1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2024

സ്വന്തം ലേഖകൻ: സൗദിയുടെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് റിയാദ് മെട്രോ പദ്ധതിയുടെ ഉദ്ഘാടനം സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർവഹിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. റിയാദിലെ പൊതുഗതാഗത ശൃംഖലയുടെ നട്ടെല്ലാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു.

176 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് ട്രെയിൻ ലൈനുകളും നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 സ്റ്റേഷനുകളും ഉൾപ്പെടുന്ന ഒരു ശൃംഖലയാണ് റിയാദ് മെട്രോയിലുള്ളത്. മെട്രോ, ബസ് ശൃംഖലകളിൽ വ്യാപിച്ചുകിടക്കുന്ന റിയാദ് പൊതുഗതാഗത പദ്ധതി, സൽമാൻ രാജാവിൻ്റെ യോജിച്ച ശ്രമങ്ങളുടെയും റിയാദിൻ്റെ വികസനത്തിനായുള്ള ഹൈക്കമ്മീഷൻ ചെയർമാനായിരിക്കെ അദ്ദേഹം കാഴ്ചവച്ച ദർശനപരമായ നേതൃത്വത്തിൻ്റെയും ഫലമാണെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

റിയാദിൻ്റെ വികസനത്തിനായി ഹൈക്കമ്മീഷൻ തയാറാക്കിയ വിവിധ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിയാദ് സിറ്റിയിൽ പൊതുഗതാഗത പദ്ധതി ആരംഭിച്ചത്. തലസ്ഥാനത്തെ പൊതുഗതാഗത മേഖലയുടെ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാവാൻ സാധ്യതയുള്ളതുമായ ആവശ്യങ്ങൾ പഠിക്കുകയും നഗരത്തിനും അതിൻ്റെ സ്വഭാവസവിശേഷതകൾക്കും അനുയോജ്യമായ ഒരു സുസ്ഥിര പൊതുഗതാഗത സംവിധാനം സ്ഥാപിക്കുന്നതിനുള്ള മികച്ച പരിഹാരങ്ങളും ഓപ്ഷനുകളും കണ്ടെത്തിയതിൻ്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ ഒന്ന് മുതൽ മെട്രോ പൊതുജനങ്ങൾക്കായി സർവീസ് ആരംഭിക്കും. ദിവസവും രാവിലെ 6 മുതൽ അർദ്ധരാത്രി വരെ റിയാദ് മെട്രോ സർവീസ് നടത്തും. ഡിസംബർ ഒന്നിന് നീല, മഞ്ഞ, പർപ്പ്ൾ ലൈനുകളാണ് സർവീസ് ആരംഭിക്കുക. രണ്ടാം ഘട്ടമായി ഡിസംബർ 15ന് ചുവപ്പ്, പച്ച ലൈനുകളും മൂന്നാം ഘട്ടമായി 2025 ജനുവരി 5ന് ഓറഞ്ച് ലൈനും തുറക്കും.

റിയാദ് മെട്രോ നഗരത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നഗരത്തിലെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുമെന്ന്, ഉദ്ഘാന പ്രഖ്യാപനത്തിന് ശേഷം, സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു.

കിങ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ട് കോറിഡോറിലേക്കുള്ളതാണ് യെലോ ലൈൻ. ബ്ലൂ ലൈൻ ഒലയ സ്ട്രീറ്റിനെ ബത്തയുമായി ബന്ധിപ്പിക്കുന്നു. അബ്ദുൾറഹ്മാൻ ബിൻ ഔഫ് റോഡിനെ ശെയ്ഖ് ഹസൻ ബിൻ ഹുസൈൻ റോഡിലേക്ക് ബന്ധിപ്പിക്കുന്നതാണ് പർപ്പിൾ ലൈൻ. കിങ് അബ്ദുൽ അസീസ് റോഡിലൂടെയുള്ള ഗ്രീൻ ലൈനും കിങ് അബ്ദുല്ല റോഡിലൂടെയുള്ള റെഡ് ലൈനുമാണ് ഡിസംബർ 15ന് സർവീസ് ആരംഭിക്കുക. ജനുവരി 5ഓടെ തുടങ്ങുന്ന ഓറഞ്ച് ലൈൻ ദീന റോഡ് ഇടനാഴിയിലേക്കുള്ളതാണ്.

മൊബൈൽ ആപ്പ് സ്റ്റോറുകളിൽ ലഭ്യമായ “ദർബ്” ആപ്പ് വഴി യാത്രക്കാർക്ക് അവരുടെ യാത്രകൾ ആസൂത്രണം ചെയ്യാനും ടിക്കറ്റുകൾ വാങ്ങാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക്, യാത്രക്കാർക്ക് പ്രോജക്റ്റിൻ്റെ ഏകീകൃത കോൾ സെൻ്ററുമായി 19933 എന്ന നമ്പറിൽ ബന്ധപ്പെടാം. റിയാദ് മെട്രോ വെബ്‌സൈറ്റ് സന്ദർശിച്ചും പദ്ധതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും വിവരങ്ങൾ ലഭിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.