1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2024

സ്വന്തം ലേഖകൻ: അനധികത താമസക്കാർക്ക് പരമാവധി 5 വർഷം തടവും 10,000 ദിനാർ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പരിഷ്ക്കരിച്ച റസിഡൻസി നിയമം കുവൈത്ത് ഉടൻ നടപ്പാക്കും. നിയമഭേദഗതിക്ക് കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ നിയമം എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം.

വിദേശികളുടെ വരവ്, താമസം, റസിഡൻസി പെർമിറ്റ്, ഗാർഹിക തൊഴിലാളികൾ, സർക്കാർ ജോലിക്കാർ, സ്പോൺസറുടെ ഉത്തരവാദിത്തം, ഇവർക്കുള്ള സർക്കാർ സേവന ഫീസ്, മനുഷ്യക്കടത്ത്, വീസ കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെല്ലാം കടുത്ത ശിക്ഷയാണ് നിയമഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നത്.

അതിനിടെ 60 വയസും അതിൽ കൂടുതലും പ്രായമുള്ള പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വീസ നിയന്ത്രണങ്ങളെ നിശിതമായി വിമർശിച്ച് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ്. അത്തരം നിയമങ്ങൾ കുവൈത്തിൻ്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടിൻ്റെ അധ്യായമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

“സ്വകാര്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന 60 വയസ്സിനു മുകളിലുള്ള പ്രവാസികളെ സംബന്ധിച്ച തീരുമാനം കുവൈത്തിൻ്റെ മാനുഷിക ചരിത്രത്തിലെ നാണക്കേടാണ്,” അൽ ജരീദ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. ഇവിടെ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷിത താവളമാണ് കുവൈത്ത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.