സ്വന്തം ലേഖകൻ: നേരത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ചരിത്രമുണ്ടായിട്ടും ഏകദേശം 200 കെയര്‍ ദാതാക്കള്‍ക്ക് വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയതായ റിപ്പോര്‍ട്ട് പുറത്തു വരുന്നു. സോഷ്യല്‍ കെയര്‍ സെക്റ്ററിലെ വ്യാപകമായ തൊഴില്‍ പ്രശ്നങ്ങള്‍ എടുത്തു കാണിക്കുന്ന ഒരു പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. കഴിഞ്ഞ കാലങ്ങളില്‍ തൊഴിലാളി സംരക്ഷണ നിയമങ്ങള്‍ ലംഘിച്ചതായി, പൊതുവേദികളില്‍ ലഭ്യമായ രേഖകളില്‍ പോലും പരാമര്‍ശിക്കപ്പെടുന്ന ഇംഗ്ലണ്ടിലെ 177 കമ്പനികള്‍ക്ക് വിദേശത്തു നിന്നും കെയറര്‍മാരെ സ്പോണ്‍സര്‍ ചെയ്യുന്നതിനുള്ള ലൈസന്‍സ് നല്‍കി എന്നാണ് വര്‍ക്ക് റൈറ്റ്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതിനുപുറമെ വിദേശ കെയറര്‍ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നു എന്നതിനുള്ള കൂടുതല്‍ തെളിവുകളാണ് ഈ പഠനം നല്‍കുന്നത്. ഇവരുടെ സ്പോണ്‍സര്‍ഷിപ്പിനു കീഴില്‍ ആയിരക്കണക്കിന് നഴ്സുമാരും കെയറര്‍മാരുമാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടനിലെത്തുന്നതും മോശപ്പെട്ട തൊഴില്‍ സാഹചര്യങ്ങളില്‍ ജോലി ചെയ്ത് ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനം എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് ഇപ്പോള്‍ കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
കെയര്‍ മേഖലയില്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ഒരു തുടര്‍ക്കഥയാവുകയാണെന്നാണ് വര്‍ക്ക് റൈറ്റ്‌സ് സെന്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഡോറ – ഒലിവിയ വികോള്‍ പറയുന്നത്. ഇത് ഹോം ഓഫീസിന് ഒരിക്കലും ഒരു അദ്ഭുതമാകില്ല, കാരണം അവരാണ് തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്ന ചരിത്രമുള്ള കമ്പനികള്‍ക്ക് പോലും ലൈസന്‍സ് നല്‍കുന്നത് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ചൂഷണത്തിന് വിധേയരാകുന്നവരാകട്ടെ തൊഴിലുടമകളില്‍ നിന്നുള്ള പ്രതികാര നടപടികള്‍ ഭയന്ന് നിശബ്ദരാവുകയാണ്. അതുകൊണ്ടു തന്നെ സഹിക്കാവുന്നതിലും അപ്പുറം മോശപ്പെട്ട തൊഴില്‍ സാഹചര്യങ്ങളിലും അതി കഠിനമായ ഷിഫ്റ്റ് ഷെഡ്യൂളുകളിലും ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ആണ്. മാത്രമല്ല, അത്യാവശ്യം ജീവിക്കുവാന്‍ ആവശ്യമായ വരുമാനം ഉണ്ടാക്കുവാനായി അവര്‍ അമിത സമയം തൊഴില്‍ ചെയ്യാനും നിര്‍ബന്ധിതരാകുന്നു.
കഴിഞ്ഞ സര്‍ക്കാര്‍, ബ്രിട്ടനിലെ കെയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായാണ് വിദേശ കെയറര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ബ്രിട്ടനില്‍ 3,50,000 വിദേശ നഴ്സുമാര്‍ എത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല