സ്വന്തം ലേഖകൻ: 53-ാമത് ദേശീയ ദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് യുഎഇയുടെ നാടും നഗരവും. സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ള യുഎഇ നിവാസികള്‍ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. എന്നാല്‍ ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും അവ വഴിതെറ്റിപ്പോവുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാവര്‍ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ ആഘോഷം ഉറപ്പാക്കുന്നതിനുമായി 14 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് യുഎഇ ആഭ്യന്തര മന്ത്രാലയം.
നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ആഘോഷങ്ങളില്‍ പങ്കുചേരാവൂ എന്ന് മന്ത്രാലയം താമസക്കാരെ ഓര്‍മിപ്പിച്ചു. മന്ത്രാലയം പുറത്തുവിട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ്:
- ക്രമരഹിതമായ മാര്‍ച്ചുകളും ഒത്തുചേരലുകളും സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യരുത്.
- എല്ലാ ട്രാഫിക് നിയമങ്ങളും പാലിക്കുകയും പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുക.
- ഡ്രൈവര്‍മാരോ യാത്രക്കാരോ കാല്‍നടയാത്രക്കാരോ പാര്‍ട്ടി സ്‌പ്രേകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- വാഹനത്തിന്‍റെ മുന്നിലും പിന്നിലും ഉള്ള ലൈസന്‍സ് പ്ലേറ്റുകള്‍ ദൃശ്യമാണെന്ന് ഉറപ്പാക്കുക. വാഹനത്തിന്റെന്‍റെ നിറം മാറ്റുകയോ വിന്‍ഡ്സ്‌ക്രീന്‍ ഇരുണ്ടതാക്കുകയോ ടിന്‍റ് ചെയ്യുകയോ ചെയ്യരുത്.
- ഈദ് അല്‍ ഇത്തിഹാദിന് മാത്രമുള്ളതും ഔദ്യോഗിക മാര്‍ഗനിര്‍ദേശങ്ങളും വ്യവസ്ഥകളും പാലിക്കുന്നതുമായ സ്റ്റിക്കറുകളും അടയാളങ്ങളും ലോഗോകളും മാത്രമേ വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ പാടുള്ളൂ.
- ഒരു വാഹനത്തില്‍ അനുവദനീയമായതിനേക്കാള്‍ യാത്രക്കാരുടെ എണ്ണം കവിയരുത്. ജനലിലൂടെയോ സണ്‍റൂഫിലൂടെയോ യാത്രക്കാര്‍ പുറത്തുകടക്കരുത്.
- വാഹനത്തില്‍ അനധികൃത മാറ്റങ്ങള്‍ വരുത്തുന്നതും കാറുകള്‍ ശബ്ദമുണ്ടാക്കുന്നതോ കാഴ്ചയെ തടസ്സപ്പെടുത്തുന്നതോ ആയ അനധികൃത ഫീച്ചറുകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കുക.
- ഗതാഗതം തടസ്സപ്പെടുത്തുകയോ അത്യാഹിത വാഹനങ്ങളുടെ (ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ്, പോലീസ് പട്രോളിംഗ്) സഞ്ചാരം തടയുകയോ ചെയ്യരുത്.
- ആന്തരികമോ ബാഹ്യമോ ആയ റോഡുകളില്‍ സ്റ്റണ്ടുകള്‍ നടത്തരുത്.
- വാഹനത്തിന്‍റെ വശമോ മുന്‍ഭാഗമോ പിന്‍ഭാഗമോ സ്റ്റിക്കറുകള്‍ കൊണ്ട് മൂടരുത്. ദൃശ്യപരതയെ തടയുന്ന സണ്‍ഷേഡുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്‌കാര്‍ഫുകള്‍ മാത്രം ധരിക്കുക.
- യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്‍റെ പതാക മാത്രം ഉയര്‍ത്തുക. മറ്റ് രാജ്യങ്ങളുടെ പതാകകള്‍ അനുവദനീയമല്ല.
- ഈദ് അല്‍ ഇത്തിഹാദ് ആഘോഷങ്ങളുടെ ഔദ്യോഗിക പാട്ടുകളും സംഗീതവും മാത്രമേ ഉപയോഗിക്കാവൂ.
- ഈദ് അല്‍ ഇത്തിഹാദിന് പ്രത്യേകമായി അനുവദിച്ച യുഎഇ പതാകയോ അനുബന്ധ സ്റ്റിക്കറുകളോ അല്ലാതെയുള്ളവ പതിക്കുന്നതില്‍ നിന്ന് ഡെക്കറേഷന്‍ ഷോപ്പുകളും ഡ്രൈവര്‍മാരും വിട്ടുനില്‍ക്കണം.
ഡിസംബര്‍ 2 ന് നടക്കുന്ന ഈദ് അല്‍ ഇത്തിഹാദിന്‍റെ ഭാഗമായി രണ്ട് ദിവസത്തെ പൊതുഅവധിക്കൊപ്പം, നവംബര്‍ 29 വെള്ളിയാഴ്ച മുതല്‍ ഒരു നീണ്ട വാരാന്ത്യമാണ് യുഎഇ നിവാസികളെ കാത്തിരിക്കുന്നത്. പൊതു അവധിയുടെ നാല് ദിവസങ്ങളില്‍ നിരവധി ഡ്രോണ്‍ ഷോകളും സൈനിക പരേഡുകളും കരിമരുന്ന് പ്രയോഗങ്ങളും സംഗീത കലാ പരിപാടികളും മറ്റുമായി വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ആസൂത്രണം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല