1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2024

സ്വന്തം ലേഖകൻ: കുവൈത്ത് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ കരട് നിയമത്തിൽ പ്രവാസി ജീവിക്കാർക്ക് കൂടുതൽ സംരക്ഷണം ലഭിക്കുമെന്ന് വിലയിരുത്തൽ. രാജ്യത്ത് മനുഷ്യക്കടത്ത് തടയുന്നതിനും വിദേശികളുടെ താമസത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക നിയമത്തിന് കുവൈത്ത് മന്ത്രിമാരുടെ കൗൺസിൽ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

വീസ വ്യാപാരം ഇല്ലാതാക്കുക, തൊഴിലുടമയുടെ ദുരുപയോഗം പരിഹരിക്കുക, വിദേശ റസിഡൻസി, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് കടുത്ത ശിക്ഷകൾ ചുമത്തുക എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പുതിയ നിയമം. പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്:

  1. റസിഡൻസി വ്യാപാരം നിരോധനം

കുവൈത്തിലെ വീസ വ്യാപാരത്തെ ചെറുക്കുന്നതിന് രൂപകൽപ്പന ചെയ്ത നിരവധി നടപടികൾ പുതിയ നിയമം അവതരിപ്പിക്കുന്നുണ്ട്. റെസിഡൻസി പെർമിറ്റുകൾ, എൻട്രി വീസകൾ അനുവദിക്കുന്നതിനും വീസ പുതുക്കുന്നതിനും പകരമായി പേയ്‌മെന്റുകൾ വാഗ്ദാനം ചെയ്യുന്നതോ സ്വീകരിക്കുന്നതോ പോലുള്ള സാമ്പത്തിക ആനുകൂല്യങ്ങൾക്കായി വിദേശ റിക്രൂട്ട്‌മെന്റ് സംവിധാനത്തെ ഉപയോഗിക്കുന്നത് പുതിയ നിയമം നിയമവിരുദ്ധമാക്കുന്നു.

  1. തൊഴിലുടമയുടെ നിയന്ത്രണങ്ങൾ

തൊഴിൽ പെർമിറ്റിന്റെ പരിധിക്കപ്പുറമുള്ള ജോലികളിൽ ഏർപ്പെടാൻ വിദേശ തൊഴിലാളികളെ നിർബന്ധിക്കുന്നതിൽ നിന്ന് തൊഴിലുടമകളെ വിലക്കുന്നതാണ് പുതിയ നിയമത്തിലെ മറ്റൊരു സുപ്രധാന വ്യവസ്ഥ. കൂടാതെ, തൊഴിലാളികളുടെ വേതനം തടഞ്ഞുവെക്കുന്നതും ഇതുപ്രകാരം നിയമവിരുദ്ധമാകും. തൊഴിലുടമയുടെ തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് ജീവനക്കാർക്ക് കൂടുതൽ സംരക്ഷണം നൽകുന്നത് നിയമത്തിലെ മറ്റൊരു വ്യവസ്ഥയാണിത്.

  1. പ്രവാസികൾക്കുള്ള പാർപ്പിട, തൊഴിൽ ചട്ടങ്ങൾ

പുതിയ ഉത്തരവ് പ്രകാരം, പ്രവാസികൾക്ക് താമസം ഒരുക്കുകയും ജോലി നൽകുകയും ചെയ്യേണ്ടത് സ്‌പോൺസറാണ്. അവരുടെ റസിഡൻസ് വീസ സാധുവായാലും കാലഹരണപ്പെട്ടാലും സ്‌പോൺസർ അല്ലാത്തവർ പ്രവാസികൾക്ക് താമസമോ ജോലിയോ നൽകാൻ പാടില്ല. കൂടാതെ, അനധികൃത താമസക്കാർക്ക് വസ്തുവകകൾ വാടകയ്ക്ക് കൊടുക്കുന്നതിൽനിന്ന് കെട്ടിട ഉടമകൾ വിട്ടുനിൽക്കണം.

  1. സ്പോൺസർമാരുടെ ഉത്തരവാദിത്തങ്ങൾ

ഒരു വിദേശ തൊഴിലാളിയുടെ വീസ അല്ലെങ്കിൽ താമസ കാലാവധി അവസാനിക്കുകയും അവർ രാജ്യം വിടാതിരിക്കുകയും ചെയ്താൽ സ്പോൺസർമാർ പുതിയ നിയമപ്രകാരം ആഭ്യന്തര മന്ത്രാലയത്തെ അക്കാര്യം അറിയിക്കേണ്ടതുണ്ട്. അനധികൃത താമസക്കാർ രാജ്യത്ത് വർധിച്ചുവരുന്നത് തടയുന്നതിനാണ് ഈ നടപടി.

പുതിയ നിയമം ലംഘിക്കുന്ന വ്യക്തികൾക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള വ്യക്തമായ നടപടിക്രമങ്ങൾ പുതിയ നിയമം മുന്നോട്ടുവെക്കുന്നു. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി തൊഴിലുടമകളുടെ അംഗീകാരമില്ലാതെ തന്നെ അവരെ മാറ്റാൻ തൊഴിലാളികളെ പുതിയ നിയമം അനുവദിക്കുന്നുണ്ട്. അവർക്ക് രാജ്യത്തുനിന്ന് പുറത്തു പോകുന്നതിനുള്ള സൗകര്യവും പുതിയ നിയമം നൽകുന്നു.

മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി റിക്രൂട്ട്‌മെന്റ് ഏജൻസികളെ നിരന്തരമായ പരിശോധനകൾക്ക് വിധേയമാക്കും. തൊഴിലാളികളുടെ പാസ്‌പോർട്ട് പിടിച്ചുവെക്കുന്ന തൊഴിലുടമകൾക്ക് ശക്തമായ പിഴകൾ പുതിയ നിയമം ശുപാർശ ചെയ്യുന്നു. തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ് നിർത്തലാക്കൽ, ഗാർഹിക തൊഴിലാളി മേഖലയുടെ മേൽനോട്ടം വർധിപ്പിക്കൽ എന്നിവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.