സ്വന്തം ലേഖകൻ: പ്രവാസികളെ നിയമിക്കുന്നതിൽ ശക്തമായ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും കുവൈറ്റിലെ പ്രവാസികൾ ഉൾപ്പെടെയുള്ള തൊഴിൽ ജനസംഖ്യ 2.5 ശതമാനം കണ്ട് വർധിച്ചതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കുവൈറ്റിലെ ഏറ്റവും പുതിയ തൊഴിൽ സേനാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരമാണിത്.
2024 ൻ്റെ രണ്ടാം പാദം അവസാനത്തോടെ ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ ആകെ 29.27 ലക്ഷം തൊഴിലാളികളാണ് കുവൈറ്റിലുള്ളത്. 2023 ൽ രണ്ടാം പാദം അവസാനത്തോടെ 28.77 ലക്ഷം തൊഴിലാളികളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. കുവൈറ്റിലെ മൊത്തം തൊഴിൽ ശക്തിയുടെ ഏകദേശം 26.9 ശതമാനം ഗാർഹിക തൊഴിലാളികളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഏകദേശം 786,000 ഗാർഹിക തൊഴിലാളികൾ രാജ്യത്ത് ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ.
പുതിയ കണക്കുകൾ പ്രകാരം സർക്കാർ മേഖലയിലെ കുവൈത്ത് ജീവനക്കാരുടെ എണ്ണം 377,500 ആണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 0.5 ശതമാനത്തിൻ്റെ വർധനവാണുണ്ടായത്. സ്വകാര്യ മേഖലയിലെ കുവൈത്ത് ജീവനക്കാരുടെ എണ്ണം 74,100 ആണ്. കഴിഞ്ഞ വർഷം ഇത് 71,400 ആയിരുന്നു. പൊതുമേഖലയിൽ 83.6 ശതമാനവും സ്വകാര്യമേഖലയിൽ 16.4 ശതമാനവുമാണ് കുവൈത്ത് ജീവനക്കാരുടെ നിരക്ക്.
ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെയുള്ള പ്രവാസി ജീവനക്കാരുടെ എണ്ണം എടുത്താൽ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ. 883,000 തൊഴിലാളികളാണ് ഇന്ത്യക്കാർ. 2023 രണ്ടാം പാദത്തിൻ്റെ അവസാനത്തിൽ ഇത് 870,000 ആയിരുന്നു. അതായത് കുവൈത്ത് തൊഴിലാളികൾ ഉൾപ്പെടെ മൊത്തം തൊഴിൽ ശക്തിയുടെ 30.2 ശതമാനവും മൊത്തം വിദേശ തൊഴിലാളികളുടെ 35.7 ശതമാനവും ഇന്ത്യക്കാരാണ്.
ഇന്ത്യക്കാർ കഴിഞ്ഞാൽ ഈജിപ്ഷ്യൻ തൊഴിലാളികളാണ് എണ്ണത്തിൻ്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. ആകെ 475,000 തൊഴിലാളികളാണ് ഈജിപ്തിൽ നിന്നുള്ളത്. 2023 ൽ ഇത് 482,000 ആയിരുന്നു. ഇന്ത്യക്കാരും ഈജിപ്തുകാരും കഴിഞ്ഞ് മൂന്നാം സ്ഥാനത്താണ് കുവൈത്ത് തൊഴിൽ ശക്തി വരുന്നത്. 268,000 തൊഴിലാളികളുമായി ബംഗ്ലാദേശികൾ നാലാം സ്ഥാനത്തും 228,000 തൊഴിലാളികളുമായി ഫിലിപ്പീൻസ് അഞ്ചാം സ്ഥാനത്തുമാണ്.
പൊതുമേഖലയിലെ കുവൈറ്റിലെ പുരുഷ തൊഴിലാളികളുടെ ശരാശരി പ്രതിമാസ വേതനം 1,966 ദിനാറാണ്. 2023 ൽ ഇത് 1,950 ദിനാറായിരുന്നു. കുവൈത്ത് സ്ത്രീ ജീവനക്കാരുടെ ശരാശരി വേതനം 1,387 ദിനാറാണ്. 2023 ൽ ഇത് 1,362. ദിനാറായിരുന്നു. അതേ സമയം പൊതുമേഖലയിലെ പ്രവാസി പുരുഷ ജീവനക്കാരുടെ പ്രതിമാസ ശമ്പള ശരാശരി 807 ദിനാറും സ്ത്രീകളുടേത് 724 ദിനാറുമാണ്. 2023 ൽ ഇത് യഥാക്രമം 795 ഉം 705 ഉം ദിനാറായിരുന്നു.
സ്വകാര്യമേഖലയിലെ കുവൈത്ത് പുരുഷന്മാരുടെ പ്രതിമാസ വേതന ശരാശരി 1,648 ദിനാറും കുവൈത്ത് സ്ത്രീകളുടെ വേതന ശരാശരി 1,075 ദിനാറുമാണ്. കഴിഞ്ഞ വർഷം ഇത് 1,618 ദിനാറും 1,045 ദിനാറുമായിരുന്നു. അതേ സമയം, സ്വകാര്യമേഖലയിലെ പ്രവാസി പുരുഷന്മാരുടെ പ്രതിമാസ ശരാശരി വേതനം 310 ദിനാറും പ്രവാസി സ്ത്രീകളുടെ ശരാശരി പ്രതിമാസ വേതനം 425 ദിനാറുമാണ്. കഴിഞ്ഞ വർഷം ഇത് 311 ദിനാറും 430 ദിനാറുമായിരുന്നു. അതായത്വ പ്രവാസികളുടെ ശമ്പളം കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല