സ്വന്തം ലേഖകൻ: അടുത്ത 2040 വരെ ജർമനിയുടെ തൊഴിൽ മേഖലയിലേക്ക് പ്രതിവർഷം 2,88,000 വിദേശീയരെ ആവശ്യമെന്ന് റിപ്പോർട്ട്. തൊഴിൽ മേഖലയിൽ സ്ഥിരത നിലനിർത്താനായി 2040 വരെ പ്രതിവർഷം ശരാശരി 2,88,000 കുടിയേറ്റ തൊഴിലാളികളെയാണ് ജർമനിക്ക് ആവശ്യമായി വരുന്നത്.
ഗാർഹിക തൊഴിൽ മേഖലയുടെ പ്രാതിനിധ്യത്തിൽ, പ്രത്യേകിച്ചും സ്ത്രീകളുടെയും പ്രായം ചെന്ന തൊഴിലാളികളുടെയും എണ്ണം ഗണ്യമായി കുറഞ്ഞാൽ 2,88,000 എന്നത് 3,68,000 ആയി ഉയരുമെന്നും ബെർട്ടിൽസ്മാൻ സ്റ്റിഫ്റ്റങ്ങിന്റെ റിപ്പോർട്ടിൽ പറയുന്നു.
വിദേശീയർക്ക് കൂടുതൽ അവസരങ്ങൾ നൽകി കൊണ്ട് രാജ്യത്തിന്റെ തൊഴിൽ മേഖലയിൽ സ്ഥിരത കൈവരിക്കുകയാണ് ലക്ഷ്യം. വിവിധ സ്ഥാപനങ്ങളിലേക്കും ഓഫിസുകളിലേക്കുമെല്ലാം നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളെയാണ് ആവശ്യമായി വരുന്നത്.
വരും വർഷങ്ങളിൽ വലിയൊരു വിഭാഗം പേർ റിട്ടയർ ചെയ്യുമെന്നത് തൊഴിൽ രംഗത്ത് ജീവനക്കാരുടെ ഗണ്യമായ കുറവിന് ഇടയാക്കുകയും സമ്പദ് വ്യവസ്ഥയുടെ വളർച്ച കുറയ്ക്കുകയും ചെയ്യുമെന്നതാണ് കൂടുതൽ വിദേശ തൊഴിലാളികൾക്ക് ജർമനി അവസരം നൽകുന്നത്.
ഇന്ത്യയിൽ നിന്ന് ജർമനിയിലേക്ക് പ്രതിവർഷം നല്ലൊരു ശതമാനം പേർ ജോലിക്കായി പോകുന്നുണ്ട്. അടുത്തിടെയാണ് ജർമനി വീസ നിയമങ്ങൾ ലഘൂകരിച്ചത്. കൂടുതൽ കുടിയേറ്റ തൊഴിലാളികളെ ആവശ്യമുണ്ടെന്ന റിപ്പോർട്ട് ഉദ്യോഗാർഥികൾക്ക് ശുഭ പ്രതീക്ഷയാണ് നൽകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല