1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2024

സ്വന്തം ലേഖകൻ: ഒക്ടോബര്‍ മാസത്തില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് യാത്രക്കാരില്‍ നിന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന് (ജിഎസിഎ)ലഭിച്ചത് മൊത്തം 1029 പരാതികള്‍. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഗേജ് സേവനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അതു കഴിഞ്ഞാല്‍ കൂടുതല്‍ പരാതികള്‍ ടിക്കറ്റുകളുമായി ബന്ധപ്പെട്ടവയും ശേഷം വിമാനങ്ങളുമായി ബന്ധപ്പെട്ടവയുമാണ്.

സൂചിക പ്രകാരം ഏറ്റവും കുറവ് പരാതികളുള്ള എയര്‍ലൈനാണ് ഫ്‌ളൈ അദീല്‍. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 11 എന്ന തോതിലാണ് ഫ്‌ളൈ അദീലിനെതിരേ ലഭിച്ച പരാതികള്‍. ഫ്‌ളൈ അദീലിന്റെ പരാതി പരിഹാര നിരക്ക് ഒക്ടോബറില്‍ 99 ശതമാനമായിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സൗദി എയര്‍ലൈന്‍സിന് ഒരു ലക്ഷം യാത്രക്കാര്‍ക്ക് 12 എന്ന നിരക്കിലാണ് പരാതികളുള്ളത്. കമ്പനിയുടെ പരാതി കൈകാര്യം ചെയ്യുന്ന നിരക്ക് 99 ശതമാനമാണ്. അതേസമയം മറ്റൊരു വിമാനക്കമ്പനിയായ ഫ്‌ളൈ നാസിന് ഒരു ലക്ഷം പേര്‍ക്ക് 12 എന്ന തോതിലാണ് കഴിഞ്ഞ മാസം ലഭിച്ച പരാതികള്‍. യാത്രക്കാരില്‍ നിന്നുള്ള പരാതികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ഫ്‌ളൈനാസിന്റെ പരാതി പരിഹാര നിരക്ക് 100 ശതമാനമാണ്.

പ്രതിവര്‍ഷം 6 ദശലക്ഷത്തിലധികം യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട് ജിഎസിഎയ്ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനാണ് ഏറ്റവും കുറവ് പരാതികള്‍ ലഭിച്ചതെന്ന് അതോറിറ്റി സൂചിപ്പിച്ചു. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 0.4 ശതമാനം എന്ന നിരക്കില്‍ മൊത്തം 12 പരാതികള്‍ രേഖപ്പെടുത്തിയപ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ പരാതി കൈകാര്യം ചെയ്തതിന്റെ നിരക്ക് 100 ശതമാനമാണ്.

പ്രതിവര്‍ഷം 6 ദശലക്ഷത്തില്‍ താഴെ യാത്രക്കാരുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കായുള്ള സൂചികയില്‍, ജിഎസിഎയ്ക്ക് സമര്‍പ്പിച്ച ഏറ്റവും കുറഞ്ഞ പരാതികളില്‍ ബുറൈദയിലെ പ്രിന്‍സ് നായിഫ് അന്താരാഷ്ട്ര വിമാനത്താവളവും ഉള്‍പ്പെടുന്നു. ഈ വിമാനത്താവളത്തിലെ പരാതികളുടെ നിരക്ക് ഒരു ലക്ഷം യാത്രക്കാര്‍ക്ക് രണ്ട് ശതമാനമാണ്.

കൂടാതെ പരാതികളുടെ സമയോചിതമായ പരിഹാര നിരക്ക് 100 ശതമാനത്തിലെത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഭ്യന്തര വിമാനത്താവളങ്ങള്‍ക്കായുള്ള സൂചികയില്‍, അതോറിറ്റിക്ക് ഏറ്റവും കുറവ് പരാതികള്‍ സമര്‍പ്പിച്ച വിമാനത്താവളമാണ് ബിഷ എയര്‍പോര്‍ട്ട്. ഒരു ലക്ഷം യാത്രക്കാര്‍ക്ക് 3 ശതമാനം എന്ന നിരക്കിലാണ് ഇവിടെ ലഭിച്ച പരാതികള്‍. അതേസമം, സമയബന്ധിതമായ പരാതികള്‍ തീര്‍പ്പാക്കുന്ന കാര്യത്തിലും എയര്‍പോര്‍ട്ട് 100 ശതമാനമെന്ന നേട്ടം കൈവരിച്ചു.

എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് പ്രൊവൈഡര്‍മാരുടെയും എയര്‍പോര്‍ട്ടുകളുടെയും വര്‍ഗ്ഗീകരണ സൂചികയെക്കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ട് പുറപ്പെടുവിക്കുന്നതിലൂടെ, അതോറിറ്റിക്ക് സമര്‍പ്പിച്ച പരാതികളുടെ അടിസ്ഥാനത്തില്‍, അവരുടെ ഉപഭോക്താക്കള്‍ക്ക് പരിഹാരം നല്‍കുന്നതില്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സേവന ദാതാക്കളുടെയും വിമാനത്താവളങ്ങളുടെയും പ്രകടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് അധിതര്‍ അറിയിച്ചു.

അതിനാല്‍ ഈ സൂചികയുടെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്ക് ഉചിതമായ സേവന ദാതാവിനെ തിരഞ്ഞെടുക്കാനാകും. ഇത് സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ പരാതി പരിഹരിക്കുന്നതിനോട് താല്‍പര്യം പ്രകടിപ്പിക്കുന്നതിനും അവരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സേവന ദാതാക്കളും വിമാനത്താവളങ്ങളും തമ്മിലുള്ള ന്യായമായ മത്സരം ഉത്തേജിപ്പിക്കുന്നതിന് ഈ റിപ്പോര്‍ട്ട് സഹായകമാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.