1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 20, 2024

സ്വന്തം ലേഖകൻ: യുകെയുടെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച മുതൽ ശക്തമായ മഞ്ഞു വീഴ്ച തുടരുന്നു. ഇതേ തുടർന്ന് യുകെയുടെ താഴ്ന്ന പ്രദേശങ്ങളിൽ 4 ഇഞ്ചിലേറെ കനത്തിൽ മഞ്ഞടിഞ്ഞു കഴിഞ്ഞു. യുകെയിലെമ്പാടും രാത്രി സമയങ്ങളിൽ താപനില മൈനസിലേക്ക് നീങ്ങുകയാണ്. മൈനസ് 2 മുതൽ 4 വരെയാണ് ശരാശരി താപനില.

അതേസമയം സ്കോട്​ലൻഡിലെ ഹൈലാൻഡിൽ മൈനസ് 12 വരെയായി താപനില താഴ്ന്നു. രണ്ടുദിനമായി തുടർച്ചയായി പെയ്യുന്നതിനാൽ റോഡുകളിൽ പലയിടത്തും മഞ്ഞു കട്ടിയായി ഐസായി മാറിയിട്ടുണ്ട്. വാഹനങ്ങൾ ഐസിൽ തെന്നി മറിയുന്നതിന് പുറമേ കാൽനട യാത്രക്കാരും ഐസിൽ തെന്നിവീണ് പരുക്കേൽക്കാതെ സൂക്ഷിക്കണമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് നൽകുന്നു. യുകെയിൽ ആദ്യമായി എത്തിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പിൽ ഉണ്ട്.

സാധരണയായി ആദ്യമായെത്തുന്ന വിദ്യാർഥികളും പുതിയ നഴ്‌സുമാർ അടക്കമുള്ളവരും ആദ്യ മഞ്ഞുപെയ്ത്ത് സമയത്ത് തെന്നിവീണ് കൈകാലുകൾ ഒടിയുന്ന പതിവുണ്ട്. അതിനാൽ അത്യാവശ്യമുണ്ടെങ്കിൽ മാത്രം പ്രത്യേക സ്നോ ബൂട്സും മറ്റും ധരിച്ചുമാത്രം നടക്കാനിറങ്ങണമെന്നാണ് പരിചയ സമ്പന്നർ നൽകുന്ന മുന്നറിയിപ്പ്.

മഞ്ഞുപെയ്ത്ത് മൂലം റോഡുകളിൽ ഗതാഗതം തടസ്സപ്പെടുവാനും വാഹനങ്ങളുടെ നീണ്ട ക്യൂ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മണിക്കൂറുകളോളം വാഹനങ്ങളിൽ കഴിയുകയോ അല്ലെങ്കിൽ വാഹനം ഉപേക്ഷിച്ച് പോകുകയോ ചെയ്യേണ്ടി വരാറുണ്ട്. അതിനാൽ ദീർഘദൂര യാത്രക്കാരും ഡ്രൈവർമാരും ചൂടുവെള്ളവും ചോക്ലേറ്റും ബിസ്കറ്റും പോലുള്ള ഭക്ഷണപദാർത്ഥങ്ങളും കയ്യിൽ കരുതുവാനും യുകെഎച്ച്എസ്എ മുന്നറിയിപ്പ് നൽകുന്നു.

നിരവധി യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകൾ യുകെയിലുടനീളം നിലവിലുണ്ട്. ഇതുമൂലം മഞ്ഞു വീഴ്ച കൂടുതലുള്ള പ്രദേശങ്ങളിൽ ചൊവ്വാഴ്ച 200 ലധികം സ്കൂളുകൾ അടച്ചുപൂട്ടി. ഈയാഴ്ച്ച മുഴുവൻ സ്‌കൂളുകളുടെ അവധി തുടരേണ്ടി വരുമെന്നും കരുതുന്നു. പലസ്ഥലങ്ങളിലും വാഹനങ്ങൾ കുടുങ്ങി കിടക്കുവാനും വൈദ്യുതി മുടങ്ങാനും സാധ്യത ഉണ്ട്. ചില ഗ്രാമപ്രദേശങ്ങൾ ഒറ്റപ്പെടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.

യുകെയിലുടനീളമുള്ള വിവിധ റെയിൽ പാതകളെ ബാധിക്കുമെന്നതിനാൽ യാത്ര ചെയ്യുന്നതിനുമുമ്പ് സർവ്വീസുകളുടെ സമയക്രമം പരിശോധിക്കാൻ നാഷണൽ റെയിൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വടക്കൻ വെയിൽസിൽ ഏകദേശം ഇന്ന് രാവിലെ 7. 30 വരെ ട്രെയിനുകളൊന്നും ചില സ്റ്റേഷനുകളിൽ ട്രെയിനുകൾ സർവീസ് നടത്തിയില്ല.

സ്കോട്​ലൻഡിലെ ഗ്രാമപ്രദേശങ്ങളിൽ ഇന്ന് രാത്രി മുതൽ വീണ്ടും താപനില -12C (10.4F) വരെയും വെയിൽസിലെ ഗ്രാമപ്രദേശങ്ങളിൽ -7C (19.4F) വരെയും താഴുമെന്ന് പ്രതീക്ഷിക്കുന്നു. കിഴക്കൻ, വടക്കൻ ഇംഗ്ലണ്ട്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ യെല്ലോ മുന്നറിയിപ്പുകൾ പ്രാബല്യത്തിൽ വന്നു. പടിഞ്ഞാറൻ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ പുതിയ യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തെക്കൻ, മധ്യ ഇംഗ്ലണ്ട് എന്നിവ യെല്ലോ മുന്നറിയിപ്പിന് കീഴിലാണ്. വെയിൽസിലും മഞ്ഞു വീഴ്ച തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ യെല്ലോ മുന്നറിയിപ്പ് തുടരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.