1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2024

സ്വന്തം ലേഖകൻ: ഹിസ്ബുള്ളയുമായി 13 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ കരാറിന് സമ്മതം അറിയിച്ചിരിക്കുകയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസും ഫ്രാന്‍സും നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവിലാണ് സമാധാന കരാര്‍ നിലവില്‍ വന്നത്.

സ്ഥിരമായ വെടിനിര്‍ത്തല്‍ എന്ന നിലയിലാണ് ഈ കരാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നാണ് ജോ ബൈഡന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ വരുംമുമ്പ് ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ ബെയ്റുത്തില്‍ ശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഇത് കരാറിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. കരാറിന്റെ ഭാഗമായി ചില വ്യവസ്ഥകളും ഇരുപക്ഷവും പാലിക്കേണ്ടതുണ്ട്.

60 ദിവസത്തിനകം ഹിസ്ബുള്ള തങ്ങളുടെ പോരാളികളെയും ആയുധങ്ങളെയും ബ്ലൂ ലൈനിനും ലിറ്റാനി നദിക്കും ഇടയില്‍ നിന്ന് നീക്കം ചെയ്യണം. പകരം ഈ മേഖലയില്‍ ലെബനീസ് സൈന്യത്തെ വിന്യസിക്കും. ഇതേ 60 ദിവസത്തിനുള്ളില്‍ തന്നെ ഇസ്രയേല്‍ തങ്ങളുടെ ശേഷിക്കുന്ന സൈന്യത്തെ ലെബനനില്‍ നിന്ന് പിന്‍വലിക്കണം.

ഇസ്രായേല്‍ സൈന്യം തെക്കോട്ടും ഹിസ്ബുള്ള വടക്കോട്ടും നീങ്ങുമ്പോള്‍ ബ്ലൂ ലൈനിന് ചുറ്റുമുള്ള പ്രദേശത്ത് ലെബനീസ് സൈന്യമായിരിക്കും പട്രോളിങ് നടത്തുക. കരാര്‍ നടപ്പിലാക്കാന്‍ സഹായിക്കുന്നതിന്, നിലവിലുള്ള ലെബനന്‍ സൈന്യം, ഇസ്രായേല്‍ സൈന്യം, ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേന എന്നിവ ഉള്‍പ്പെടുന്ന നിലവിലുള്ള ത്രികക്ഷി സംവിധാനത്തില്‍ അമേരിക്കയും ഫ്രാന്‍സും ചേരും.

ലെബനനില്‍ യുഎസ് സൈനികരൊന്നും ഉണ്ടാകില്ല, എന്നാല്‍ യുഎസും ഫ്രഞ്ച് സേനയും ലെബനന്‍ സൈന്യത്തെ പരിശീലനത്തിലും മറ്റും സഹായിക്കും. ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങളും നല്‍കും. തെക്കന്‍ ലെബനനിലെ സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെട്ട് കൊണ്ടാണ് സമാധാന കരാര്‍ വന്നിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.