സ്വന്തം ലേഖകൻ: ഇന്ത്യയിലെ വോട്ടെണ്ണല്‍ പ്രക്രിയയെ പ്രകീര്‍ത്തിച്ച് ഇലോണ്‍ മസ്‌ക്. ഒപ്പം യുഎസിലെ, പ്രത്യേകിച്ചും കാലിഫോര്‍ണിയയിലെ ദൈര്‍ഘ്യമേറിയ വോട്ടെണ്ണല്‍ പ്രക്രിയയെ പരിഹസിക്കുകയും ചെയ്തു. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌കിന്റെ ഈ താരതമ്യം.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ ഒറ്റദിവസം കൊണ്ട് 64 കോടി വോട്ടുകളെണ്ണിയെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം കാലിഫോര്‍ണിയ ഇപ്പോഴും വോട്ടുകള്‍ എണ്ണുകയാണെന്നും മസ്‌ക് പറഞ്ഞു. നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് കഴിഞ്ഞ് 20 ദിവസമായിട്ടും ഇവിടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല.
ഇന്ത്യ എങ്ങനെയാണ് 64 കോടി വോട്ടുകള്‍ ഒരു ദിവസം കൊണ്ട് എണ്ണിയത് എന്ന തലക്കെട്ടോടുകൂടിയുള്ള ഒരു മാധ്യമവാര്‍ത്ത പങ്കുവെച്ചാണ് മസ്‌കിന്റെ പോസ്റ്റ്.
ഈ വര്‍ഷം ആദ്യമാണ് ഇന്ത്യയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നത്. 90 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് 64.2 കോടി ആളുകള്‍ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഒരു ദിവസത്തിനുള്ളിലാണ് ഇന്ത്യ ഫലം പ്രഖ്യാപിച്ചത്.
2000 മുതല്‍ ഇന്ത്യ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. കൃത്യമായ വോട്ടെണ്ണല്‍ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുന്നു. വോട്ടര്‍ വെരിഫൈയബിള്‍ പേപര്‍ ഓഡിറ്റ് ട്രെയില്‍ (വിവിപാറ്റ്) വഴി സുതാര്യത ഉറപ്പാക്കാനുമാവുന്നു. ചെയ്യുന്ന ഓരോ വോട്ടിന്റേയും പേപ്പര്‍ സ്ലിപ്പ് നിര്‍മിക്കാന്‍ വിവിപാറ്റ് സംവിധാനത്തിലൂടെ സാധിക്കും. പരിശോധനകള്‍ക്കായി ഇത് ഉപയോഗിക്കാനാവും.
കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയിലെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ ഒരേസമയം വോട്ടെണ്ണല്‍ നടക്കും. സുപ്രീം കോടതി മാര്‍ഗനിര്‍ദേശം അനുസരിച്ച്, ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് മുമ്പ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണും. റിട്ടേണിംഗ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍, പ്രത്യേക സ്ഥലങ്ങളില്‍ വോട്ടുകള്‍ എണ്ണുകയും ഓരോ റൗണ്ടിനുശേഷവും ഫലങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പോലും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ 90 ദശലക്ഷം വോട്ടുകള്‍ എണ്ണാന്‍ ഇന്ത്യക്ക് കഴിഞ്ഞു. കാലിഫോര്‍ണിയയുടെ നാലിരട്ടി ജനസംഖ്യയുണ്ട് മഹാരാഷ്ട്രയില്‍.
യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്, പ്രത്യേകിച്ചും കാലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളില്‍ ആഴ്ചകളോളം എടുക്കാറുണ്ട്. യുഎസില്‍ ഏറ്റവും അധികം ജനങ്ങളുള്ള സംസ്ഥാനമാണ് കാലിഫോര്‍ണിയ. നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും ഇവിടെ ഇനിയും മൂന്ന് ലക്ഷം ബാലറ്റുകള്‍ എണ്ണാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കാലതാമസത്തിനെതിരെ ഇതിനകം വിമര്‍ശനം ശക്തമാണ്.
കാലിഫോര്‍ണിയയിലെ മെയില്‍ വോട്ടുകള്‍ എണ്ണാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ബാലറ്റ് കവറിലെ ഒപ്പുകള്‍ സ്ഥിരീകരിക്കുക, ബാലറ്റുകള്‍ തുറന്ന് പരിശോധിക്കുക, ക്രമീകരിക്കുക തുടങ്ങിയ പ്രക്രിയയെല്ലാം ആവശ്യമാണ്. ഇന്ത്യയിലെ കേന്ദ്രീകൃത തിരഞ്ഞെടുപ്പ് കമ്മീഷന് പകരം സ്വന്തമായ നിയമങ്ങളിലും സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസുകളാണ് യുഎസിലെ വോട്ടെണ്ണലിന് മേല്‍നോട്ടം വഹിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല