1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2024

സ്വന്തം ലേഖകൻ: ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ ഖമനയിയുടെ പിന്‍ഗാമിക്കായി ചുരുക്കപ്പട്ടിക തയ്യാറായതായി റിപ്പോര്‍ട്ട്. മൂന്ന് പേരുടെ പട്ടികയാണ് തയ്യാറാക്കിയതെന്ന് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചുമതല വഹിക്കുന്ന വിദഗ്ധ സമിതി അറിയിച്ചു. അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ പേര് വിവരങ്ങള്‍ വിദഗ്ധ സമിതി പുറത്തുവിട്ടിട്ടില്ല.

ഖമനയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കഴിഞ്ഞ കുറച്ചുനാളുകളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമേ ഇസ്രയേലുമായുള്ള യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യവുമുണ്ട്. ആരോഗ്യസ്ഥിതി മോശമായതിന് പുറമേ, ഇസ്രയേല്‍ തന്നെ അപായപ്പെടുത്തുമെന്ന ആശങ്കയും ഖമനയിക്കുണ്ട്. തന്റെ പിന്‍ഗാമിയെ ഉടന്‍ കണ്ടെത്തണമെന്ന നിര്‍ദേശം ഖമനയി തന്നെയാണ് മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അറുപതംഗ വിദഗ്ധ സംഘം സെപ്റ്റംബറില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പട്ടിക തയ്യാറാക്കിയത്.

ഖമനയിയുടെ മകന്‍ മൊജ്താബ ഖമനയിയുടെ പേരാണ് പിന്‍ഗാമി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുകേള്‍ക്കുന്നതില്‍ ഒന്ന്. കഴിഞ്ഞ 27 വര്‍ഷമായി ഇറാന്റെ സുപ്രധാന നയ രൂപീകരണത്തില്‍ മൊജ്താബയ്ക്ക് നിര്‍ണായക പങ്കുണ്ട്. ഖമനയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് 55 കാരനായ മൊയ്താബ. ഖമനയിയുടെ വിശ്വസ്തനായ അലിറീസ അറാഫിയാണ് സാധ്യത കല്‍പിക്കുന്ന മറ്റൊരാള്‍. ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗവും വിദഗ്ധ സമിതിയുടെ രണ്ടാം ഡെപ്യൂട്ടി ചെയര്‍മാനുമാണ് അലിറീസ അറാഫി. വിദഗ്ധ സമിതി ആദ്യ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹാഷിം ഹുസൈനി ബുഷെഹ്രിയാണ് പട്ടികയില്‍ ഉണ്ടാകുമെന്ന് കരുതുന്ന മൂന്നാമന്‍.

ഇറാന്റെ പ്രഥമ പരമോന്നത നേതാവും ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപകനുമായ റൂഹള്ള ഖുമൈനിയുടെ പൗത്രരായ അലി ഖുമൈനി, ഹസന്‍ ഖുമൈനി എന്നിവരുടെ പേരും ഖമനയിയുടെ പിന്‍ഗാമി സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ വിദഗ്ധ സമിതിയില്‍ അംഗമല്ലാത്തതിനാല്‍ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.