സ്വന്തം ലേഖകൻ: ഈദ് അല്‍ ഇത്തിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ നാല് എമിറേറ്റുകളില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ, റാസല്‍ ഖൈമ, ഉമ്മുല്‍ ഖുവൈന്‍, അജ്മാന്‍ എന്നീ എമിറേറ്രുകളാണ് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചത്.
ഡിസംബര്‍ 2 മുതല്‍ 53 ദിവസത്തേക്ക് ഇളവ് ബാധകമാകുമെന്ന് ഫുജൈറ പോലീസ് അറിയിച്ചു. ഡിസംബര്‍ ഒന്നിന് മുമ്പ് നടത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ വിട്ടുനല്‍കുകയും ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ ഒഴിവാക്കി നല്‍കുകയും ചെയ്യും. അതേസമയം, ഗുരുതരമായ നിയമ ലംഘനങ്ങള്‍ക്ക് ഇളവ് ആനുകൂല്യം ലഭിക്കില്ല.
റാസല്‍ ഖൈമ പോലിസാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ച ആദ്യ എമിറേറ്റ്. ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് 50 ശതമാനം ട്രാഫിക് പിഴ ഇളവ് പോലിസ് പ്രഖ്യാപിച്ചത്. ഇവിടെയും ഡിസംബര്‍ 1-ന് മുമ്പ് സംഭവിച്ച നിയമലംഘനങ്ങളുടെ പിഴയിലാണ് ഇളവ് നല്‍കുകയെന്ന് അതോറിറ്റി പറഞ്ഞു. ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങള്‍ ഒഴികെയുള്ളവയ്ക്കാണ് ഇളവ് ബാധകമാവുക.
അജ്മാന്‍ പോലീസ് 2024 നവംബര്‍ 4 മുതല്‍ ഡിസംബര്‍ 15 വരെയുള്ള ട്രാഫിക് പിഴകള്‍ക്കാണ് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ ഒക്ടോബര്‍ 31-ന് മുമ്പ് എമിറേറ്റില്‍ വച്ച നടന്ന എല്ലാ പിഴകള്‍ക്കുമാണ് ഇളവ് ലഭിക്കുക.
ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റില്‍ ഡിസംബര്‍ 1 മുതല്‍ 2025 ജനുവരി 5 വരെയാണ് ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ഡിസംബര്‍ 1-ന് മുമ്പ് ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഈ തീരുമാനം ബാധകമാണ്. വാഹനങ്ങള്‍ പിടിച്ചെടുക്കല്‍, ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ എന്നിവ റദ്ദാക്കുന്നതും ഈ സംരംഭത്തില്‍ ഉള്‍പ്പെടുന്നു. ഇവിടെയും ഗുരുതരമായ ലംഘനങ്ങളെ പിഴയിളവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
എല്ലാ വാഹന ഉടമകളോടും തീരുമാനം പ്രയോജനപ്പെടുത്താനും അവരുടെ സഞ്ചിത പിഴ അടയ്ക്കാനും ട്രാഫിക് നിയമങ്ങള്‍ പാലിക്കാനും അതോറിറ്റി ആവശ്യപ്പെട്ടു. ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രത്തെ പിന്തുണയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്നും വിവിധ എമിറേറ്റുകള്‍ പ്രസ്താവനയില്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല