1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2024

സ്വന്തം ലേഖകൻ: ചെറിയ കുട്ടികളുമായി വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തും വിധം നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടുത്ത പിഴ മുന്നറിയിപ്പുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). യുഎഇ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിനിടെ ജനിച്ച കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് സൗജന്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കവെ, ആര്‍ടിഎ സിഇഒ ഹുസൈന്‍ അല്‍ ബന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നവജാതശിശുക്കള്‍ ഉള്‍പ്പെടെ ചെറിയ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. 10 വയസ്സിന് താഴെയുള്ള കുട്ടികളെയോ 145 സെന്‍റീമീറ്ററില്‍ താഴെയുള്ള കുട്ടികളെയോ മുന്‍ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ നിയമലംഘനത്തിന് 400 ദിര്‍ഹം പിഴ ചുമത്തും. കൂടാതെ 4 വയസ്സിന് താഴെയുള്ള കുട്ടികളെ ഉചിതമായ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സീറ്റുകളില്ലാതെ കൊണ്ടുപോകുന്നവര്‍ക്കും 400 ദിര്‍ഹം പിഴയായി ലഭിക്കും.

ദുബായിലെ 24 ആശുപത്രികളിലായി ഡിസംബര്‍ 1 നും 5 നും ഇടയില്‍ പ്രസവിച്ച അമ്മമാര്‍ക്ക് 450 ചൈല്‍ഡ് കാര്‍ സീറ്റുകള്‍ കൈമാറിയത്. ദുബായ് പോലീസ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി, യുനിസെഫ് എന്നിവയുള്‍പ്പെടെ ‘മൈ ബേബിസ് ഗിഫ്റ്റ് ഓണ്‍ ഈദ് അല്‍ ഇത്തിഹാദ്’ പദ്ധതിയുടെ പങ്കാളികളെയും പിന്തുണക്കാരെയും ആര്‍ടിഎയുടെ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ ഹുസൈന്‍ അല്‍ ബന്ന പ്രശംസിച്ചു.

ഈദ് അല്‍ ഇത്തിഹാദ് ആഘോഷവേളയില്‍ ദുബായിലെ ആശുപത്രികളിലെ എല്ലാ നവജാത ശിശുക്കള്‍ക്കും സൗജന്യ ചൈല്‍ഡ് കാര്‍ സീറ്റ് നല്‍കുന്നതാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷ വേളയില്‍ പ്രതീക്ഷിക്കുന്ന ജനനങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ആശുപത്രികള്‍ക്ക് നിരവധി കാര്‍ സീറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദുബായിലെ ട്രാഫിക് സേഫ്റ്റി സ്ട്രാറ്റജിക്ക് കീഴിലുള്ള പ്രത്യേക കമ്മ്യൂണിറ്റി ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. ‘മൈ ബേബിസ് ഗിഫ്റ്റ് ഓണ്‍ ഈദ് അല്‍ ഇത്തിഹാദ്’ എന്ന സംരംഭത്തിലൂടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഈദ് അല്‍ ഇത്തിഹാദ് ആഘോഷ വേളകളില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ 2,000 അമ്മമാര്‍ക്ക് ചൈല്‍ഡ് കാര്‍ സീറ്റുകള്‍ വിതരണം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.