വിക്കറ്റ്‌വീഴ്‌ച: 1-19, 2-101, 3-106, 4-113, 5-165, 6-189, 7-224, 8-239, 9-242. ബൗളിംഗ്: ഫിഡല്‍ എഡ്‌വേഡ്‌സ് 7-0-28-1, രാംപോള്‍ 16-1-56-3, സാമുവല്‍സ് 25-0-93-2, ബിഷു 16-0-65-2.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല