സ്വന്തം ലേഖകൻ: ഞായറാഴ്ച മുതല്‍ ആര്‍ക്ടിക് പ്രദേശത്തുനിന്നുള്ള വായു പ്രവാഹം ആരംഭിച്ചതോടെ ബ്രിട്ടന്റെ പല ഭാഗങ്ങളിലും ശിശിരകാലത്തിന്റെ ആദ്യ സൂചനകള്‍ ദൃശ്യമാകുന്നുണ്ട്. എന്നാല്‍, ഇത്തവണ ശിശിരകാലം നേരത്തെയാകും എന്നതില്‍ വിദഗ്ധര്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായങ്ങളാണുള്ളത്.
ചില പ്രവചന മാതൃകകള്‍, കടുത്ത തണുപ്പേറിയ മഞ്ഞുനിറഞ്ഞ ദിനങ്ങള്‍ പ്രവചിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ പൊതുവെ ഒരു അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഈ വരുന്ന വാരാന്ത്യത്തിലും അടുത്ത ആഴ്ചയിലും വടക്കന്‍ കാറ്റ് എത്തുമെന്നതിന്റെ ശക്തമായ സൂചനകള്‍ ലഭിക്കുന്നുണ്ട്. ഇത് ആര്കക്ടിക്കിലെ തണുത്ത വായുപ്രവാഹത്തെ ബ്രിട്ടനില്‍ എത്തിക്കുകയും താപനില ശരാശരിയില്‍ താഴെയാക്കുകയും ചെയ്യും.
ഉദാഹരണത്തിന് വരുന്ന ഞായറാഴ്ച ബ്രിട്ടനിലെ ശരാശരി താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസിനും എട്ടു ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. അതുകൊണ്ടു തന്നെ തിങ്കളാഴ്ച രാവിലെ വ്യാപകമായ മൂടല്‍മഞ്ഞ് ഉണ്ടാകും.
മറ്റൊരു കാര്യം, ഈ നവംബറില്‍ ഇതുവരെ, ആന്റി സൈക്ലോണിക് ഗ്ലൂമിന്റെ പ്രഭാവത്താല്‍ ഉണ്ടായിരുന്ന മങ്ങിയ കാലാവസ്ഥ മാറി, തെളിഞ്ഞ കാലാവസ്ഥ ഈയാഴ്ചയില്‍ ഉണ്ടാകാന്‍ ഇടയുണ്ട് എന്നതാണ്. അടുത്തയാഴ്ച സ്കോട്ട്ലാന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല