സ്വന്തം ലേഖകൻ: ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. അടുത്തുതന്നെ പുടിന് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ക്രംലിന് പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് അറിയിച്ചു. കൃത്യമായ തീയതി തീരുമാനമായിട്ടില്ലെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെയ്പാകും ഈ സന്ദര്‍ശനമെന്നാണ് സൂചന.
തീയതി സംബന്ധിച്ച് ഡല്‍ഹിയും മോസ്കോയും തമ്മില്‍ ചര്‍ച്ച നടക്കുകയാണ്. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരനേദ്ര മോദിയുമായി അദ്ദേഹം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ അവസാനത്തില്‍ ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരുനേതാക്കളും അവസാന കൂടിക്കാഴ്ച നടത്തിയത്.
ഈ സമയത്ത് പുടിനെ ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം മോദി നല്‍കിയിരുന്നു. യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റിലാണ് പുടിന്.
അതിനിടെ ജി20 ഉച്ചകോടിക്കയി ബ്രസീലിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. റിയോ ഡി ഷനേറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കളെ ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ലുല ഡ സിൽവ സ്വീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല