സ്വന്തം ലേഖകൻ: മണിപ്പൂരില്‍ സായുധ സംഘങ്ങള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് മെയ്ത്തികള്‍. 24 മണിക്കൂറിനുള്ളില്‍ കടുത്ത നടപടി ഉണ്ടാകണമെന്നാണ് മെയ്ത്തി സംഘടനകള്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന് നല്‍കിയിരിക്കുന്ന അന്ത്യശാസനം. ശനിയാഴ്ച വൈകിട്ട് ആള്‍കൂട്ടം മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വസതിയിലേക്ക് ഇരച്ചെത്തിയിരുന്നു.
കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്നവരില്‍ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമായത്. കലാപകാരികളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമെന്ന് ഭയക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജനപ്രതിനിധികളും ഒരുമിച്ചിരുന്ന് പ്രശ്നപരിഹാരത്തിന് നടപടി എടുക്കണമെന്ന് മെയ്ത്തി സംഘടനയായ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്റഗ്രിറ്റി ആവശ്യപ്പെട്ടു. മണിപ്പുരികള്ക്ക് തൃപ്തികരമായ നടപടി എടുത്തില്ലെങ്കില്‍ അവരെല്ലാവരും മണിപ്പുരി ജനതയുടെ രോഷത്തിനിരയാകുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. സായുധ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും പ്രശ്നപരിഹാരത്തിന് 24 മണിക്കൂര്‍ സമയമാണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആറുപേരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ജിരിബാം ജില്ലയിലെ ബരാക് നദിയുടെ സമീപത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതില്‍ എട്ട് മാസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതദേഹവുമുണ്ട്.
ഇതോടെയാണ് മെയ്ത്തി വിഭാഗങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കുക്കി സായുധ സംഘത്തില്‍ പെട്ട 10പേര് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മെയ്ത്തി വിഭാഗത്തില്‍പെട്ടവരെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നത്.
അതേസമയം കലാപം വീണ്ടും ഉടലെടുത്തതോടെ സായുധസേന പ്രത്യോകാധികാര നിയമമായ അഫ്സ്പ മണിപ്പുരില്‍ നിലവില്‍ വന്നു. അഫ്സ്പ പിന്‍വലിച്ച് കുക്കി സായുധ സംഘങ്ങള്‍ക്കെതിരെ സൈനിക നടപടി വേണമെന്നാണ് മെയ്ത്തി സംഘടനകളുടെ ആവശ്യം. നടപടിയില്ലെങ്കില്‍ കടുത്ത രോഷപ്രകടനമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ശനിയാഴ്ച മണിപ്പൂര്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ ആള്‍കൂട്ടം ആക്രമിച്ചിരുന്നു. വസ്തുവകകള്‍ക്ക് തീവെയ്ക്കുകയും വസതികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഒടുവില്‍ സുരക്ഷാസേനയെത്തി കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല