സ്വന്തം ലേഖകൻ: മൂന്നാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞുവെന്ന് യുക്രൈന്റെ മുന്‍ മിലിട്ടറി കമാന്‍ഡന്റ് മേധാവി വലേറി സലൂനി. ഒരു അവാര്‍ഡ് ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മൂന്നാം ലോകമഹായുദ്ധം തുടങ്ങിക്കഴിഞ്ഞതായി വലേറി അഭിപ്രായപ്പെട്ടത്. ബ്രിട്ടണിലെ യുക്രൈന്റെ നയതന്ത്ര പ്രതിനിധിയായി പ്രവര്‍ത്തിക്കുകയാണ് നിലവില്‍ വലേറി. റഷ്യ-യുക്രൈന് യുദ്ധം വ്യാപിക്കാനും രൂക്ഷമാവാനുമുള്ള പ്രധാന കാരണങ്ങളിലൊന്ന് യുദ്ധത്തിലെ റഷ്യന്‍ സഖ്യകക്ഷികളുടെ ഇടപെടലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഉത്തര കൊറിയയില്‍ നിന്നുള്ള സൈനികര്‍ യുക്രൈന് മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. റഷ്യയുടെ പക്കല്‍ ഇറാന് കൈമാറിയ ഷഹേദ് ഡ്രോണുകളുണ്ട്. അതുപയോഗിച്ച് നൂറുകണക്കിന് പൗരന്മാരെ റഷ്യ ഇതിനോടകം യാതൊരു നാണവുമില്ലാതെ കൊന്നുകളഞ്ഞിരിക്കുന്നു. ഉത്തരകൊറിയന്‍ സൈന്യവും ചൈനീസ് ആയുധങ്ങളും യുദ്ധത്തിലേക്ക് സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു”, വലേറി പറഞ്ഞു.
യുദ്ധം വ്യാപിക്കുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് യുക്രൈന് സഖ്യകക്ഷികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അതിര്‍ത്തിക്കപ്പുറത്തേക്ക് യുദ്ധം കടക്കരുത്. ഇവിടെ വെച്ച് അവസാനിപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പക്ഷെ പലവിധ കാരണങ്ങള്‍ കൊണ്ട് അവര്‍ക്ക് അത് മനസ്സിലാവുന്നില്ല.
യുക്രൈന് ഇതിനോടകം നിരവധി ശത്രുക്കളെ സമ്പാദിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഉത്തരകൊറിയയ്ക്ക് ഈ പ്രതിസന്ധികളെ മറികടക്കാന്‍ സാധിച്ചേക്കും, പക്ഷെ ഈ യുദ്ധം ഒറ്റയ്ക്ക് വിജയിക്കാന്‍ സാധിക്കുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിലെ കര്‍സ്ക് മേഖലയില്‍ റഷ്യയ്ക്ക് വേണ്ടി ഉത്തരകൊറിയ പതിനായിരംസൈനിക ട്രൂപ്പുകളെ വിന്യസിച്ചത് യുദ്ധം സംബന്ധിച്ച ആശങ്കകള്‍ വര്‍ധിപ്പിച്ച പശ്ചാത്തലത്തിലാണ് വലേറിയുടെ പ്രതികരണം. കഴിഞ്ഞദിവസം യുക്രൈനെതിരേ റഷ്യ ഹൈപ്പര്‍സോണിക് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല