സ്വന്തം ലേഖകൻ: സ്വകാര്യ കമ്പനികളിൽ ഈ വർഷത്തെ സ്വദേശിവത്കരണ ലക്ഷ്യം പൂർത്തീകരിക്കാനുള്ള സമയപരിധി ഡിസംബർ 31ഓടെ അവസാനിക്കുമെന്ന് മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം ഓർമിപ്പിച്ചു. 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾ രണ്ട് ശതമാനം ഇമാറാത്തികളെ നിയമിക്കണമെന്നാണ് നിർദേശം.
14 പ്രത്യേക സാമ്പത്തിക വിഭാഗത്തിൽ ഉൾപ്പെടുന്ന 20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. നിശ്ചിത കാലയളവിനുള്ളിൽ ഈ സ്ഥാപനങ്ങൾ ആകെ തൊഴിലാളികളിൽ ഒരു ശതമാനം സ്വദേശികളെ നിയമിച്ചിരിക്കണമെന്നാണ് വ്യവസ്ഥ.
ജനുവരി ഒന്നിന് ശേഷം ലക്ഷ്യം പൂർത്തീകരിക്കാത്ത സ്ഥാപനങ്ങൾക്ക് ഓരോ സ്വദേശിക്കും 96,000 ദിർഹം വീതം പിഴ നൽകേണ്ടി വരും. സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും സർക്കാർ നേരത്തെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. 2026 അവസാനത്തോടെ സ്വദേശിവത്കരണം 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.
പ്രതിവർഷം 12,000 സ്വദേശികൾക്ക് പദ്ധതി മുഖേന ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. നിയമം പാലിക്കാത്ത സ്ഥാപനത്തിൽനിന്ന് ഈടാക്കുന്ന പിഴത്തുക തൊഴിൽ തേടുന്ന സ്വദേശികൾക്ക് കൈമാറും. സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലിടങ്ങളിൽ യു.എ.ഇ പൗരന്മാർക്കായി തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 2021 സെപ്റ്റംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുന്നത് കൂടാതെ സ്ഥാപനങ്ങളുടെ റേറ്റിങ് കുറക്കുമെന്നും നിയമലംഘനങ്ങളുടെ തീവ്രതയനുസരിച്ച് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും അധികൃതർ ആവർത്തിച്ചു. സ്വദേശിവത്കരണ നയങ്ങൾക്കും തീരുമാനങ്ങൾക്കും വിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600590000, ഔദ്യോഗിക ആപ് എന്നിവ വഴി അറിയിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല