അഫ്ഗാന് അതിര്‍ത്തിയിലെ പാക് ചെക്പോസ്റ്റിനുനേരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ ഭടന്മാര് നടത്തിയ വ്യോമാക്രമണത്തില്‍ 28 സൈനികര്‍ കൊല്ലപ്പെട്ടു. ഭീകരവിരുദ്ധയുദ്ധത്തിലെ സഖ്യകക്ഷി പ്രകോപനമൊന്നും കൂടാതെ നടത്തിയ ആക്രമണം പാകിസ്താനും അമേരിക്കയുംതമ്മിലുള്ള ബന്ധത്തില്‍ പുതിയ വിള്ളല്‍ വീഴ്ത്തി. വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ച് നാറ്റോസേനയ്ക്ക് അഫ്ഗാനിസ്താനിലേക്ക് സാധനങ്ങളെത്തിക്കുന്നതിനുള്ള പാത പാകിസ്താന്അടച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി അടിയന്തര മന്ത്രിസഭായോഗം വിളിച്ചു.
പത്തുവര്‍ഷം പിന്നിട്ട ഭീകരവിരുദ്ധയുദ്ധത്തില്‍ പാകിസ്താനും അമേരിക്കയും കൈകോര്‍ത്തതിനു ശേഷം ഇരുരാജ്യങ്ങളുടെയും സൈനികര്‍ക്കിടയിലുണ്ടാകുന്ന ഏറ്റവുംവലിയ സംഘര്‍ഷമാണ് ശനിയാഴ്ചത്തേത്. മൊഹമന്ദ് ഗോത്രവര്‍ഗമേഖലയിലെ സലാല ചെക്പോയന്റില്‍ ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് നാറ്റോയുടെ ഹെലികോപ്റ്ററുകള്‍ ആക്രമണം നടത്തിയത്. നാല്പതോളം പാക് സൈനികരാണ് അപ്പോള്‍ അവിടെയുണ്ടായിരുന്നത്. ഒരു മേജറും ക്യാപ്റ്റനും ഉള്‍പ്പെടെ 28 സൈനികര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.
പറയത്തക്ക തീവ്രവാദപ്രശ്നങ്ങളൊന്നുമില്ലാത്ത മേഖലയില്‍ ഒരു പ്രകോപനവുംകൂടാതെയാണ് നാറ്റോ ഹെലികോപ്റ്ററുകള്‍ കടന്നാക്രമണം നടത്തിയതെന്ന് പാക് സേനാവൃത്തങ്ങള്‍ അറിയിച്ചു. പാക് സൈന്യം തിരിച്ചടിച്ചെങ്കിലും മറുപക്ഷത്ത് നാശനഷ്ടങ്ങളെന്തെങ്കിലുമുണ്ടായതായി വിവരമില്ല. സംഭവത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. വാഷിങ്ടണിലെയും യൂറോപ്യന്‍ യൂണിയനിലെയും പാക് എംബസികള്‍ വിഷയം അമേരിക്കയുടെയും നാറ്റോയുടെയും മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കുനേരെ കര്‍ശനനടപടിയെടുക്കണമെന്ന് സേനാമേധാവി അഷ്ഫാഖ് പര്‍വേസ് കയാനി ആവശ്യപ്പെട്ടു.
പാക് അതിര്‍ത്തിയില്‍നിന്ന് നാറ്റോ സൈന്യത്തിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നെന്നും തുടര്‍ന്നുണ്ടായ ആക്രമണത്തിലാകാം സൈനികര്‍ കൊല്ലപ്പെട്ടതെന്നും നാറ്റോ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ കാഴ്സ്റ്റണ്‍ ജേക്കബ്സണ് അറിയിച്ചു. എന്നാല്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അഫ്ഗാനിസ്താനിലെ നാറ്റോ സേനയുടെ കമാന്‍ഡര്‍ ജോണ്‍അലന്‍ അറിയിച്ചു. അലനും പാകിസ്താനിലെ യു.എസ്. അംബാസഡര്‍ കാമറോണ്‍ മുന്ററും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു.
നാറ്റോയുടെ ആക്രമണവാര്‍ത്ത അറിഞ്ഞയുടന്‍ അഫ്ഗാന് അതിര്‍ത്തി പാകിസ്താന് അടച്ചു. ഖൈബര്‍ പക്ത്തൂണ്‍ പ്രവിശ്യയിലൂടെ അഫ്ഗാനിസ്താനിലെ നാറ്റോ സൈന്യത്തിന് സാധനസാമഗ്രികളെത്തിക്കുന്ന പാതയും അടച്ചു. അഫ്ഗാനിസ്താനിലേക്ക് തിരിച്ച ട്രക്കുകളും ടാങ്കറുകളും വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. 40ഓളം വാഹനങ്ങള്‍ തിരിച്ചുവിട്ടതായി പ്രവിശ്യാ ഭരണകൂടം അറിയിച്ചു. അഫ്ഗാനിസ്താനിലെ നാറ്റോ സേനയ്ക്കുവേണ്ട സാധന സാമഗ്രികളില്‍ 80 ശതമാനവും ഇതുവഴിയാണ് എത്തിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല