സ്വന്തം ലേഖകൻ: കടുത്ത വലതുപക്ഷ നിലപാടുകളുള്ള യു കെ റിഫോം പാര്‍ട്ടി ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ഭീഷണിയായി വളരുകയാണെന്ന് പുതിയ അഭിപ്രായ സര്‍വ്വേഫലങ്ങള്‍ കാണിക്കുന്നു. മോര് ഇന്‍ കോമണ്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് കഴിഞ്ഞയാഴ്ച നീജെല്‍ ഫരാജിന്റെ പാര്‍ട്ടി മൂന്ന് പോയിന്റുകള്‍ അധികമായി നേടി എന്നാണ്.
നവംബര്‍ 29 നും ഡിസംബര്‍ 2 നും ഇടയിലായി നടത്തിയ സര്‍വ്വേയില്‍ റിഫോം പാര്‍ട്ടി 21 ശതമാനം സ്കോര്‍ നേടി. ലേബര്‍ പാര്‍ട്ടിക്ക് രണ്ട് പോയിന്റുകള്‍ കുറഞ്ഞ് 26 ശതമാനത്തിലെത്തിയപ്പോള്‍ ഒരു പോയിന്റ് കുറഞ്ഞ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 28 ശതമാനത്തിലെത്തി.
കുടിയേറ്റം ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് വര്‍ത്തമാനകാല ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍. പുതുക്കിയ ഡാറ്റ പ്രകാരം 2023 ജൂണില്‍ അവസാനിച്ച വര്‍ഷത്തിലെ നെറ്റ് ഇമിഗ്രേഷന്‍ 9,06,000 ആയിട്ടുണ്ട്. നേരത്തെ ഇത് 7,40,000 എന്നായിരുന്നു കണക്കാക്കിയിരുന്നത്. ഇത്രയും വര്‍ദ്ധിച്ച നെറ്റ് ഇമിഗ്രേഷന്‍ മുന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കീര്‍ സ്റ്റാര്‍മര്‍, കുടിയേറ്റ നിരക്ക് കുറച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടികലും സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
2023 ഡിസംബറില്‍ അവസാനിക്കുന്ന വര്‍ഷത്തെ നെറ്റ് ഇമിഗ്രേഷനും പുന പരിശോധനയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഈ പുതിയ കണക്കുകള്‍ ഉയര്‍ത്തി, റിഫോം യു കെയുടെ നേതാവ് നെയ്ജെല് ഫരാജെ ജനങ്ങളോട് പറയുന്നത്, ബ്രിട്ടനിലെ നിരത്തുകളിലൂടെ യാത്ര ചെയ്യുന്നത് ഭയാനകമായ ഒരു അവസ്ഥയായി മാറിയിരിക്കുന്നു എന്നാണ്. മക്കളെയും കൊച്ചു മക്കളെയും സ്കൂളുകളിലെക്ക് അയയ്ക്കുന്നത് ഭയം ജനിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു എന്നാണ്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട മറ്റൊരു സര്‍വ്വേ ഫലത്തില്‍, റിഫോം യു കെ ലെബര്‍ പാര്‍ട്ടിയെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തുന്നുണ്ട്. എന്നാല്‍, ഇത്തരമൊരു ഫലം മറ്റൊരു സര്‍വ്വേയിലും ഉണ്ടായിട്ടില്ല എന്നതും ഒരു വസ്തുതയാണ്.
ബ്രെക്സിറ്റിന്റെ പേരില്‍ നാടിന്റെ അതിര്‍ത്തികള്‍ വിദേശികള്‍ക്കായി തുറന്നു കൊടുത്തു എന്നാണ് കീര്‍ സ്റ്റാര്‍മര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. ഇമിഗ്രേഷന്‍ സിസ്റ്റം നിയന്ത്രണത്തില്‍ കൊണ്ടു വരുന്നതിന് അവര്‍ ശ്രമിച്ചില്ല എന്നും അദ്ദേഹം ആരോപിക്കുന്നു. എന്നാല്‍, കുടിയേറ്റം നിയന്ത്രിക്കുന്നതിനായി ഏതെങ്കിലും വിധത്തിലുള്ള നയങ്ങളോ ലക്ഷ്യമോ പ്രഖ്യാപിക്കാന്‍ അദ്ദെഹം മടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല