1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ സമഗ്ര ആരോഗ്യ സര്‍വേയുടെ ആദ്യ ഘട്ടത്തിന് തുടക്കമായി. ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അല്‍ സനദിന്റെ നേതൃത്വത്തില്‍ കുവൈത്ത് നാഷണല്‍ പോപ്പുലേഷന്‍ ഹെല്‍ത്ത് സര്‍വേയുടെ ആദ്യ ഘട്ടം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിശാലമായ വികസന തന്ത്രത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ സംരംഭം കുവൈത്തിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ എല്ലാ താമസക്കാരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ദേശീയ ആരോഗ്യ ഡാറ്റാ ഘടന മെച്ചപ്പെടുത്തുക എന്നതാണ് ആരോഗ്യ സര്‍വേയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. കുവൈത്തിലെ ജനസംഖ്യയുടെ ആരോഗ്യനിലയെ പ്രതിഫലിപ്പിക്കുന്ന ശാസ്ത്രീയ വിവരങ്ങള്‍ സര്‍വേയിലൂടെ ലഭ്യമാക്കുകയും പൊതുജനാരോഗ്യ നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ണായക ഉപകരണമായി ഇതുവഴി ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. കുവൈത്തിന്റെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടാന്‍ ഇതിലൂടെ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ജനസംഖ്യാശാസ്ത്രത്തിലും ജീവിതശൈലിയിലും സാമൂഹിക – സാമ്പത്തിക ഘടകങ്ങളിലും കുവൈത്ത് കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇതിന്റെ ഫലമായി അമിത വണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങള്‍ തുടങ്ങിയവയുടെ വര്‍ധനവിന് ഈ ഷിഫ്റ്റുകള്‍ കാരണമായി. പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന ഈ രോഗങ്ങളുടെ രീതികളും പ്രവണതകളും സ്വഭാവങ്ങളും തിരിച്ചറിയാന്‍ സഹായിക്കുന്ന സുപ്രധാന വിവരങ്ങള്‍ സര്‍വേയിലൂടെ ശേഖരിക്കും.

എല്ലാ പ്രായ വിഭാഗങ്ങളെയും രാജ്യക്കാരെയും ഉള്‍ക്കൊള്ളുന്ന 12,000 പേരുടെ വൈവിധ്യമാര്‍ന്ന സാമ്പിളുകളില്‍ നിന്ന് ഡാറ്റ ശേഖരിക്കാനാണ് സര്‍വേ ലക്ഷ്യമിടുന്നത്. കുവൈത്തിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് പ്രത്യേക ക്രമങ്ങളൊന്നുമില്ലാതെ തിരഞ്ഞെടുത്ത 8,000 കുടുംബ യൂണിറ്റുകളില്‍ നിന്നാണ് സാമ്പിള്‍ തെരഞ്ഞെടുക്കുക. ‘സഹല്‍’ ‘ഇദ് വത്തീ’ ആപ്ലിക്കേഷനുകള്‍ വഴി സര്‍വേയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട് ലൈൻ നമ്പറായി 151വഴി ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

സര്‍വേയില്‍ പങ്കെടുക്കാന്‍ സമ്മതിക്കുന്ന കുടുംബാംഗങ്ങളെ ഒരു ഡോക്ടര്‍, ഒരു നഴ്‌സ്, ഒരു ഫീല്‍ഡ് ഗവേഷകന്‍ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സര്‍വേ ടീം ആരോഗ്യ പരിശോധനകള്‍ നടത്തും. ഉയരവും ഭാരവും അളക്കല്‍, ഓറല്‍, ഡെന്റല്‍ പരിശോധനകള്‍, കാഴ്ച പരിശോധനകള്‍, രക്തസമ്മര്‍ദ്ദം അളക്കല്‍, ശ്വസനവ്യവസ്ഥയുടെ കാര്യക്ഷമത പരിശോധനകള്‍, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയവ കണ്ടെത്തുന്നതിനുള്ള രക്തം പരിശോധന, മറ്റു ലബോറട്ടറി പരിശോധനകള്‍ എന്നീ പരിശോധനകളാണ് നടത്തുക. രണ്ട് മണിക്കൂറില്‍ കൂടുതല്‍ സമയമെടുക്കാതെ, കാര്യക്ഷമമായ രീതിയിലാണ് സര്‍വേ പ്രക്രിയ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ‘കുവൈത്ത് സിഹ’, ‘സഹല്‍’ ആപ്ലിക്കേഷനുകള്‍ വഴി പരിശോധനാ ഫലങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാക്കും.

സര്‍വേയില്‍ പങ്കെടുക്കുകയെന്നത് നിര്‍ബന്ധപൂര്‍വമുള്ള കാര്യമല്ലെന്നും എന്നാല്‍ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംഭാവന നല്‍കാനുള്ള വിലപ്പെട്ട അവസരമാണിതെന്നും ഡോ. അല്‍ സനദ് പറഞ്ഞു. ശേഖരിച്ച എല്ലാ വിവരങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി ഏറ്റവും ഉയര്‍ന്ന രഹസ്യാത്മകതയോടെ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം പങ്കെടുക്കുന്നവര്‍ക്ക് ഉറപ്പ് നല്‍കി.

കുവൈത്തിലെ ഭാവി ആരോഗ്യ നയങ്ങള്‍ രൂപീകരിക്കുന്നതിലും പൊതുജനാരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും ശേഖരിക്കുന്ന വിവരങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കും. രോഗവ്യാപനം വിലയിരുത്തുന്നതിനും നിലവിലെ ആരോഗ്യ സേവനങ്ങള്‍ വിലയിരുത്തുന്നതിനും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനും ഇത് സഹായിക്കും. ഉയര്‍ന്നുവരുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടാന്‍ കുവൈത്തിനെ പ്രാപ്തരാക്കുന്ന ശാസ്ത്രീയ ഗവേഷണത്തിനും സര്‍വേയുടെ ഫലങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.