1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2024

സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലും വെയില്‍സിലും ദയാവധം നിയമ വിധേയമാക്കാനുള്ള സുപ്രധാന ബില്ലില്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അംഗീകാരം. വികാരപരമായ പ്രസംഗങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും ഒടുവിലാണ് 275നെതിരെ 330 വോട്ടുകള്‍ക്ക് ബില്ല് പാസായത്. എതാനും മാസങ്ങള്‍ നീളുന്ന മറ്റ് പാര്‍ലമെന്ററി നടപടികള്‍കൂടി പൂര്‍ത്തിയായാല്‍ ബില്ല് നിയമമായി മാറും.

ഇതോടെ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പ്രായപൂര്‍ത്തിയായ ഒരു രോഗിക്ക് ആറു മാസത്തിനുള്ളില്‍ മരണം ഉറപ്പാണെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ വൈദ്യസഹായത്തോടെ മരണം വരിക്കാന്‍ അവസരമുണ്ടാകും. കത്തോലിക്കാ സഭയും നിരവധി സാമൂഹിക സംഘടനകളും ആക്ടിവിസ്റ്റുകളുമെല്ലാം തുറന്ന് എതിര്‍ത്ത ബില്ലിന് വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.

ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയില്‍ തന്നെ ബില്ലിനെ എതിര്‍ത്ത് ഒരു വിഭാഗം രംഗത്ത് എത്തി. ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യുമ്പോള്‍ ഇതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വെസ്റ്റ്മിനിസ്റ്ററിലെ പാര്‍ലമെന്റ് സ്ക്വയറില്‍ തടിച്ചുകൂടി. ബില്ലിനെ എതിര്‍ക്കുന്നവര്‍ നിരാശയോടെയും അനുകൂലിക്കുന്നവര്‍ ആഹ്ലാദാരവങ്ങളോടെയുമാണ് പാര്‍ലമെന്റില്‍ നിന്നുള്ള വാര്‍ത്തയെ എതിരേറ്റത്.

മരണത്തിന് വൈദ്യസഹായം നേടാന്‍ നിലവിലെ നിയമപ്രകാരം ബ്രിട്ടണില്‍ വ്യവസ്ഥയില്ല. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇത് സാധ്യമാകും. വൈദ്യശാസ്ത്രപരമായും നിയമപരമായുമുള്ള ഒട്ടേറെ കടമ്പകളിലൂടെ മാത്രമേ ഇതിലേക്ക് ഒരാള്‍ക്ക് എത്തിച്ചേരാനാകൂ എന്നു മാത്രം.

ലേബര്‍ എംപിമാരില്‍ 234 പേരാണ് ബില്ലിനെ അനുകൂലിച്ചത്. 147 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 92 പേര്‍ ബില്ലിന് എതിരായിരുന്നു. എന്നാല്‍ 23 പേര്‍ ബില്ലിനെ അനുകൂലിച്ചു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ 61 അംഗങ്ങളും ബില്ലിന് അനുകൂലമായിരുന്നു. ഇത്തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ ഒരു വിഭാഗത്തിന്റെ പിന്തുണകൂടി നേടിയാണ് ബ്ലില് പാസാക്കാനായത്.

താന്‍ ബില്ലിനെ എതിര്‍ക്കുന്നതായി അറിയിച്ച് നിലപാടെടുത്ത ജസ്റ്റിസ് സെക്രട്ടറി ഷബാന മെഹ്മൂദ് തന്റെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. മതവിശ്വാസങ്ങള്‍ അടിസ്ഥാനമാക്കിയും, ബില്ലിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചും വിവിധ വിഭാഗങ്ങള്‍ ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. ഇതൊരു സ്വതന്ത്ര വോട്ടെടുപ്പായാണ് നടന്നത്. പാര്‍ട്ടി വിപ്പില്ലാതെ എംപിമാര്‍ക്ക് ഇതിനെ അനുകൂലിക്കണോ പ്രതികൂലിക്കണോ എന്ന കാര്യത്തില്‍ സ്വയം തീരുമാനിക്കാമായിരുന്നു.

ഏറ്റവും അധിക കാലം എംപിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ലേബര്‍ പാര്‍ട്ടി എംപി ഡയാന്‍ ആബട്ടും കണ്‍സര്‍വേറ്റിവ് എംപി സര്‍ എഡ്വേര്‍ഡ് ലീയും ബില്ലിനെതിരെ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. 2015 ല്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ 118 നെതിരെ 330 വോട്ടുകള്‍ക്ക് ഇതു നിരസിക്കപ്പെട്ടിരുന്നു. നിലവിലെ നിയമങ്ങള്‍ പൊളിച്ചെഴുതിയാണ് ‘മരിക്കാനുള്ള അവകാശം’ സമ്മാനിക്കപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.