1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 14, 2024

സ്വന്തം ലേഖകൻ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസർക്കാർ. ന്യൂഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി ​കെ.വി തോമസിന്റെ കത്തിനാണ് കേന്ദ്രസർക്കാർ മറുപടി നൽകിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് ഇക്കാര്യം അറിയിച്ചത്.

എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് മാനദണ്ഡങ്ങൾ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചുവെന്നും നിത്യാനന്ദ റായി വ്യക്തമാക്കി. ഇതോടെ കൂടുതൽ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.

വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തിൽ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്.നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തിൽപ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തിൽ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോർട്ടിൻമേൽ കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സർക്കാർ മറുപടി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.