സ്വന്തം ലേഖകൻ: അന്തരീക്ഷ മലിനീകരണം തുടര്‍ച്ചയായ മൂന്നാം ദിവസവും രൂക്ഷമായി തുടരുന്നതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. 498 ആണ് നിലവില്‍ ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എ.ക്യൂഐ). നിലവില്‍ ലോകത്തെ ഏറ്റവും കടുത്ത വായു മലിനീകരണമുള്ള നഗരമായ ലാഹോറില്‍ വെള്ളിയാഴ്ച രാവിലെ എ.ക്യു.ഐ 770 രേഖപ്പെടുത്തിയിരുന്നു. രണ്ടാം സ്ഥാനത്താണ് ഡല്‍ഹി.
ഡല്‍ഹിയിലെ വായു മലിനീകരണം രാജ്യത്തെ റെയില്‍ -വ്യോമ ഗതാഗതത്തെ ബാധിക്കുന്നുണ്ട്. ഡല്‍ഹിയില്‍നിന്നും അമൃത്സറില്നിന്നുമുള്ള വിമാന സര്‍വീസുകള്‍ വെള്ളിയാഴ്ച വൈകിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 25 ഓളം ട്രെയിനുകളും വെള്ളിയാഴ്ച വൈകിയോടുകയാണെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ഥിതിഗതികള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ പ്രൈമറിക്ലാസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ ഓണ്‍ലൈനാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബി.എസ്. 3 പെട്രോള്‍, ബി.എസ് നാല് ഡീസല്‍ എന്‍ജിനുള്ള നാലുചക്ര വാഹനങ്ങള്‍ക്ക് രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളായ സഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതംബുദ്ധ് നഗര്‍ എന്നിവിടങ്ങളിലും വിലക്കേര്‍പ്പെടുത്തി. 20,000 രൂപയാണ് വിലക്ക് ലംഘിച്ചാല്‍ പിഴയൊടുക്കേണ്ടിവരിക. അന്തഃസംസ്ഥാന ബസുകള്‍ക്കും തലസ്ഥാന നഗരിയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
അത്യാവശ്യമില്ലാത്ത കെട്ടിടനിര്‍മാണ -ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണം. ഇലക്ട്രിക് വാഹനങ്ങള്‍, സി.എന്‍.ജി വാഹനങ്ങള്‍, ബി.എസ് 6 വാഹനങ്ങള്‍ എന്നിവമാത്രമെ തലസ്ഥാന നഗരിയില്‍ ഓടാന്‍ അനുവദിക്കൂ. പൊതുഗതാഗത സംവിധാനങ്ങള്‍ക്കടക്കം നിയന്ത്രണമുള്ള സാഹചര്യത്തില്‍ ഡല്‍ഹി മെട്രോ കൂടുതല്‍ സര്‍വീസുകള്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല