സ്വന്തം ലേഖകൻ: കിഴക്കൻ കോംഗോയിൽ ആദ്യമായി കണ്ടെത്തിയ പുതിയ എംപോക്സ് വകഭേദം യുഎസിൽ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്ന് തിരികെ യുഎസിൽ എത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വടക്കൻ കാലിഫോർണിയയിൽ ചികിത്സയിൽ കഴിയുകയാണെന്ന് കാലിഫോർണിയ പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. രോഗലക്ഷണങ്ങൾ കുറഞ്ഞു വരുന്നതായും, നിലവിൽ പൊതുജനങ്ങൾക്ക് അപകടസാധ്യത ഇല്ലെന്നും അധികൃതർ അറിയിച്ചു.
ആഫ്രിക്കയിൽ പടർന്നുപിടിച്ച എംപോക്സ് അടുത്തകാലങ്ങളിലായി ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു. അതിർത്തികൾക്ക് ഒരു പകർച്ചവ്യാധിയെയും പിടിച്ചുകെട്ടാന്‍ കഴിയില്ല എന്നതുതന്നെ കാരണം. ഇത് കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കയും ചെയ്തിരുന്നു.
1958ൽ ഡെൻമാർക്കിൽ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണ് ആദ്യമായി എംപോക്സ് വൈറസ് കണ്ടെത്തുന്നത്. 1970ൽ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ 9 മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് മനുഷ്യരിൽ തന്നെ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കുരങ്ങിൽ മാത്രമല്ല അണ്ണാൻ, മുള്ളൻപന്നി, ചില കാട്ട് എലികൾ, ചിലതരം ചെറിയ സസ്തിനികൾ എന്നിവയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് തെറ്റിദ്ധാരണ ഒഴിവാക്കുന്നതിലേക്കായി മങ്കിപോക്സ് എന്നതിനു പകരം എംപോക്സ് എന്ന പേര് ലോകാരോഗ്യ സംഘടന തീരുമാനിക്കുന്നത്.
മൃഗങ്ങളുമായി വളരെ അടുത്തിടപഴകുന്ന അവസരങ്ങളിലാണ് ഈ വൈറസ്ബാധ കൂടുതലായി ഉണ്ടാകുന്നത്.മൃഗങ്ങളുമായി സമ്പർക്കമുള്ളവർ, വേട്ടയ്ക്കു പോകുന്നവർ, കാടുകളിൽ കൂടുതൽ മൃഗങ്ങളുമായി ഇടപഴകുന്നവർ, കാട്ടുമൃഗങ്ങളുടെ അല്ലെങ്കിൽ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ശരിയായ രീതിയിൽ പാചകം ചെയ്യാതെ ഉപയോഗിക്കുന്നവർ എന്നിവർക്ക് ഈ രോഗം പകരാം.
അതല്ലെങ്കിൽ രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് ഇത് പകരാം. തൊടുക, അടുത്തിടപഴകുക, ഒരേ വസ്ത്രം മാറി ഉപയോഗിക്കുക അങ്ങനെയുള്ള അവസരങ്ങളില്‍ രോഗം പകരാം. നേരിട്ട് സമ്പർക്കമുള്ള ആളുകൾക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.
വായുവിൽ കൂടിയും രോഗം പകരാവുന്നതാണ്. മങ്കി പോക്സ് ഉള്ള ആളിന്റെ അടുത്തു നിന്ന് സംസാരിക്കുകയോ, ചുമ, ശ്വാസോച്ഛ്വാസം, കൂടുതൽ ഇടപഴകുകയോ വഴി വൈറസ് മറ്റൊരാളിലേക്കെത്താം. രോഗി ഉപയോഗിച്ച വസ്ത്രം, കിടക്കവിരി, ഇരിക്കുന്ന കസേര, ഉപയോഗിച്ച കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയ വസ്തുക്കളിലൊക്കെയും വൈറസ് 10–15 മിനിറ്റ് നശിക്കാതെ കിടക്കും. ഈ വസ്തുക്കളുമായി ഇടപെടുന്ന വ്യക്തിക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. ഒന്നിലധികം ലൈംഗികപങ്കാളിയുള്ളവർക്കും രോഗസാധ്യത കൂടുതലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല