1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2024

സ്വന്തം ലേഖകൻ: ബഹ്‌റൈനിൽ സ്വകാര്യ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് ആശ്വാസകരമായി ഇൻഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച് ഗവൺമെൻറ് ഉത്തരവ് പുറത്തിറങ്ങി. ഇനി മുതൽ ജോലി അവസാനിപ്പിക്കുമ്പോൾ പ്രവാസികൾക്ക് ലഭിക്കേണ്ട അവരുടെ ഇൻഡമ്‌നിറ്റി ആനുകൂല്യം ഉടൻതന്നെ ബാങ്ക് അക്കൗണ്ടിൽ വരും.

പ്രവാസികളുടെ ഇൻഡെംനിറ്റി ആനുകൂല്യം സംബന്ധിച്ച് പുറത്തിറങ്ങിയ പുതിയ ഉത്തരവ് പ്രകാരം സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലേക്ക് തൊഴിലുടമകൾ പ്രതിമാസ വിഹിതമായി നൽകേണ്ടതുള്ള തുക, സ്വകാര്യ മേഖലയിലെ തൊഴിൽ അവസാനിപ്പിച്ച് പോകുന്ന പ്രവാസികൾക്ക് ഉടൻ തന്നെ അക്കൗണ്ടിൽ പുതിയ സംവിധാനം വഴി ലഭ്യമാകും. തൊഴിൽ അവസാനിച്ചാലുള്ള ആനുകൂല്യത്തിനായുള്ള നടപടിക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്. ഇതിനായി കാലതാമസം ഉണ്ടാകില്ലെന്നത് പ്രവാസികൾക്ക് ആശ്വാസകരമാകും.

തൊഴിൽ അവസാനിപ്പിച്ചാൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന പരിഷ്‌കാരമാണു ബാങ്ക് അക്കൗണ്ടിലേക്ക് ഇൻഡെംനിറ്റി തുക എത്തുന്നതിലൂടെ നടപ്പാകുക. തൊഴിൽ അവസാനിപ്പിച്ചശേഷം പ്രവാസികൾക്ക് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്താൽ sio.gov.bh എന്ന വെബ്‌സൈറ്റിലെ ഇ-സർവീസുകളിലൂടെ തങ്ങളുടെ ആനുകൂല്യങ്ങൾക്കായി ക്ലെയിം ചെയ്യാം.

എസ്.ഐ.ഒ വെബ്സൈറ്റിലെ ‘ഇ-സർവീസസ്’ വിഭാഗത്തിൽ ക്ലിക്ക് ചെയ്ത ശേഷം അഡ്വാൻസ്ഡ് ഇ-കീ ലോഗിൻ ഉപയോഗിച്ച് ഓതന്റിക്കേഷൻ നൽകുകയും IBAN നമ്പർ പരിശോധിക്കുകയും അതു തന്റേതുതന്നെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. തെറ്റുണ്ടെങ്കിൽ തിരുത്താനും പി.ഡി.എഫ് ഫോർമാറ്റിൽ IBAN അക്കൗണ്ട് വിശദാംശങ്ങൾ അറ്റാച്ചുചെയ്യാനും സംവിധാനമുണ്ട്.

ബനഫിറ്റ് ആപ്ലിക്കേഷൻ ‘നോൺ-ബഹ്റൈൻ ഇ.ഒ.എസ് അലവൻസ്’ വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം. ഇതിനായുള്ള നടപടിക്രമങ്ങൾ sio.gov.bh എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.