1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2024

സ്വന്തം ലേഖകൻ: ലോകമെമ്പാടും കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 10.3 ദശലക്ഷം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. 2022മായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രം 20 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്ത കാലത്തായി വേണ്ടത്ര പ്രതിരോധ കുത്തിവയ്പ് ലഭിക്കാത്തതാണ് പെട്ടെന്നുള്ള ഈ കുതിച്ചുചാട്ടത്തിന് കാരണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

പനി, ചുമ, മൂക്കൊലിപ്പ്, ചര്‍മത്തില്‍ ചുണുങ്ങ് എന്നിവയ്ക്ക് കാരണമാകുന്ന ഒരു വൈറല്‍ പകര്‍ച്ചവ്യാധി രോഗമാണ് അഞ്ചാംപനി. കൃത്യസമയത്ത് ഇത് ചികിത്സിക്കാതിരിക്കുന്നത് ന്യുമോണിയ, തലച്ചോറിന് തകരാറ് തുടങ്ങി കുട്ടികളില്‍ മരണത്തിനുവരെ കാരണമാകാവുന്ന ഗുരുതരാവസ്ഥകളിലേക്ക് നയിക്കും. പ്രതിരോധ വ്യവസ്ഥ ദുര്‍ബലമായ അഞ്ച് വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയാണ് ഇത് അധികവും ബാധിക്കുന്നത്.

പ്രതിരോധ കുത്തിവയ്പ്പിലൂടെ പൂര്‍ണമായും തടയാവുന്ന രോഗമാണ് അഞ്ചാംപനി. രണ്ട് ഡോസ് പ്രതിരോധ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം 22 ദശലക്ഷം കുട്ടികള്‍ക്കാണ് അവരുടെ ആദ്യ ഡോസ് നഷ്ടമായത്. ലോകത്താകമാനം ഏകദേശം 83 ശതമാനം കുട്ടികള്‍ കഴിഞ്ഞ വര്‍ഷം അഞ്ചാംപനിയുടെ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ 74 ശതമാനം പേര്‍ക്കാണ് ശുപാര്‍ശ ചെയ്തിരുന്ന രണ്ടാമത്തെ ജാബ് ലഭിച്ചത്.

അഞ്ചാംപനി തടയുന്നതിന് എല്ലാ രാജ്യങ്ങളിലും 95 ശതമാനമോ അതിലധികമോ വാക്‌സിന്‍ കവറേജ് ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.