സ്വന്തം ലേഖകൻ: അടുത്ത വർഷം മാർച്ച് മുതൽ ദുബായിൽ എല്ലായിടത്തും പ്രീമിയം പാർക്കിങ് നിരക്കുകൾ നടപ്പിലാക്കുമെന്ന് ഇത് കൈകാര്യം ചെയ്യുന്ന പാർക്കിൻ പിജെഎസ്സി അറിയിച്ചത് വെള്ളിയാഴ്ചയാണ്. പ്രീമിയം പാർക്കിങ് സ്ഥലങ്ങളുടെ ഫീസ് രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും മണിക്കൂറിന് 6 ദിർഹം ആയിരിക്കുമെന്നും. മറ്റ് എല്ലാ പൊതു പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങൾക്കും മണിക്കൂറിന് 4 ദിർഹം ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതടക്കം പാർക്കിങ് നിരക്കുകളില്‍ വന്ന മാറ്റങ്ങൾ വിശദമായി അറിയാം.
മെട്രോ, ബസ് സ്റ്റേഷനുകൾ, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റുകൾ, പ്രധാന ഷോപ്പിങ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയ പൊതുഗതാഗത കേന്ദ്രങ്ങൾ ഉൾപ്പെടെ ഉയർന്ന ഡിമാൻഡുള്ള പ്രദേശങ്ങളിലേയ്ക്ക് ഡ്രൈവർമാർക്ക് സൗകര്യപ്രദമായ പ്രവേശനം നൽകുന്നതിന് പ്രീമിയം പാർക്കിങ് സ്ഥലങ്ങളായി മാറ്റും. ഈ സോണുകൾ പാർക്കിൻ വെബ്സൈറ്റ്, പാർക്കിൻ മൊബൈൽ ആപ്പ് വഴിയും സമൂഹ മാധ്യമം വഴിയും കൂടുതൽ വ്യക്തമാക്കും. സൂചനാ ബോർഡുകളും താരിഫ് വിശദാംശങ്ങളും പ്രദർശിപ്പിച്ച് വ്യക്തമായി അടയാളപ്പെടുത്തുകയും ചെയ്യും.
പ്രീമിയം പാർക്കിങ് ഏരിയകൾ
ഒരു മണിക്കൂറിന് 6 ദിർഹം എന്ന നിരക്കിൽ ഒരു മെട്രോ സ്റ്റേഷന്റെ 500 മീറ്ററിനുള്ളിൽ, തിരക്കേറിയ സമയങ്ങളിൽ പാർക്കിങ്ങിന് പ്രയാസമനുഭവപ്പെടുന്ന താമസ സ്ഥലങ്ങൾ എന്നിവ കൂടാതെ, മാർക്കറ്റുകളും വാണിജ്യ പ്രവർത്തന മേഖലകളുമുള്ള സ്ഥലങ്ങളിലാണ് ആറ് ദിർഹം നിരക്ക് ഏർപ്പെടുത്തുക.
പ്രീമിയം പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ മൂന്ന് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുത്തത്: ഒന്നാമതായി, ഒരു മെട്രോ സ്റ്റേഷന്റെ 500 മീറ്ററിനുള്ളിലെ പ്രദേശത്തേയ്ക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം; രണ്ടാമതായി, തിരക്കേറിയ സമയങ്ങളിൽ ഉയർന്ന പാർക്കിങ് സ്ഥലങ്ങൾ; മൂന്നാമത്തേത്, മാർക്കറ്റുകളും വാണിജ്യ പ്രവർത്തന മേഖലകളും പോലെയുള്ള സാന്ദ്രതയും തിരക്കും.
പ്രീമിയം പാർക്കിങ് സ്ഥലങ്ങളിൽ ഉൾപ്പെടുന്നത് ദെയ്റ, ബർ ദുബായ്, ഡൗൺടൗൺ ദുബായ്, ബിസിനസ് ബേ, ജുമൈറ, അൽ വാസൽ റോഡ്, മറ്റ് സ്ഥലങ്ങളിലെ വാണിജ്യ മേഖലകളായിരിക്കും. നഗരത്തിലുടനീളം ഗതാഗതത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിലും വലിയ പരിപാടികൾ (കോൺഫറൻസുകൾ, എക്സിബിഷനുകൾ, ഉത്സവങ്ങൾ, സംഗീത കച്ചേരികൾ പോലുള്ളവ) നടക്കുമ്പോഴും. താരിഫുകളും ബാധകമായ സോണുകളും സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പാർക്കിൻ പിന്നീട് പ്രഖ്യാപിക്കും.
2025 ഫെബ്രുവരിയിൽ ആരംഭിക്കുന്ന പ്രധാന പരിപാടികളിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിന് ചുറ്റും പുതിയ നിരക്ക് ആരംഭിക്കുമെന്ന് ആർടിഎ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഇവന്റ് സോണുകൾക്ക് സമീപമുള്ള പൊതു പണമടച്ചുള്ള പാർക്കിങ് സ്ഥലങ്ങൾക്ക് പാർക്കിങ് നിരക്ക് മണിക്കൂറിന് 25 ദിർഹം ആയിരിക്കും.
ഇവന്റ് സമയത്ത് ഈ സോണുകൾ വ്യക്തമായി അടയാളപ്പെടുത്തും, താരിഫ് വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കുകയും പാർക്കിൻ വെബ്സൈറ്റിൽ പാർക്കിൻ മൊബൈൽ ആപ്പ് വഴിയും സോഷ്യൽ മീഡിയ ചാനലുകൾ വഴിയും ഇത് മനസിലാക്കാം. 2023 ഡിസംബറിൽ ആരംഭിച്ച പാർക്കിന് ദുബായിൽ എല്ലായിടത്തുമായി 200,000-ത്തിലേറെ പണമടച്ചുള്ള പാർക്കിങ് സ്പെയ്സുകൾ നിയന്ത്രിക്കുന്നതിന് (ആർടിഎ) യുമായി 49 വർഷത്തെ കരാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല