1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2024

സ്വന്തം ലേഖകൻ: യാത്രക്കാരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ച് ശക്തമായ പെരുമാറ്റച്ചട്ടങ്ങളുമായി ദുബായ് മെട്രോ. അവ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴയാണ് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മുന്നോട്ടുവയ്ക്കുന്നത്.

ദുബായ് മെട്രോയിലേക്ക് ഓടിക്കയറുക, ക്യാബിന്‍ മാറിക്കയറുക, കുട്ടികളെ അശ്രദ്ധമായി കൈകാര്യം ചെയ്യുക, തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് കര്‍ശനമായ വിലക്കാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായ പിഴയില്‍ നിന്ന് രക്ഷപ്പെടാനും മറ്റുള്ളവരുടെ കൂടി യാത്ര സുഗമമാക്കാനും ദുബായ് മെട്രോ യാത്രക്കാര്‍ ഈ പെരുമാറ്റച്ചട്ടങ്ങള്‍ അറിഞ്ഞുവയ്ക്കുന്നത് നല്ലതാണ്.

ട്രെയിനിന്‍റെ വാതിലുകളില്‍ നില്‍ക്കുക, ക്യൂ ലംഘിച്ച് നീങ്ങുക, മറ്റ് യാത്രക്കാരെ പരിഗണിക്കാത്ത രീതിയില്‍ പ്രവര്‍ത്തിക്കുക തുടങ്ങിയവയും ദുബായ് മെട്രോ വിലക്കിയിട്ടുണ്ട്. ചില പ്രധാന കുറ്റകൃത്യങ്ങളുടെയും അവയുമായി ബന്ധപ്പെട്ട ശിക്ഷകളുടെയും വിശദാംശങ്ങള്‍ അറിയാം.

ചെറിയ കുറ്റങ്ങള്‍ – 100 ദിര്‍ഹം പിഴ

ഏതെങ്കിലും രീതിയിലുള്ള ശല്യം ഉണ്ടാക്കുകയോ മറ്റ് യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുകയോ ചെയ്യുക.
ഭിന്നശേഷിക്കാര്‍ പോലെയുള്ളപ്രത്യേക ഗ്രൂപ്പുകള്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ഇരിക്കുക.
നിരോധിത മേഖലകളില്‍ ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുക.
കാഴ്ച വൈകല്യമുള്ളവര്‍ക്കുള്ള വഴികാട്ടി നായ്ക്കള്‍ ഒഴികെ വളര്‍ത്തുമൃഗങ്ങളെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരിക.
മുന്നറിയിപ്പ് അടയാളങ്ങളുള്ള നോ അഡ്മിഷന്‍ മേഖലകളില്‍ പ്രവേശിക്കുക. യാത്രക്കാര്‍ക്കായി ഉള്ളതല്ലാത്ത ഇടങ്ങളില്‍ നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുക.
ഇരിപ്പിടങ്ങളില്‍ കാലുകള്‍ കയറ്റിവയ്ക്കുക. അവ കേടുവരുത്തുകയോ വൃത്തികേടാക്കുകകയോ ചെയ്യുക.
ലിഫ്റ്റും എസ്‌കലേറ്ററും ദുരുപയോഗം ചെയ്യുക.
മെട്രോയിലേക്ക് ഓടിക്കയറുകയോ ചാടിക്കയറുകയോ ചെയ്യുക.
വാഹനം നീങ്ങുമ്പോള്‍ വാതിലുകള്‍ തുറക്കുകയോ മെട്രോയിലേക്ക് കയറുകയോ ഇറങ്ങുകയോ ചെയ്യുക.
മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതോ സുരക്ഷാ അപകടമുണ്ടാക്കുന്നതോ ആയ സാധനങ്ങള്‍ കൊണ്ടുപോകുക.

മിതമായ കുറ്റകൃത്യങ്ങള്‍ – 200 ദിര്‍ഹം പിഴ

പൊതുഗതാഗതം ഉപയോഗിക്കുന്നതിനുള്ള ടിക്കറ്റില്ലാതെ ഫെയര്‍ സോണുകളില്‍ പ്രവേശിക്കുക.
ഒരു സാധുവായ നോല്‍ കാര്‍ഡ് കാണിക്കുന്നതില്‍ പരാജയപ്പെടുകയോ കാലഹരണപ്പെട്ടതോ അസാധുവായതോ ആയ കാര്‍ഡുകള്‍ ഉപയോഗിക്കുകയോ മറ്റുള്ളവരുടെ കാര്‍ഡുകള്‍ ഉപയോഗിക്കുകയോ ചെയ്യുക.
മുന്‍കൂര്‍ അനുമതിയില്ലാതെ നോല്‍ കാര്‍ഡുകള്‍ വില്‍ക്കുക.
തുപ്പല്‍, മാലിന്യം വലിച്ചെറിയല്‍ തുടങ്ങി ഏതെങ്കിലും രീതിയില്‍ മെട്രോയെ വൃത്തികേടാക്കുക.
ഏതെങ്കിലും പൊതുഗതാഗത സൗകര്യങ്ങളില്‍ വച്ച് പുകവലിക്കുക.
അനുമതിയില്ലാതെ സാധനങ്ങള്‍ വില്‍ക്കുകയോ പരസ്യം ചെയ്യുകയോ ചെയ്യുക.
ഇന്‍സ്‌പെക്ടര്‍മാരില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയോ അവരുടെ ചുമതലകള്‍ തടസ്സപ്പെടുത്തുകയോ ചെയ്യുക.
സൈന്‍ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിയമങ്ങള്‍ അവഗണിക്കുക.
ഡ്രൈവര്‍മാരെ തടസ്സപ്പെടുത്തുന്നതോ ശ്രദ്ധ തിരിക്കുന്നതോ ആയ പെരുമാറ്റങ്ങള്‍.
നിരോധിത സ്ഥലങ്ങളില്‍ ഉറങ്ങുന്നതിന് 300 ദിര്‍ഹമാണ് പിഴ

ഗുരുതരമായ കുറ്റകൃത്യങ്ങള്‍ – 1000 ദിര്‍ഹം പിഴ

ആയുധങ്ങള്‍, മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍, തീപിടിക്കുന്ന വസ്തുക്കള്‍ തുടങ്ങി അപകടകരമായ വസ്തുക്കള്‍ കൈവശം വയ്ക്കല്‍.
നിരോധിത മേഖലകളില്‍ പ്രവേശിക്കുക.
നിയുക്ത പ്രദേശങ്ങള്‍ക്ക് പുറത്ത് മെട്രോ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.