1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 22, 2024

സ്വന്തം ലേഖകൻ: ഖലിസ്താൻ ഭീകരന്‍ ഹര്‍ദീപ് സിങ്‌ നിജ്ജര്‍ വധത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി കാനഡ സര്‍ക്കാര്‍. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ വധത്തെക്കുറിച്ച്‌ അറിയിച്ചതായുമുള്ള ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് കാനഡ തള്ളിയത്.

കാനഡയ്ക്കുള്ളിലെ ഗുരുതരമായ കുറ്റകൃത്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മോദിയെയോ മന്ത്രി ജയശങ്കറിനെയോ ബന്ധിപ്പിക്കുന്ന ഒരു പ്രസ്താവനയും കാനഡ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. മാധ്യമ റിപ്പോര്‍ട്ട് വെറും ഊഹാപോഹം മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ ‘പരിഹാസ്യമായ പ്രസ്താവനകള്‍’ എന്ന് ലേബല്‍ ചെയ്യുകയും അത് പൂര്‍ണമായും തിരസ്‌കരിക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു.

ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഇന്‍ര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ആണ് നിജ്ജറിന്റെ വധത്തിന് കളമൊരുക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിജ്ജറിനെ വധിക്കാന്‍ ഐ.എസ്.ഐ. ക്രിമിനലുകളെ വാടകയ്ക്കെടുത്തിരുന്നുവെന്നും നിജ്ജര്‍ വധത്തിന് പിന്നാലെ ഇയാള്‍ക്ക് പകരക്കാരനെ ഐ.എസ്.ഐ. തേടുന്നതായും കാനഡയിലെ ഖലിസ്താന്‍ അനുകൂല തീവ്രവാദികളെ ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജൂണ്‍ 18-നായിരുന്നു ഖലിസ്താന്‍ വാദിയായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന് കാനേഡിയന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.