സ്വന്തം ലേഖകൻ: യു.എസ് തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് മുമ്പ് ഒരു പൊതുചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് ആദ്യമായി നന്ദി രേഖപ്പെടുത്തിയത് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനും അദ്ദേഹത്തിന്റെ ഭാര്യയും അഭിഭാഷകയും ഇന്ത്യന്‍ വംശജയുമായ ഉഷ വാന്‍സിനുമായിരുന്നു. ട്രംപിന്റെ വാക്കുകളെ കൈയടികളോടെയാണ് ജനങ്ങള്‍ വരവേറ്റത്.
പിന്നീട് വാന്‍സിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തപ്പോള്‍ അന്ധ്രയിലെ വഡ്ലരു ഗ്രാമം ആഘോഷ തിമര്‍പ്പിലായിരുന്നു. ഉഷാ വാന്‍സിന്റെ കുടുംബാംഗങ്ങള്‍ ഇപ്പോഴും വഡ്ലൂരുവിലുണ്ട്. ഉഷയുടെ മാതാപിതാക്കളുടെ ജന്മനാടാണിത്. 1980 കളില്‍ അവര്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഉഷ ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്.
ഉഷയുടെ കുടുംബാംഗങ്ങളോടൊപ്പം അവധിയാഘോഷിക്കുന്ന വാന്‍സിന്റെ ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നീല ടീ ഷര്‍ട്ടും ജീന്‍സുമാണ് വാന്‍സിന്റെ വേഷം. അമേരിക്കയിലും ഇന്ത്യയിലുമായി താമസിക്കുന്ന ഉഷയുടെ കുടുംബത്തിലെ ഇരുപതോളം അംഗങ്ങളാണ് വാന്‍സിന്റെ വസതിയില്‍ സംഘടിപ്പിച്ച വിരുന്നില്‍ ഒത്തു ചേര്‍ന്നത്. ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കാര്‍ഷിക വിളവെടുപ്പിന് ശേഷം നന്ദി രേഖപ്പെടുന്ന എന്ന ഉദ്ദേശത്തോടെ പരമ്പരാഗതമായി നടത്തിവരുന്ന താങ്ക്സ് ഗിവിങ്ങ് ചടങ്ങിന് ഒത്തുചേര്‍ന്നതിന്റെ ചിത്രമാണിത്. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കരീബിയന്‍ ദ്വീപുകള്‍, ലൈബീരിയ തുടങ്ങിയ പ്രദേശങ്ങളില്‍ വിവിധ തീയതികളിലാണ് താങ്ക്സ്ഗിവിങ് ആഘോഷിക്കുന്നത്. നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ചയാണ് അമേരിക്കയില്‍ താങ്ക്സ്ഗിവിങ് ആഘോഷിക്കുന്നത്. ഇത്തവണ നവംബര്‍ 28നായിരുന്നു ആഘോഷം.
ഇന്ത്യയോട് അഗാധമായ അടുപ്പമാണ് വാന്‍സിന്. അമേരിക്കന്‍ ഹാസ്യനടനും അവതാരകനുമായ ജോ റോഗന്‍ അവതരിപ്പിക്കുന്ന ‘ദി ജോ റോഗന്‍ എക്സ്പീരിയന്‍സ്’ എന്ന പരിപാടിയില്‍ അദ്ദേഹം ഇന്ത്യന്‍ ഭക്ഷണസംസ്കാരത്തെ പ്രശംസിച്ചിരുന്നു. സംസ്കരിച്ച ഭക്ഷണ പദാര്‍ഥങ്ങളില്‍ നിന്ന് ഇന്ത്യയുടെ എരിവും പുളിയുമുള്ള വിഭവങ്ങളിലേക്ക് തന്നെ കൈപിടിച്ച് നടത്തിയത് ഉഷയാണെന്നാണ് വാന്‍സ് പറയുന്നത്. ഇരുവരും പ്രണയിച്ച് നടന്നിരുന്ന സമയത്ത് ഉഷയ്ക്കായി താന്‍ ഇന്ത്യന്‍ ഭക്ഷണം പാകംചെയ്ത് കൊടുത്തിരുന്നതായും വാന്‍സ് പറയുന്നു.
പാശ്ചാത്യരാജ്യങ്ങള്‍ സംസ്കരിച്ച ആഹാരസാധനങ്ങളുടെ പുറകെയാണെന്ന് പറഞ്ഞ വാന്‍സ് അവയെ ‘അമിതമായി സംസ്കരിച്ച മാലിന്യം’ എന്നാണ് വിശേഷിപ്പിച്ചത്. ‘നിങ്ങള്‍ക്ക് പച്ചക്കറി കഴിക്കണോ, സസ്യാഹാരിയാകണോ, എങ്കില്‍ ഇന്ത്യന്‍ ഭക്ഷണം കഴിക്കൂ. സസ്യ ഭക്ഷണത്തില്‍ ഇത്രയും വ്യത്യസ്തകളുണ്ടെന്ന് ഞാന്‍ മനസിലാക്കിയത് ഉഷയില്നിന്നാണ്. രുചിയുടെ ഒരു പുതിയ ലോകമാണ് അതെനിക്ക് തുറന്നുതന്നത്,’ വാന്‍സ് പറഞ്ഞു.
ഒഹായോയിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു വാന്‍സിന്റെ ജനനം. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേല്‍ ലോ സ്കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയ ഉഷയുടെ കുടുംബം സാന്‍ഫ്രാന്‍സിസ്കോയിലായിരുന്നു താമസിച്ചിരുന്നത്. ഉഷയുടെ ബാല്യകാലം അവിടെയായിരുന്നു ചെലവഴിച്ചിരുന്നത്. യെയ്ല്‍ സര്‍വകലാശാലയില്‍നിന്ന് ചരിത്ര ബിരുദവും കേംബ്രിഡ്ജ് സര്‍വകലാശാലയില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. നിയമത്തിന്റെ വഴിയേ പോകാനായിരുന്നു പിന്നീട് ഉഷയുടെ തീരുമാനം. തിരഞ്ഞെടുത്ത വഴി തെറ്റിയില്ലെന്ന് ഉഷ തെളിയിക്കുകയായിരുന്നു പിന്നീട്.
സുപ്രീംകോടതി ജസ്റ്റിസ് ജോണ്‍ റോബര്‍ട്സിനും ബ്രെറ്റ് കവനോവിനുമൊപ്പം ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. കരിയറിന്റെ തുടക്കത്തില്‍ത്തന്നെയായിരുന്നു ഈ പ്രവര്‍ത്തനപരിചയം എന്നതാണ് ഏറെ ശ്രദ്ധേയം. യെയ്ല്‍ ലോ സ്കൂളില്വെച്ചാണവാന്സും ഉഷയും പരിചയപ്പെടുന്നത്. ഈ പരിചയം 2014-ല്‍ വിവാഹത്തില്‍ കലാശിച്ചു. നിയമപഠനത്തിന്റെ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടേ ഉണ്ടായിരുന്നുള്ളൂ അവര്‍ ഈ സമയം. ഇവാന്, വിവേക്, മിറാബെല്‍ എന്നിങ്ങനെ മൂന്നുമക്കളുണ്ട്.
പൊതുപരിപാടികളിലും മറ്റും അത്ര സജീവമായിരുന്നില്ലെങ്കിലും ഭര്‍ത്താവിന്റെ രാഷ്ട്രീയ യാത്രയില്‍ ഉഷയുടെ സ്വാധീനം വളരെ പ്രകടമായിരുന്നു. ഗ്രാമീണ അമേരിക്കയിലെ സാമൂഹിക സമരങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ വാന്‍സിനെ സഹായിക്കുന്നതില്‍ ഉഷ ഒരു പ്രധാന പങ്കുവഹിച്ചു. ഇതുപിന്നീട് വാന്‍സിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഓര്‍മ്മക്കുറിപ്പായ ഹില്‍ബില്ലി എലിജിയുടെ അടിത്തറയായി. ഈ പുസ്തകത്തെ ആസ്പദമാക്കി റോണ്‍ ഹോവാര്‍ഡ് 2020-ല്‍ ഇതേപേരില്‍ ഒരു സിനിമയും ഇറക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല