1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2024

സ്വന്തം ലേഖകൻ: ജീവനക്കാരുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തൊഴിലുടമകളെ സഹായിക്കുന്ന ഒരു എഐ സോഫ്റ്റ്‌വെയറിന്റെ വരവില്‍ ഞെട്ടിയിരിക്കുകയാണ് ടെക്കികളടക്കമുള്ളവര്‍. ‘ഡിസ്റ്റോപ്പിയന്‍’ എന്ന് പേരുള്ള ഈ പ്രൊഡക്റ്റിവിറ്റി മോണിറ്ററിങ് എഐ സോഫ്റ്റ്‌വെയര്‍ കമ്പനി ജീവനക്കാരുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുവേണ്ടിയും അവരെ എങ്ങനെ ഒഴിവാക്കാമെന്ന നിര്‍ദേശങ്ങൾ വെക്കാനും ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.

ഒരു റെഡിറ്റ് ഉപയോക്താവാണ് ഇത്തരമൊരു സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വിവിധ ഘടകങ്ങള്‍ വിലയിരുത്തി തൊഴിലാളികളുടെ കാര്യക്ഷമത സൂക്ഷ്മമായി നിരീക്ഷിച്ച് ഒരു ‘പ്രൊഡക്ടിവിറ്റി ഗ്രാഫ്’ സൃഷ്ടിക്കുന്നതിനൊപ്പം, കാര്യക്ഷമതയില്ലെന്ന് തോന്നുന്ന തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമകളോട് നിര്‍ദേശിക്കുകയും ചെയ്യും ഈ സോഫ്റ്റ്‌വെയര്‍.

പൂര്‍ണമായ കീ ലോഗിങ്ങും മൗസിന്റെ ചലനങ്ങളുമെല്ലാം ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കാനാകും. ഓരോ ഇടവേളയിലും നിങ്ങളുടെ ഡെസ്‌ക്ടോപ്പിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കും. കമ്പ്യൂട്ടറില്‍ നിങ്ങള്‍ തുറക്കുന്ന പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതുവഴി നിരീക്ഷിക്കാനാകും. എത്ര തവണ ഇടവിട്ട് നിങ്ങള്‍ ഒരു പ്രോഗ്രാം തുറക്കുന്നു, അടയ്ക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ഇത് നിരീക്ഷിക്കും. തത്സമയ റെക്കോഡിങ്ങും പ്രോഗ്രാമില്‍ എവിടെയാണ് നിങ്ങള്‍ കൂടുതല്‍ തവണ ക്ലിക്ക് ചെയ്യുന്നത് എന്നതനുസരിച്ചുള്ള ഹീറ്റ് മാപ്പും ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കും.

തീര്‍ന്നില്ല ഓരോ ജീവനക്കാരെയും പ്രത്യേക ‘ജോലി വിഭാഗത്തില്‍’ ഉള്‍പ്പെടുത്തി വേര്‍തിരിക്കാനുള്ള സൗകര്യവും ഈ സോഫ്റ്റ്‌വെയറിലുണ്ട്. ജീവനക്കാരുടെ മൗസിന്റെ ചലനങ്ങള്‍, അവര്‍ എവിടെ ക്ലിക്ക് ചെയ്യുന്നു, എത്ര വേഗത്തില്‍ ടൈപ്പ് ചെയ്യുന്നു, എത്ര തവണ ബാക്ക്സ്പേസ് ഉപയോഗിക്കുന്നു, ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നു, ഏതൊക്കെ പ്രോഗ്രാമുകള്‍ തുറക്കുന്നു, എത്ര ഇമെയിലുകള്‍ അയക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം വിശകലനം ചെയ്ത് അവരെ പരസ്പരം താരതമ്യം ചെയ്ത് ഒരു ‘പ്രൊഡക്ടിവിറ്റി ഗ്രാഫ്’ ഉണ്ടാക്കാനും ഈ സോഫ്റ്റ്‌വെയര്‍ വഴി സാധിക്കും.

ഇവയെല്ലാം വിലയിരുത്തി ഒരു ജീവനക്കാരന്റെ മാര്‍ക്ക് നിശ്ചിത കട്ട്ഓഫ് ശതമാനത്തില്‍ താഴെയാണെങ്കില്‍, ആ ജീവനക്കാരന് ഒരു റെഡ് ഫ്‌ളാഗ് ലഭിക്കും. ഇതിന്റെ നോട്ടിഫിക്കേഷന്‍ തത്ക്ഷണം മാനേജര്‍ക്കും മറ്റുള്ളവര്‍ക്കും അയക്കും. റെഡിറ്റിലെ പോസ്റ്റ് വൈറലായതോടെ നിരവധിയാളുകളാണ് ഇതിനെതിരേ രംഗത്തെത്തിയത്. ആശങ്കയറിയിച്ചും നിരവധിയാളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.