സ്വന്തം ലേഖകൻ: 53-ാമത് ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദിനോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ സന്ദേശമയച്ചു.
കൈപ്പടയില്‍ എഴുതി എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു, ”യുഎഇയിലെ ജനങ്ങളോട്, ഈദ് അല്‍ ഇത്തിഹാദിന്റെ വേളയില്‍, യുഎഇ പൗരന്മാരിലും താമസക്കാരിലും ഞങ്ങള്‍ അഭിമാനിക്കുന്നു. നിങ്ങളുടെ ദൃഢനിശ്ചയത്തിന് നന്ദി. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് നന്ദി. ഈ രാജ്യത്തിനായി നിങ്ങള്‍ ചെയ്യുന്ന എല്ലാത്തിനും നന്ദി.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഈദ് അൽ ഇത്തിഹാദ് സന്ദേശം നൽകി. യുഎഇ യുടെ എളിമയിലൂന്നിയ അടിത്തറയെ വികസനത്തിന്റെയും ഐക്യത്തിന്റെയും ആഗോള മികവിന്റെയും വിളക്കുമാടമാക്കി മാറ്റിയ യൂണിയന്റെ അസാധാരണമായ യാത്രയില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഊന്നിപ്പറഞ്ഞു.
ഈദ് അല്‍ ഇത്തിഹാദില്‍, യുഎഇ ക്ക് നൽകിയ അനുഗ്രഹത്തിന് ഞങ്ങള്‍ സര്‍വ്വശക്തനായ അല്ലാഹുവിന് നന്ദി പറയുന്നു. സ്ഥാപകരുടെ പാരമ്പര്യത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു, നമ്മുടെ രാജ്യത്തിന്റെ യാത്രയുടെ നാഴികക്കല്ലുകള്‍ ആഘോഷിക്കുന്നു, യുഎഇയിലെ ജനങ്ങള്‍ക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു – തന്റെ എക്‌സ് അക്കൗണ്ടില്‍ ശെയ്ഖ് മുഹമ്മദ് പറഞ്ഞു. ദിവസങ്ങൾ നീളുന്ന വൈവിധ്യമാർന്ന പരിപാടികളോടെ ദേശീയ ദിനം ആചരിക്കുകയാണ് യുഎഇ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല