1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2024

സ്വന്തം ലേഖകൻ: കലാപം തുടരുന്ന മണിപ്പുരിൽ, ജനപ്രതിനിധികളുടെ വീടുകൾക്കുനേരെ ആക്രമണം രൂക്ഷമാകുന്നു. ഒൻപത് ബി.ജെ.പി എം.എൽ.എമാരുടേത് ഉൾപ്പടെ ഇംഫാൽ താഴ്വരയിലുള്ള 13 നിയമസഭാം​ഗങ്ങളുടെ വീടുകൾ അക്രമികൾ തകർത്തു. ഞായറാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന ആള‍ക്കൂട്ട ആക്രമണങ്ങൾക്കും തീവെപ്പുകൾക്കും ശേഷമായിരുന്നു സംഭവം.

പൊതുമരാമത്ത് മന്ത്രി​ ഗോവിന്ദാസ് കോന്തൗജം, ബി.ജെ.പി എം.എൽ.എമാരായ വൈ.രാധേശ്യാം, പവോനം ബ്രൊജെൻ, കോൺ​ഗ്രസ് നിയമസഭാം​ഗം ടി.എച്ച്. ലോകേഷ്വർ എന്നിവരുടെ ഉൾപ്പടെ വീടുകളാണ് നശിപ്പിക്കപ്പെട്ടത്. ബി.ജെ.പി എം.എൽ.എ കോംഖാം ​റോബിൻദ്രോയെ കാണമെന്ന് ആവശ്യപ്പെട്ടെത്തിയ കലാപകാരികൾ അദ്ദേഹത്തിന്റെ വീട് തകർത്തതായി പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രി സപം രഞ്ജന്റെ വസതിയിലേക്ക് ജനക്കൂട്ടം ഇരച്ചുകയറി. ഉപഭോക്തൃ-പൊതുവിതരണ മന്ത്രി എല്‍. സുശീന്ദ്രോ സിങ്ങിന്റെ വീട്ടിലും പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ പ്രക്ഷോഭകര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ മരുമകന്‍ കൂടിയായ ബിജെപി നിയമസഭാംഗം ആര്‍.കെ. ഇമോയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടി. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവും വിളിച്ചു.

ജിരിബാമിൽനിന്ന് സായുധ ­വിഭാഗക്കാർ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും മണിപ്പുർ സംഘർഷഭരിതമായത്. മെയ്തെയ് വിഭാ​ഗത്തിൽപ്പെട്ടവരാണ് മരിച്ച ആറുപേരും. കൊലപാതകത്തിന് പിന്നിൽ കുക്കി വിഭാ​ഗത്തിൽപ്പെട്ടവരാണ് എന്നാണ് ആരോപണം. ജിരിബാം സ്വദേശിയായ ലൈഷാറാം ഹെരോജിതിന്റെ കുടുംബത്തിൽപ്പെട്ടവരാണ് മരിച്ച ആറുപേരും.

അദ്ദേഹത്തിൻ്റെ രണ്ട് മക്കളും, ഭാര്യയും, ഭാര്യാമാതാവും, ഭാര്യയുടെ സഹോദരിയും, അവരുടെ മകനുമാണ്‌ മരിച്ചത്. ദുരിതാശ്വാസക്യാമ്പിൽനിന്ന്‌ സായുധസംഘം ഇവരെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൊലപാതകവിവരം പുറത്തറിഞ്ഞതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും പരക്കെ അക്രമമുണ്ടായി. വ്യാപക അക്രമങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഇംഫാൽ വെസ്റ്റ്, ഈസ്റ്റ് ജില്ലകളിൽ അനിശ്ചിതകാലത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. 23 അക്രമികളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.