സ്വന്തം ലേഖകൻ: വാഹന ഉടമയുടെ സ്ഥിരം മേല്‍വിലാസ പരിധിയില്‍ വരുന്ന മോട്ടോര്‍വാഹന ഓഫീസില്‍ അല്ലാതെ സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്ന നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി ഒരുക്കേണ്ട ക്രമീകരണങ്ങള്‍ നിര്‍ദേശിക്കുന്നതിനായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
വാഹനം സ്വന്തമാക്കുന്നയാളുടെ മേല്‍വിലാസം ഏത് ആര്‍.ടി.ഓഫീസിന്റെ പരിധിയിലാണോ അവിടെ രജിസ്‌ട്രേഷന്‍ അനുവദിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് ഒഴിവാക്കാനുള്ള നീക്കങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കേന്ദ്ര മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തിയെങ്കിലും അവ്യക്തയുണ്ടായിരുന്നു. ഇതൊഴിവാക്കുന്നതിനായി വീണ്ടും നിയമഭേദഗതിക്ക് കരട് പ്രസിദ്ധീകരിച്ച് സമയപരിധി കഴിഞ്ഞെങ്കിലും അന്തിമവിജ്ഞാപനം ഇറങ്ങിയിട്ടില്ല.
ഇതിനിടെ ആറ്റിങ്ങല്‍ സ്വദേശി നല്‍കിയ കേസില്‍, ഓഫീസ് പരിധി പരിഗണിക്കാതെ രജിസ്ട്രേഷന്‍ അനുവദിക്കാന്‍ ഹൈക്കോടതി വിധിക്കുകയും ചെയ്തിരുന്നു. ഇതില്‍ രജിസ്ട്രേഷന്‍ അനുവദിക്കാന്‍ സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ ഉത്തരവും ആശയക്കുഴപ്പത്തിനിടയാക്കി. ഒരു കേസില്‍ മാത്രം ബാധകമായ വിധി സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ ഇറങ്ങിയത്.
എന്നാല്‍, സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താതെ സംസ്ഥാനത്ത് ഉടനീളം ഇത് നടപ്പാക്കാന്‍ സാധിക്കില്ല. ഈ സര്‍ക്കുലര്‍ താത്കാലികമായി മരവിപ്പിച്ചുകൊണ്ടാണ് ഇതേപ്പറ്റി പഠിക്കാന്‍ സമിതി രൂപീകരിച്ചത്. എന്നാല്‍ പോലും കേന്ദ്രനയം പിന്തുടര്‍ന്ന് സംസ്ഥാനത്ത് എവിടെയും വാഹന രജിസ്ട്രേഷന്‍ അനുവദിക്കാമെന്ന നിലപാടിലാണ് മോട്ടോര്‍ വാഹനവകുപ്പ്. സംസ്ഥാനത്തെ സാഹചര്യത്തില്‍ ഇത് സുഗമമായി നടപ്പാക്കുന്നതിന് വെല്ലുവിളികളേറെയുണ്ട്.
തിരുവനന്തപുരത്തെ രജിസ്‌ട്രേഷന്‍ നമ്പര്‍ സീരീസായ കെ.എല്‍.01, എറണാകുളത്തെ കെ.എല്‍.07, കോഴിക്കോട്ടെ കെ.എല്‍.11 രജിസ്‌ട്രേഷനുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. ഓണ്‍ലൈനാണെങ്കിലും അപേക്ഷകള്‍ ഒന്നോ രണ്ടോ ഓഫീസുകളിലേക്ക് കേന്ദ്രീകരിക്കുന്നതും ബുദ്ധിമുട്ടാണ്. ഇതിനും പരിഹാരം കാണേണ്ടതുണ്ട്. കേന്ദ്രത്തിന്റെ അന്തിമവിജ്ഞാപനംവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്ന ഉപദേശവും വകുപ്പിന് ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല