1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2024

സ്വന്തം ലേഖകൻ: യുകെയില്‍ പതിനഞ്ചു വയസോ അതില്‍ താഴെയുള്ള ആരും പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് നിയമവിരുദ്ധമാക്കാനുള്ള പദ്ധതികള്‍ക്കു അംഗീകാരം നല്‍കി എംപിമാര്‍. രാജ്യത്തു ഘട്ടം ഘട്ടമായി പുകവലി നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. റിഷി സുനകിന്റെ സര്‍ക്കാരാണ് ആദ്യമായി ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ആ സര്‍ക്കാരിന് കഴിഞ്ഞില്ല. തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയതിനു ശേഷം ഇത് വീണ്ടും പൊടിതട്ടി എടുക്കുകയായിരുന്നു.

ചൊവ്വാഴ്ച പുതിയ ടുബാക്കോ ആന്‍ഡ് വേപ്സ് ബില്‍ 47നെതിരെ 415 വോട്ടുകള്‍ക്കാണ് പാസ്സാക്കിയത്. എന്നാല്‍ ചില ടോറി , ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ഇത് പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആശങ്ക ഉന്നയിച്ചു. പാര്‍ലമെന്റില്‍ പാസായ ബില്‍ എംപിമാരില്‍ നിന്നും മറ്റ് വിദഗ്ധരില്‍ നിന്നും കൂടുതല്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെങ്കിലും നിയമമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ സ്വതന്ത്ര വോട്ട് ചെയ്യാന്‍ കണ്‍സര്‍വേറ്റീവ്, ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളെ അനുവദിച്ചിരുന്നു. കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബാഡെനോക്ക്, മുന്‍ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവര്‍മാന്‍ എന്നിവര്‍ ബില്ലിനെതിരെ വോട്ട് ചെയ്തപ്പോള്‍ ടോറി എംപിമാരില്‍ ഭൂരിപക്ഷം പേരും ബില്ലിനെ പിന്തുണച്ചു.

ഏറ്റവും മഹത്തായ പൊതുജനാരോഗ്യ ഇടപെടലായാണ് ബില്ലിനെ ആരോഗ്യവിദഗ്ധര്‍ കാണുന്നത്. അടുത്ത അഞ്ച് വര്‍ഷ കാലം കൊണ്ട് പുകവലി മൂലമുള്ള കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ കാലയളവില്‍ ഏകദേശം 3 ലക്ഷം ബ്രിട്ടീഷുകാര്‍ രോഗബാധിതരാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പുകവലി നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി യുകെ മാറാനുള്ള പദ്ധതികളെ പിന്തുണയ്ക്കാന്‍ എംപിമാരുടെ മേല്‍ ശക്തമായ സമ്മര്‍ദ്ദ നീക്കമുണ്ടായിരുന്നു .

പുകവലി പൂര്‍ണമായും നിരോധിക്കുന്നത് കാന്‍സറിനെ കൂടാതെ ജന്മ വൈകല്യങ്ങളും, ആസ്ത്മയും , സ്ട്രോക്ക്, ഹൃദ്രോഗം, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങളും കുറയുന്നതിന് സഹായിക്കുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ ക്രിസ് വിറ്റി പറഞ്ഞു. പുകയില ഉത്പന്നങ്ങള്‍ മേടിക്കുന്നതിനുള്ള പ്രായം ക്രമേണ ഉയര്‍ത്തി കൊണ്ടു വരുന്നത് ആദ്യത്തെ പുകവലി രഹിത തലമുറയും രാജ്യവുമായി മാറാന്‍ യുകെയെ സഹായിക്കുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

അടുത്ത അഞ്ച് വര്‍ഷ കാലം കൊണ്ട് പുകവലി മൂലമുള്ള കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ വന്‍ കുതിച്ചു കയറ്റം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ കാലയളവില്‍ ഏകദേശം 3 ലക്ഷം ബ്രിട്ടീഷുകാര്‍ രോഗബാധിതരാകുമെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തു വന്നിരിക്കുന്നത്.

2009 ജനുവരി 1 ന് ശേഷം ജനിച്ചവര്‍ക്ക് നിയമപരമായി പുകയില വാങ്ങുന്നത് നിരോധിക്കാനുള്ള ബില്‍ ആണ് പാസായത്. യുകെയില്‍ പുകവലി മൂലമുള്ള മരണത്തിന്റെയും നാശത്തിന്റെയും വ്യാപ്തി എംപിമാര്‍ക്ക് അവഗണിക്കാന്‍ സാധിക്കില്ലെന്നും പ്രതിദിനം 350 യുവജനങ്ങള്‍ പുതുതായി പുകവലിക്കാന്‍ ആരംഭിക്കുന്നതായുള്ള കണക്കുകള്‍ ഉദ്ധരിച്ച് കാന്‍സര്‍ റിസര്‍ച്ച് യുകെ പറഞ്ഞു. ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് കാന്‍സര്‍ പിടിപെടുന്നത് എന്‍എച്ച്എസില്‍ കടുത്ത സമ്മര്‍ദ്ദം ഉളവാക്കുന്നതിന് മുഖ്യകാരണമായ പുകവലിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു എന്നാണ് കാന്‍സര്‍ റിസര്‍ച്ച് യുകെയിലെ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നിലവിലെ പ്രവണതകള്‍ തുടരുകയാണെങ്കില്‍ 2029 ഓടെ യുകെയിലുടനീളം 296,661 പുതിയ കാന്‍സര്‍ കേസുകള്‍ ഉണ്ടാകുമെന്ന് ചാരിറ്റി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വിശകലനത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ശരാശരി 160 ഓളം കാന്‍സര്‍ കേസുകളുടെ രോഗനിര്‍ണയം പുകവലി കാരണം ഓരോ ദിവസവും നടത്തുന്നതായുള്ള വെളിപ്പെടുത്തലും പുറത്തു വന്നിട്ടുണ്ട്.

ഇതിലും ഞെട്ടിക്കുന്ന കണക്കുകളാണ് പുകവലിക്കാത്തവര്‍ക്ക് മറ്റുള്ളവരുടെ പുകവലി ഉപയോഗം മൂലം ഉണ്ടാകുന്നത്. മറ്റുള്ളവരുടെ പുകവലി മൂലം 2846 പേര്‍ക്ക് കാന്‍സര്‍ പിടിപെടാനുള്ള സാധ്യതയാണ് വിശകലനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഉപയോഗിക്കുന്നവരില്‍ മൂന്നില്‍ രണ്ടുപേരെ പുകവലി കൊല്ലുന്നതായി ചാരിറ്റിയുടെ പോളിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ ഇയാന്‍ വാക്കര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.