സ്വന്തം ലേഖകൻ: കാനഡയിലെ ഖലിസ്താന്‍ വാദികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. റിപ്പോര്‍ട്ട് തയ്യാറാക്കുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥര്‍ കുറ്റവാളികളാണെന്നും ബ്രാംടണില്‍ നടന്ന പത്രസമ്മേളനത്തില്‍ ട്രൂഡോ പറഞ്ഞു.
ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധത്തെ കുറിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയാമായിരുന്നു എന്നാരോപിക്കുന്ന റിപ്പോര്‍ട്ട് കനേഡിയന്‍ ഭരണകൂടം അടുത്തിടെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ വധത്തെക്കുറിച്ച് അറിയിച്ചതായുമുള്ള ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് തള്ളിയത്.
ബ്രസീലില്‍ നടന്ന ജി20 ഉച്ചകോടിയില്‍ നരേന്ദ്രമോദിയും ജസ്റ്റിന്‍ ട്രൂഡോയും ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മാറ്റി ട്രൂഡോ രംഗത്ത് വന്നത്. ജൂണ്‍ 18-നായിരുന്നു ഖലിസ്താന്‍ വാദിയായ ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന് കാനേഡിയന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത നയതന്ത്ര പ്രതിസന്ധി ഉടലെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല